എയര്‍ ഇന്ത്യയില്‍ നിന്ന് പുറത്തിറങ്ങി ആര്‍ഷ ഭാരതത്തിലേക്ക് കാലു കുത്തിയപ്പോഴേ.. അസഹ്യമായ രീതിയില്‍ ചാണകവും ഗോമൂത്രവും കലര്‍ന്ന ഗന്ധം മൂക്കിലേക്ക് അടിച്ച് കയറിയിരുന്നു. അത്രവലിയ ടൂറിസ്റ്റ് സ്ഥലം ആയിട്ടും എയര്‍ പോര്‍ട്ടില്‍ പ്രതീക്ഷിച്ചത്ര തിരക്കു കാണുന്നില്ല.
അച്ഛന്‍ നാഴികക്ക് നാല്‍പ്പത് വട്ടം പറയാറുണ്ട് ഇന്ത്യയെ കുറിച്ച്. അങ്ങനെ തലയില്‍ കയറിയ മോഹമാണ് ഇന്ത്യ കാണണം. ഇന്ത്യയുടെ ആത്മാവ് തൊട്ടറിയണം. അങ്ങനെയാണ് അമേരിക്കന്‍ സിറ്റിസണ്‍ ആയ പഴയ ഒരു ഇന്ത്യക്കാരന്‍ രാഘവന്റെ മകന്‍ ജീവന്‍ ഇന്ത്യ കാണാന്‍ ഇറങ്ങി തിരിച്ചത്. എയര്‍പോര്‍ട്ടിന്റെ പുറത്തിറങ്ങിയ അവന് കണ്ടത് നിരന്നു നില്‍ക്കുന്ന കാളവണ്ടികളും കുതിരവണ്ടികളും. ടാക്സി തപ്പിയിട്ട് മഷിയിട്ട് നോക്കാന്‍ പോലുമില്ല. ഇത് ചിലപ്പോള്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള അടവായിരിക്കും. കുതിരപ്പുറത്തും കാളവണ്ടിയിലും യാത്ര ചെയ്യാന്‍ ആര്‍ക്കായാലും മോഹം കാണുമല്ലോ...
' സാബ് വരൂ.. നമുക്ക് ഈ വണ്ടിയില്‍ പോകാം...'
ക്ലീന്‍ ഷെയ് വ് ചെയ്ത മുഖവുമായി ഒരു മധ്യവയസ്‌കന്‍ ജീവന് മുമ്പിലേക്ക് ചാടി വീണു. ബലമായി കൈയ്യിലുണ്ടായിരുന്ന ബാഗെടുത്ത് അയാളുടെ കുതിര വണ്ടിയില്‍ എടുത്ത് വെച്ചു. പാതി മനസ്സോടെ ജീവന്‍ അയാളുടെ കുതിരവണ്ടിയില്‍ കയറി. വണ്ടി എയര്‍പോര്‍ട്ടും കഴിഞ്ഞ് മുന്നോട്ട് കുതിച്ചു. വഴിയിലെവിടെയും ഒരു മോട്ടോര്‍ വാഹനവും കാണാത്തത് അയാളെ അത്ഭുതപ്പെടുത്തി. എല്ലായിടത്തും കുതിരവണ്ടികളും കാള വണ്ടികളും.
''ഹരേ.. സാബ്.. ഇതെന്താ ഇവിടെ ഇന്ന് മോട്ടോര്‍ വാഹന പണിമുടക്കാണോ... '
അയാള്‍ ആശ്ചര്യത്തോടെ വണ്ടിക്കാരനോട് ചോദിച്ചു.
' നിങ്ങള്‍ക്ക് ഇവിടുത്തെ കാര്യങ്ങളൊന്നും അറിയില്ലാലെ... പെട്രോള്‍ വില ലിറ്ററിന് 1000 കഴിഞ്ഞപ്പോള്‍ എല്ലാവരും കാറും ബസുമൊക്കെ വിറ്റു ഇതു പോലെ കാളവണ്ടിയും കുതിരവണ്ടിയും സ്വന്തമാക്കി.... ഇതേ ഉള്ളു ഇനി രക്ഷ'
അയാളുടെ വാക്കുകള്‍ കേട്ട് ജീവന്‍ അന്തംവിട്ട് വെളിയിലേക്ക് നോക്കി. പുറത്ത് റോഡരികില്‍ ഒരു പെട്രോള്‍ പംബ് അയാള്‍ കണ്ടു.
' വണ്ടികള്‍ ഇല്ലെങ്കില്‍ പിന്നെ എന്തിനാ ഈ പെട്രോള്‍ പമ്പ് ഇവിടെ തുറന്നു വെച്ചിരിക്കുന്നത്'
ജീവന്‍ വീണ്ടും സംശയം പ്രകടിപ്പിച്ചു.
