കറുമ്പിപ്പെണ്ണ്- ചെറുകഥ

Shalinivijayan
കറുമ്പിപ്പെണ്ണ്-  ചെറുകഥ

“ഇങ്ങനെ പോയാൽ രണ്ടിനേം പിടിച്ച് ഒരുവന് കെട്ടിച്ചു കൊടുക്കേണ്ടി വരുമല്ലോ….” തലേ ദിവസത്തെ മീൻകറിച്ചട്ടിയിൽ ചോറിട്ട് കുഴച്ച് പരസ്പരം വാരികഴിപ്പിക്കുന്ന എന്നേം ശ്വേതയേയും നോക്കിട്ടാണ് അമ്മായി അത് പറഞ്ഞത്. “അമ്മായി എനിക്ക് പൂർണ സമ്മതാട്ടോ… അമ്മായീടെ ബന്ധത്തിൽ ആരേലും ഉണ്ടോ?” “ഛീ …തർക്കുത്തരം പറയുന്നോ അസത്തേ ….” അതും പറഞ്ഞ് മുഴുത്ത ഒരു കിഴുക്ക് അമ്മ എന്റെ തലയിൽ തന്നു .. ഞാൻ ശ്യാമയും അവൾ ശ്വേതയും … പേരിന്റെ നേരെ വിപരീതമായിരുന്നു ഞങ്ങളുടെ നിറങ്ങൾ…മണിക്കൂറിന്റെ വ്യത്യാസത്തിൽ ഞാനാദ്യം പിറന്നതിനാൽ ചേച്ചിപ്പെണ്ണിന്റെ സ്ഥാനം അവളെനിക്ക് നൽകി. പരസ്പരം മനസ്സിലാക്കി അറിയാൻ തുടങ്ങിയ കാലം തൊട്ട് ഇന്നുവരെ ഒരുമിച്ചെ ഞങ്ങൾ ഉണ്ണുകയും ഉറങ്ങുകയും യാത്ര ചെയ്യുകയും ചെയ്തിട്ടുള്ളൂ… ചെറുപ്പകാലം തൊട്ട് വീതം കിട്ടിയ മിഠായികൾ ചവച്ചരച്ച് വായിൽ നിന്നും ഉമിനീരോടു കൂടിയെടുത്ത് പരസ്പരം കഴിച്ചിട്ടുണ്ട് ഞങ്ങൾ … ഇപ്പോഴും അതിനു മാറ്റമൊന്നും വന്നിട്ടില്ല.

മിക്കപ്പോഴും കുരുത്തക്കേടുകൾ ഒപ്പിച്ചതിന് അച്ഛന്റ കൈയിൽ നിന്നും എനിക്ക് കിട്ടിയ അടിയുടെ വേദനകൾ പൊള്ളിച്ചത് അവളുടെ ഹൃദയത്തിലായിരുന്നു. വളർന്നു വന്ന് പ്രായം പതിനെട്ട് കഴിഞ്ഞപ്പോഴും ഞങ്ങളുടെ രീതികൾ മാറ്റ മില്ലാതെ തുടർന്നുകൊണ്ടിരുന്നു. “അമ്മാ …. ഞങ്ങളെ ഒരു വീട്ടിലേ സഹോദരങ്ങൾക്ക് തന്നെ കെട്ടിച്ചു വിട്ടാ മതീട്ടോ….” തമാശയ്ക്കാണെങ്കിലും ഞാനത് പറഞ്ഞപ്പോഴേക്കും അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി …. ഈ കാണുന്ന സ്നേഹം ഒരേ വീട്ടിൽ ചെന്നാൽ കാണത്തില്ല പിള്ളേരെ… അമ്മയുടെ വാക്കുകൾ നേരുള്ളവയാണെന്ന് പിന്നീടാണെനിക്ക് മനസ്സിലായത് … എന്നെ പെണ്ണു കാണാൻ വന്ന മാധവദാസിനും വീട്ടുക്കാർക്കും ഇഷ്ടപ്പെട്ടത് എണ്ണ കറുപ്പുള്ള അവളുടെ അഴകിനോടായിരുന്നു.. അവളുടെ നിറത്തെയും ഭംഗിയേയും കുറിച്ചുള്ള ചർച്ചകൾ ചൊടിപ്പിച്ചത് എന്നെയായിരുന്നു. ആ നിമിഷങ്ങളിൽ രോഷം മനസ്സിൽ കടിച്ചമർത്തി മുഖത്തൊരു പുഞ്ചിരി വരുത്തി ഞാനവരുടെ മുന്നിൽ മണിക്കൂറുകൾ തള്ളി നീക്കി… അന്ന് തൊട്ടെനിക്കവളോട് കുശുമ്പ് തുടങ്ങിയിരുന്നു … കൂടെപ്പിറപ്പെന്ന ബന്ധം മറന്ന് ഊൺമേശയിലും അടുക്കളയിലും എന്തിനേറെ ഒരു കട്ടിലിൽ നിന്നു പോലും അകലം കാണിച്ചു. പലതും പറഞ്ഞ് കുറ്റപ്പെടുത്തി ഞാൻ . കൂടുതലായും അവളുടെ എണ്ണക്കറുപ്പിനെ ച്ചൊല്ലി പരിഹസിക്കുകയാണുണ്ടായത്… ഒരു നേർത്ത പുഞ്ചിരിയോടെയാണ് അവളതെല്ലാം എതിരെറ്റത്… പതിയെ ഇണക്കുരുവികളുടെ പാട്ടു നഷ്ടപ്പെട്ട അവസ്ഥ പോലെയായി വീട് .. എങ്ങും നിശബ്ദത മാത്രം … ഒരിക്കൽ അമ്മയുടെ മടിയിൽ തലചേർത്തു റങ്ങുന്ന അവളെ ഞാൻ പറ്റാവുന്നതിൽ കൂടുതൽ പരിഹസിച്ചു. എന്റെ പേര് നിനക്കായിരുന്നു നന്നായി ചേരുക…. അത് കേട്ടതും അവൾ ഒരൊറ്റ ഓട്ടമായിരുന്നു.

