നമ്മള്‍ പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് പല കാര്യങ്ങളിലും ഉപദേശങ്ങള്‍ നല്‍കാറുണ്ട്. പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന പല കരുതലും ആണ്‍കുട്ടികള്‍ക്ക് നല്‍കാറില്ല.
പലപ്പോഴും നാം പെണ്‍കുട്ടികളെയും ആണ്‍കുട്ടികളേയും രണ്ട് തട്ടിലാണ് നോക്കിക്കാണുന്നത്. പെണ്‍കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും ആവോളം നല്‍കുമ്പോഴും നമ്മുടെ ആണ്‍കുട്ടികള്‍ക്ക് സ്വയം സംരക്ഷിക്കാനുള്ള കരുത്തുണ്ടെന്നാണ് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നത്. എന്നാല്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുന്നതു പോലെ ആണ്‍കുട്ടികളോടും പറയേണ്ട ചില കാര്യങ്ങളുണ്ട്.
ആണ്‍കുട്ടികളും ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരായേക്കാം
പെണ്‍കുട്ടികളുള്ള മാതാപിതാക്കളെ ഭയപ്പെടുത്തുന്ന വസ്തുതയാണ് കുഞ്ഞുങ്ങള്‍ക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ആണ്‍കുട്ടികള്‍ക്കും ഉണ്ടാകാം എന്ന് മാതാപിതാക്കള്‍ മനസിലാക്കണം. ഇന്ന് ഒരുതരത്തില്‍ പെണ്‍കുട്ടികളെക്കാള്‍ ലൈംഗീക അതിക്രമങ്ങള്‍ നേരിടുന്നത് പലപ്പോഴും ആണ്‍കുട്ടികളാണ.് പലപ്പോഴും അത് തുറന്നു പറയാറില്ല എന്നതാണ് സത്യം. ഒപ്പം നല്ലതും ചീത്തയുമായ സ്പര്‍ശനത്തെ കുറിച്ചും കുഞ്ഞുങ്ങളെ ബോധവാന്മാരാക്കണം. മോശമെന്ന് തോന്നുന്ന എന്ത് കാര്യങ്ങള്‍ സംഭവിച്ചാലും മാതാപിതാക്കളെ അറിയിക്കണമെന്നും കുഞ്ഞുങ്ങളെ പറഞ്ഞ് മനസിലാക്കുക.
ആണ്‍കുട്ടികള്‍ക്കും പെരുമാറ്റ മര്യാദകള്‍ ഉണ്ടാവണം
ഒരു പെണ്‍കുട്ടി വളര്‍ന്ന് വരുമ്പോള്‍ കേള്‍ക്കുന്ന കാര്യങ്ങളാണ് എങ്ങനെ ഇരിക്കണം നടക്കണം സംസാരിക്കണം എന്നിങ്ങനെ പലതരം നിര്‍ദ്ദേശങ്ങള്‍. നീ പെണ്‍കുട്ടിയാണ് അതിനാല്‍ നീ തനിച്ച് പുറത്ത് പോകരുത്, പെണ്‍കുട്ടികള്‍ ഇങ്ങനെ മാത്രമേ ഇരിക്കാന്‍ പാടുള്ളു, പെണ്‍കുട്ടികള്‍ ശബ്ദം ഉയര്‍ത്തരുത്, പെണ്‍കുട്ടികള്‍ വീട്ടുജോലികള്‍ ചെയ്ത് ശീലിക്കണം എന്നിങ്ങനെ പോകുന്നു മര്യാദ പഠിപ്പിക്കലുകള്‍. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും ഇത്തരത്തിലുള്ള പെരുമാറ്റ ചട്ടങ്ങള്‍ ബാധകമാണ്. എല്ലാത്തരത്തിലുമുള്ള ജോലി ചെയ്യാന്‍ ആണ്‍കുട്ടികളെ പരിശീലിപ്പിക്കുക. ഒപ്പം പെണ്‍കുട്ടികളെ ബഹുമാനിക്കണമെന്നും ആണ്‍കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കുക.
ആണ്‍കുട്ടികള്‍ക്കും കരയാം
ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ല എന്ന് ഒരിക്കലും അവരെ പറഞ്ഞ് പഠിപ്പിക്കരുത്. അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അവരെ ശീലിപ്പിക്കുക. തുറന്നു സംസാരിക്കാനും പറയുക.
സ്വന്തം സ്ഥലവും ചുറ്റുപാടും സൂക്ഷിക്കുക
സാധാരണ വീട് വൃത്തിയാക്കുക, വസ്ത്രം കഴുകുക എന്നിങ്ങനെയുള്ള ജോലികള്‍ പെണ്‍കുട്ടികളാണ് ചെയ്യേണ്ടതെന്ന ധാരണ ചെറുപ്പത്തിലേ തിരുത്തുക. നമ്മള്‍ ആയിരിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കേണ്ടത് ഒരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നുള്ള ധാരണ വളര്‍ത്തുക. അതിന് ആണ്‍- പെണ്‍ വ്യത്യാസത്തിന്റെ ആവശ്യമില്ല. ചൂലെടുക്കുന്നതിലോ വസ്ത്രം കഴുകുന്നതിലോ യാതൊരു തരത്തിലുമുള്ള നാണക്കേട് വിചാരിക്കേണ്ട ആവശ്യമില്ലെന്ന് ആണ്‍കുട്ടികളെ ബോധ്യപ്പെടുത്തുക.
ഭക്ഷണം പാകംചെയ്യാന്‍ ശീലിപ്പിക്കുക
അടുക്കള പണികള്‍ പെണ്‍കുട്ടികളുടെ ജോലിയാണെന്ന ചിന്ത ആണ്‍കുട്ടികളില്‍ ഉണ്ടാക്കരുത്. വിശപ്പ് എല്ലാവര്‍ക്കും തോന്നുന്ന വികാരമാണ്. അതിനാല്‍ ഭക്ഷണം ഉണ്ടാക്കുന്നതും ആര്‍ക്കു വേണമെങ്കിലും ആവാം. വിശക്കുമ്പോള്‍ സ്വയം ഭക്ഷണം പാകം ചെയ്ത് ശീലിക്കാന്‍ ആണ്‍കുട്ടികളെ പഠിപ്പിക്കാം.
സൗന്ദര്യ സംരക്ഷണം ആണ്‍കുട്ടികള്‍ക്കും ആവാം
മുഖ സൗന്ദര്യം ശ്രദ്ധിക്കുക, മുടിക്ക് കൃത്യമായ സംരക്ഷണം നല്‍കുക. സൗന്ദര്യ വര്‍ദ്ധനക്കായി സമയം മാറ്റിവെക്കുക എന്നതൊക്കെ പെണ്‍കുട്ടികളുടെ ശീലങ്ങളായാണ് പലരും പറയാറുള്ളത്. എന്നാല്‍ തങ്ങളുടെ രൂപത്തെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും ആണ്‍കുട്ടികള്‍ക്ക് കൃത്യമായ ധാരണ നല്‍കുക. സ്വന്തം സൗന്ദര്യം സംരക്ഷിക്കണമെന്നും, വ്യത്തിയായി വസ്ത്രം ധരിക്കണമെന്നും ആണ്‍കുട്ടികളെയും പറഞ്ഞ് പഠിപ്പിക്കുക.