' ഓ.. അതു പിന്നെ, വല്ലപ്പോഴും വല്ല്യ പണക്കാരുടെ മക്കള്‍ ഇതിലേ കടന്നു പോകും അവര്‍ക്ക് ഇന്ധനം നിറക്കാനാ... എണ്ണ അടിക്കാനായ് മാത്രെ 1000 കോടിയിലധിക്കം തിരിച്ചടക്കാത്ത വായ്പ്പ അവര്‍ക്ക് കിട്ടുന്നുണ്ടെന്നേ.....'
ചീറിപ്പാഴുന്ന വണ്ടികള്‍ക്കിടയില്‍ ജീവിച്ച ജീവന് അതൊക്കെ അവിശ്വസനീയമായിരുന്നു. വഴിയില്‍ ഒരു വന്‍ ഷോപിംങ് മാള് അയാള്‍ കണ്ടു... ശീതീകരിച്ച ആ കെട്ടിതത്തിനുള്ളില്‍ സ്വര്‍ണ്ണ മാലകള്‍ നിരവധി അണിഞ്ഞ് ഒരു ആജാനുബാഹു അരിയും മറ്റും ആളുകള്‍ക്ക് തൂക്കി കൊടുക്കുന്നു.
'ഇതാണോ ഇവിടുത്തെ ലുലു മാള്‍..'
ജീവന്‍ വീണ്ടും ചോദിച്ചു.
'അത് ലുലു മാള്‍ ഒന്നുമല്ല. ഇവിടുത്തെ റേഷന്‍ കടയാണ്. ഇതും സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ എഴുതി കൊടുത്തു അതു കൊണ്ട് ലോകത്തില്‍ എവിടെയും ഇല്ലാത്ത വിലയാ സാധനങ്ങള്‍ക്ക്.... ഒരു കിലോ അരിക്ക് 500 രൂപ ആയി ഇന്ന്... നാളെ ഇനിയും കൂടും'
റേഷന്‍ കട സ്വകാര്യ വത്കരിക്കുകയോ.. അവനാകെ അമ്പരന്നു.
' അതെന്താ സാധനങ്ങള്‍ക്ക് ഇത്ര വില.. നിങ്ങള്‍ സമരം ചെയ്യാറില്ലേ.... '
' സമരം ചെയ്തിട്ടൊന്നും കാര്യമില്ല സാറേ... ഇത് ഞങ്ങളുടെ കൈയ്യില്‍ നില്‍ക്കൂലാന്നാ.. കേന്ദ്രം പറയുന്നേ... മാത്രമല്ല... ഇനിയും കക്കൂസുകള്‍ കുറേ പണിയാനുണ്ടെന്നാ മന്ത്രി ജി പറഞ്ഞത്'
കക്കൂസുകള്‍ പണിയാന്‍ ആണ് 500 രൂപയെങ്കില്‍ കുഴപ്പമില്ല... അയാള്‍ സ്വയം ആശ്വസിച്ചു.
' ഇതെന്താ വഴി നീളെ ചാണകം മെഴുകിയ ചെറിയ കെട്ടിടങ്ങള്‍... '
ജീവന്‍ കുതിര വണ്ടിക്ക് പുറത്തേക്ക് തലയിട്ട് ആശ്ചര്യത്തോടെ ചോദിച്ചു.
' ഒന്നും പറയണ്ട സാറേ... അതെല്ലാം കേന്ദ്രം നല്‍കിയ കക്കൂസുകളാ... ഇപ്പോള്‍ അവിടെയാ എല്ലാരും താമസം..'
' അയ്യേ കക്കൂസില്‍ താമസിക്കേ... വൃത്തികേടായിരിക്കില്ലേ... ആകെ .. '
ജീവന്‍ അറപ്പോടെ ചോദിച്ചു.
'ഓ അങ്ങനെയൊന്നുമില്ല... സാറേ.. വല്ലതും തിന്നാലല്ലേ... അപ്പിയിടാനുണ്ടാവൂ... അതോണ്ട് ടാക്സ് അടച്ച് കടം കയറി മുടിഞ്ഞപ്പോള്‍ എല്ലാവരും വീട് വിറ്റ് കക്കൂസിലേക്ക് താമസം മാറ്റി. വെള്ളം ഇല്ലേലും കക്കൂസ് എപ്പോഴും വൃത്തിയായിരിക്കും'
ആ മനുഷ്യന്റെ വാക്കുകള്‍ ജീവനെ ശരിക്കും ആശയക്കുഴപ്പത്തിലാക്കി.