കതകടച്ചിരിക്കുന്ന അവൾ കരയുകയാണോ ഉറങ്ങുകയാണോ എന്നു പോലും ഞാനന്വേഷിക്കാൻ ശ്രമിച്ചില്ല…. നിന്റെ കുശുമ്പിത്തിരിക്കൂടുന്നുണ്ട് …. അമ്മ പരാതി പറയുമ്പോഴും ഞാനത് കേൾക്കാത്ത ഭാവത്തിൽ കേട്ടു നിന്നു… പിന്നീടുള്ള ഓരോ ദിവസവും അവൾ എന്നോടും അകന്നു പെരുമാറി. അങ്ങനെ പെണ്ണുകാണലിന്റെ പക അവൾക്കു മേൽ അടിച്ചേൽപ്പിച്ചു കൊണ്ടിരുന്ന നേരത്ത് അപ്രതീക്ഷിതമായിട്ടാണ് എനിക്ക് മറ്റൊരു ആലോചനയുമായി മനുവിന്റെ വരവ് … സമ്മതം മൂളാതെ നിന്ന എനിക്കു മുന്നിൽ ശ്വേത വീണ്ടും ഉപദേശകയുടെ രൂപത്തിൽ വന്നു … എന്നെ വേഗം പറഞ്ഞയക്കാൻ നിനക്ക് തിരക്കിത്തിരി കൂടുതലാണല്ലോ? എങ്കിലല്ലേ നിനക്ക് …. വാക്കുകൾ പൂർത്തിയാക്കും മുൻപേ മറുത്തൊന്നും പറയാതെ അവൾ എന്റെ മുറിയിൽ നിന്നിറങ്ങി പോയി.. ആ സമയത്ത് അതൊന്നും പറയണ്ടായിരുന്നുവെന്നൊരു തോന്നൽ പിന്നീടാണുണ്ടായത് . ഞാൻ മുറിവേൽപ്പിച്ചത് എന്റെ കുഞ്ഞനുജത്തിയെ യാണെന്ന കാര്യം മറന്നു പോയിരുന്നു ഞാൻ. എന്റെ കല്യാണത്തിന് എന്റെ മനസ്സിനിണങ്ങിയ വസ്ത്രങ്ങളും ആഭരണങ്ങളും അവളായിരുന്നു സെലക്ട് ചെയ്തത്. എന്റെ ഇഷ്ടങ്ങളെ തൊട്ടറിഞ്ഞ അവളുടെ മനസിനെ വെറുപ്പോടെ തട്ടിത്തെറിപ്പിക്കുകയായിരുന്നു ഞാൻ . അവളൊരു ചിരിച്ച മുഖവുമായി എല്ലായിടത്തും ഓടിനടക്കുന്നതും ഒരു വേർപാടിന്റെ കാർമേഘം മൂടി കെട്ടിയതുപോലെ നിന്നിട്ടും ഞാനവളെ മൈന്റ് ചെയ്തില്ല. കല്യാണ പന്തലിൽ നിന്നിറങ്ങും നേരം എല്ലാവരോടും അനുവാദം ചോദിച്ചെങ്കിലും അവളുടെ സമീപത്തൂടെ ഞാൻ വരാലിനെ പോലെ കുതിച്ചു നീങ്ങി. ഒരു നേർത്ത വിങ്ങലായി അവളങ്ങനെ നിന്നു. കല്യാണം കഴിഞ്ഞതിന്റെ രണ്ടു ദിവസം കഴിഞ്ഞുള്ള വീട്ടിലേക്കുള്ള വിരുന്നിനിടയിലും മനുവേട്ടന്റ കൈ തണ്ടയിൽ ചേർന്ന് പിടിച്ച് ഞാനവളുടെ മുന്നിൽ വിലസി നടന്നു.

