1. പാരമ്പര്യം: ഉയരത്തിന്റെ കാര്യത്തില്‍ കുട്ടിയുടെ ജനിതക സ്വാധീനം നിര്‍ണായക പങ്കുവഹിക്കുന്നു. അച്ഛനമ്മമാര്‍ക്ക് മാത്രമല്ല, രക്തബന്ധത്തിലുള്ള മറ്റു കുടുംബാംഗങ്ങള്‍ക്കാര്‍ക്കെങ്കിലും ഉയരക്കുറവുണ്ടോ എന്നു മനസ്സിലാക്കിയിരിക്കണം. കുടുംബാംഗങ്ങള്‍ പലരും ഉയരം കുറഞ്ഞവരായ കാരണത്താല്‍ ഉയരക്കുറവുള്ള കുട്ടിയെ ഡോക്ടറെ കാണിക്കാന്‍ വൈകിക്കരുത്. പാരമ്പര്യമായ ഉയരക്കുറവില്‍ നല്ലൊരു ഭാഗം ചികിത്സയിലൂടെ പരിഹരിക്കാനാകും.
2. വൈകിയെത്തുന്ന സ്വാഭാവിക വളര്‍ച്ച: ഇതും പാരമ്പര്യമായി കാണപ്പെടുന്ന ഒരു വ്യതിയാനമാണ്. പത്താംക്ലാസ് വരെ അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ്‌വരെ ക്ലാസില്‍ ഏറ്റവും ചെറുതായിരുന്ന കുട്ടി ആ സമയത്ത് പെട്ടെന്ന് പൊക്കംവെച്ച് മറ്റുള്ളവരുടെ ഒപ്പമെത്തുന്നു. കൗമാരലക്ഷണങ്ങളും ഇക്കൂട്ടര്‍ക്ക് സാധാരണ വൈകിയാണ് വരുന്നത്.
3. ഗര്‍ഭാവസ്ഥയിലെ വളര്‍ച്ച മുരടിപ്പ്: ചില കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍തന്നെ നീളവും തൂക്കവും നന്നേ കുറവായിരിക്കും. ജനിതകവൈകല്യങ്ങള്‍, ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്ക് പോഷകാഹാരങ്ങളുടെ അഭാവം, അമ്മയ്ക്ക് ഗര്‍ഭകാലത്ത് വരുന്ന അസുഖങ്ങള്‍ ഇതൊക്കെയാണ് സാധാരണ വളര്‍ച്ച മുരടിക്കാന്‍ കാരണമാകുന്നത്. ഇങ്ങനെയുള്ള മിക്ക കുഞ്ഞുങ്ങളും ജനിച്ചതിനുശേഷം പെട്ടെന്നുതന്നെ അതിവേഗം വളര്‍ന്ന് മറ്റു കുഞ്ഞുങ്ങളോടൊപ്പമെത്തുമെങ്കിലും ചില കുഞ്ഞുങ്ങള്‍ക്ക് ഈ വളര്‍ച്ച കണ്ടില്ലെന്നുവരാം. ഇങ്ങനെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഭാവിയിലും ഉയരക്കുറവ് കണ്ടേക്കാം. ഒരളവുവരെ ഇത്തരം ഉയരക്കുറവും ശരിയായ സമയത്തുള്ള ചികിത്സയിലൂടെ പരിഹരിക്കാവുന്നതാണ്.
4. പോഷകാഹാരക്കുറവ്: ഭക്ഷണത്തിലെ പോഷകങ്ങളുടെ അഭാവം മാത്രമല്ല, വിവിധതരത്തിലുള്ള അസുഖങ്ങള്‍മൂലം ഭക്ഷണത്തിലുള്ള പോഷകങ്ങള്‍ ശരീരത്തിലേക്ക് മതിയായ അളവില്‍ ആഗിരണം ചെയ്യപ്പെടാതിരിക്കുന്നതും വളര്‍ച്ചക്കുറവിന് കാരണമാകാം. പ്രധാനമായും ഉദരരോഗങ്ങള്‍, കരള്‍, വൃക്ക, ഹൃദയം എന്നീ സുപ്രധാന അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍, പ്രമേഹം ഇതെല്ലാം വളര്‍ച്ചക്കുറവിന് കാരണമാകാം.
5. ഹൈപ്പോതൈറോയിഡിസം: ഉയരക്കുറവിന്റെ കാരണങ്ങളില്‍ ഇത്ര എളുപ്പത്തില്‍ പരിഹരിക്കാവുന്ന ഒരു അസുഖം വേറെയില്ല. അമിതവണ്ണം, അലസത, അമിതമായ ഉറക്കം, മലബന്ധം ഇതെല്ലാമാണ് മറ്റു പ്രധാന ലക്ഷണങ്ങള്‍. ചില കുട്ടികള്‍ക്ക് കഴുത്തിന്റെ മുന്‍ഭാഗത്ത് വീക്കം കണ്ടേക്കാം. മറ്റ് യാതൊരു രോഗലക്ഷണവുമില്ലാതെ ഉയരക്കുറവ് മാത്രമായും ഈ രോഗം പ്രത്യക്ഷപ്പെടാം. അതുകൊണ്ടുതന്നെ ഉയരക്കുറവുള്ള കുട്ടികള്‍ക്കെല്ലാം ഒരു പ്രാവശ്യമെങ്കിലും തൈറോയ്ഡിന്റെ പ്രവര്‍ത്തനക്കുറവുണ്ടോ എന്നറിയാനുതകുന്ന രക്തപരിശോധന ചെയ്യുന്നത് നല്ലതാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പലതരം സ്‌കാന്‍ നമ്മുടെ നാട്ടില്‍ ചെയ്യുന്നുണ്ടെങ്കിലും തൈറോയ്ഡിന്റെ പ്രവര്‍ത്തനം ശരിയായി വിലയിരുത്താന്‍ രക്തപരിശോധനയാണ് അഭികാമ്യം.