' വെള്ളവുമില്ലേ ഇവിടുത്തെ കിണറുകളില്‍... '
' എങ്ങനെ വെള്ളം ഉണ്ടാവനാ... സാര്‍ പുറത്തോട്ട നോക്കിയേ... വലിയ കെട്ടിടങ്ങള്‍ കണ്ടോ.... അവര്‍ മണ്ണിനടിയില്‍ നിന്ന് ഊറ്റിയെടുത്ത് കയറ്റി അയക്കുകയാണ് അവസാന തുള്ളി വെള്ളവും പുറം നാടുകളിലേക്ക്...'
എന്തൊരു കഷ്ടമാണ് ഈ നാട്ടിലുള്ളവരുടെ അവസ്ഥ പരിതാപത്തോടെ ജീവന്‍ ചിന്തിച്ചു.
'ഇവിടുള്ള ജനപ്രതിനിധികള്‍ ഒക്കെ എവിടെ പോയി.... അവരൊന്നും ഇത് കാണുന്നില്ലേ...'
' എന്ത് വര്‍ത്തമാനമാ സാറീ പറയുന്നേ... അവരൊക്കെ നാടിന് വേണ്ടി വിദേശത്തേക്ക് ടൂറ് നടത്തുന്ന അശാന്ത പരിശ്രമത്തിലാ... '
ആരോട് പറയാന്‍ നെടുവീര്‍പ്പോടെ ജീവന്‍ കുതിരവണ്ടിയില്‍ ചാഞ്ഞിരുന്നു. ചാണക മണം മൂക്കില്‍ അടിച്ചു കയറി വല്ലാതെ മനം പിരട്ടുന്നതായും തലവേദന എടുക്കുന്നതായും അവന് തോന്നി. മെഡിക്കല്‍ കോളേജ് എന്ന് എഴുതിയ ബോര്‍ഡ് കണ്ടപ്പോള്‍ വണ്ടിക്കാരനോട് വണ്ടി നിര്‍ത്താന്‍ പറഞ്ഞു. ഹോസ്പിറ്റലിന് അകത്തേക്ക് നടന്നു. ഹോസ്പിറ്റലിനും പുറത്തും അകത്തുമായി നിരവധി പശുക്കള്‍ പുല്ലു തിന്നുന്നു. ഇനിയിപ്പോള്‍ ഇത് മൃഗാശുപത്രി വല്ലതുമാണോ.. അയാളൊന്ന് ശങ്കിച്ചു നിന്നു. ബോര്‍ഡ് നോക്കി ഉറപ്പ് വരുത്തി അയാള്‍ ഷീട്ട് എഴുതുന്ന നേഴ്സിനരികിലേക്ക് നടന്നു.
' മാഡം, ഒരു ടോക്കന്‍ വേണം... പേര് ജീവന്‍ വയസ്സ് 32 '
' സോറി സാര്‍ ഇന്ന് ഗോമാതാക്കളെ നോക്കാന്‍ തന്നെ സമയമില്ല. സാര്‍ പോയി നാളെ വരൂ... നാളെ ഗോമാതാക്കള്‍ കുറവുണ്ടേല്‍ ചികിത്സ തരാം...'
മനുഷ്യന്മാര്‍ക്ക് ഇവിടെ ഒരു വിലയുമില്ലേ.. അയാള്‍ ആശ്ചര്യപ്പെട്ടു. പുറത്തിറങ്ങിയപ്പോള്‍ തലവേദന ശക്തമായത് പോലെ. അടുത്തുള്ള മെഡിക്കല്‍ ഷോപ്പിലേക്ക് ധൃതിയില്‍ നടന്നു പോയി.
'ചേട്ടാ, ഒരു പാരസറ്റാമോളോ.. ഡോളോ തരുമോ... ഭയങ്കര തലവേദന..'
അവിടെ വെള്ളയും വെള്ളേമിട്ട് നില്‍ക്കുന്ന ചേട്ടനോട് ജീവന്‍ ആവശ്യപ്പെട്ടു.
' സോറി സാര്‍, ഇവിടെ പാരസറ്റാമോളൊന്നും കിട്ടില്ല... ഹതാഞ്ജലി പ്രൊഡക്റ്റ്സ് മാത്രം കിട്ടുകയുള്ളു...'
അയാള്‍ വിനയ പുരസരം പറഞ്ഞു. ഇതു കണ്ടു കൊണ്ട് നിന്നിരുന്ന കുതിരവണ്ടിക്കാരന്‍ ധൃതിയില്‍ ജീവന്റെ അരികിലേക്ക് നടന്നു. എന്നിട്ട് പറഞ്ഞു.
' സാറേ... ഈ നാട്ടില്‍ രോഗത്തിന് മരുന്ന് ഹതാഞ്ജലി മാത്രമേ ഉള്ളു.. ഇംഗ്ലീഷ് മരുന്നൊന്നും കിട്ടില്ല..'
ഒന്നും മിണ്ടാതെ അയാള്‍ വണ്ടിയില്‍ കയറി വിഷണ്ണനായി ഇരുന്നു. എന്തു നാടാണിത്... അയാള്‍ നെടുവീര്‍പ്പിട്ടു.
' എനിക്കൊരു ചായ വേണം... ഏതെങ്കിലും ഹോട്ടലില്‍ നിര്‍ത്തോ....'
ജീവന്‍ കുതിരക്കാരനോട് ചോദിച്ചു.
' ഒരു ചായക്ക് ഇവിടെ 250 രൂപയാണ്... വിരോധമില്ലെങ്കില്‍ നിര്‍ത്താം...'
' വേണ്ട, വണ്ടി എയര്‍പോര്‍ട്ടിലേക്ക് തന്നെ പോട്ടെ... എനിക്കിവിടം മതിയായി.. '
ജീവന്‍ മരവിച്ച മനസ്സോടെ പറഞ്ഞു.
തിരിച്ച് പോകുന്ന വഴിയില്‍ ആകാശം മുട്ടേ... ഒരു കെട്ടിടം അയാളുടെ കണ്ണുകളില്‍ ഉടക്കി നിന്നു. ഏറ്റവും മുകളിലായ് പുഷ്പക ഗവേഷക കേന്ദ്രം എന്ന് എഴുതിയിട്ടുണ്ട്...
' ഹരേ, സാബ്... ഈ കെട്ടിടം ഏതാണ്..... എന്താണ് പുഷ്പക '
' ഓ, അത് മറ്റൊന്നുമല്ല സാര്‍, ആദ്യം വിമാനം കണ്ടു പിടിച്ചത് രാമായണത്തിലെ രാമനായിരുന്നത്രേ... അന്ന് വിമാനം രാമനോടിച്ചിരുന്നത് ചാണകം ഇന്ധനമാക്കിയിട്ടായിരുന്നുവെന്നാണ് ഇവരുടെ കണ്ടു പിടിത്തം. ചാണകത്തില്‍ നിന്ന് എങ്ങനെ ഇന്ധനം ഉണ്ടാക്കാമെന്ന ഗവേഷണമാണ് ഈ കെട്ടിടത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്...'
ജീവന്‍ ആകെ വണ്ടറടിച്ചു നിന്നു.... കുതിരക്കാരന്‍ തുടര്‍ന്നു.
'ഇതിലും വലിയ ഒരു കെട്ടിടമുണ്ട് അടുത്ത ടൗണില്‍. ഗോമൂത്രം കൊണ്ട് പെട്രോള്‍ ഉണ്ടാക്കാനുള്ള ഗവേഷണം ആണ് അവിടെ നടക്കുന്നത് വേണമെങ്കില്‍ അവിടേക്ക് പോകാം'
' അയ്യോ വേണ്ടായേ... വണ്ടി നേരെ എയര്‍ പോര്‍ട്ടിലോട്ട് പോട്ടെ... '
കൈ കൂപ്പികൊണ്ട് ജീവന്‍ അയാളോട് പറഞ്ഞു. എയര്‍ പോര്‍ട്ടിലെത്തി വലിയൊരു തുക കൂലിയായി കുതിരക്കാരന് നല്‍കി ജീവന്‍ അയാളോട് ചോദിച്ചു.
' ഇതെന്താ ഇവിടുള്ളവരെല്ലാം കാവി ടൗസര്‍ മാത്രം ധരിച്ചിരിക്കുന്നത്... അങ്ങനെ വല്ല നിയമവുമുണ്ടോ..'
'നിയമമൊന്നുമില്ല സാര്‍ പക്ഷെ കാവി അണിയാത്തവര്‍ പാകിസ്ഥാനിലേക്ക് പോകാനാണ് കേന്ദ്ര ഉത്തരവ്..... ഇവിടെ കാവി അണിഞ്ഞവര്‍ മാത്രം മതിയെന്ന്... അതില്‍ പിന്നെ എല്ലാവരും ഇങ്ങനാ..'
ജീവന്റെ അടിമുടി അരിശം ഇരച്ചു കയറി.. കോപത്തോടെ അയാള്‍ കുതിരക്കാരനോട് തട്ടിക്കയറി.
'അല്ല സുഹൃത്തേ അറിയാന്‍ വയ്യാത്തോണ്ട് ചോദിക്കുവാ... ഇവിടുള്ളവരൊക്കെ മണ്ടന്മാരായ് അഭിനയിക്കുവാണോ... അതോ ശരിക്കും മണ്ടന്മാരാണോ..'
' അതൊന്നും അറിയൂല സാറേ... പക്ഷെ എല്ലാം നാടിന്റെ നന്മയ്ക്കാണെന്ന് ഓര്‍ക്കുമ്പോഴാ ഒരാശ്വാസം...'