മൂടിവെയ്ക്കാൻ പറ്റാത്ത പലതും ഞാനവളോട് മാത്രമായിട്ടേ മുൻപൊക്കെ പറഞ്ഞിട്ടുള്ളൂ. പക്ഷേ കല്യാണം കഴിഞ്ഞ ശേഷം ഒരു പാട് വിശേഷങ്ങൾ പറയാനുണ്ടായിട്ടും ഒന്നു പോലും പറയാനാകാതെ തളർന്നു പോവുകയായിരുന്നു ഞാൻ .. എല്ലാവരുടെയും ചർച്ച ഞങ്ങളുടെ അകൽച്ചയെക്കുറിച്ച് മാത്രമായിരുന്നു. ഒന്നിനും മറുപടി പറയാതെ ഞാനും കുഴങ്ങി. പിന്നീട് ഒരു വർഷത്തിനുശേഷമായിരിന്നു അവളുടെ കല്യാണക്കാര്യത്തെക്കുറിച്ച് അച്ഛൻ സൂചിപ്പിക്കുന്നത്. മാധവദാസുമായുള്ള അവൾടെ കല്യാണം…. വെറുപ്പായിരുന്നു വീണ്ടും തോന്നി തുടങ്ങിയത്. മോളങ്ങോട്ടോക്കെ പോര്…..ശ്വേതയുടെ കല്യാണമല്ലേ എന്നച്ഛൻ പറഞ്ഞപ്പോഴും യാതൊരു ഉത്സാഹവും തോന്നിയില്ല. മാധവദാസുമായുള്ള കല്യാണത്തിന് സമ്മതമല്ലെന്നും അവൾക്ക് മറ്റൊരാലോചന നോക്കുന്നുണ്ടെന്നും അമ്മ പറഞ്ഞപ്പോൾ കേട്ടതൊന്നും വിശ്വസിക്കാതെ തരിച്ചുനിന്നു പോയി ഞാൻ. അവളെ നേരിടാനുള്ള ചങ്കുറപ്പില്ലാത്തതുകൊണ്ട് എല്ലാം മനസ്സിലൊതുക്കി ഞാൻ. കല്യാണപ്പന്തലിൽ അവൾ എന്നെക്കാളും സുന്ദരിയായി മിന്നിത്തിളങ്ങി നിന്നു. അവളുടെ യാത്ര പറച്ചിലിൽ കണ്ടു നിന്നവരൊക്കെ കൂടെ കരഞ്ഞു പോയി. അങ്ങനെ പല ദിവസങ്ങളും ആഴ്ച്ചകളും വേഗം കടന്നു പോയി… ഒരിക്കൽ ടൗണിൽ വച്ച് മാധവദാസിനെ കാണാനിടയായി. അവളുടെ ജീവിതത്തിൽ നീ കഴിഞ്ഞേ മറ്റെന്തിനും സ്ഥാനമുള്ളൂവെന്ന് പറഞ്ഞപ്പോൾ ….ശരീരമാകെ ഒരു തരം വിറയൽ അനുഭവപ്പെട്ടു. അറിഞ്ഞതെല്ലാം അമ്മയോട് വിശദീകരിച്ച് പറഞ്ഞപ്പോഴും മറുപടി പറയാതെ അമ്മയും വിതുമ്പി നിന്നു… അപ്പൊൾ അമ്മയും എല്ലാം മൂടിവെച്ചതാണോ? അമ്മ മാത്രമല്ല …. ഈ അച്ഛനും ….. നിന്റെ നൻമയെക്കരുതി അവളെല്ലാം ഉപേക്ഷിക്കയായിരുന്നു….

ചിലരെ വേദനിപ്പിച്ചതിന് ദൈവം തരുന്ന ശിക്ഷകൾ ചിലപ്പോൾ മറ്റൊരു രൂപത്തിലായിരിക്കും… ചിലപ്പോൾ ജീവിതക്കാലം മുഴുവനും ഓർത്തോർത്ത് കരയാനുള്ള വേദനകൾ….. വിട്ടുമാറാത്ത വേദനയുമായി ആശുപത്രികൾ കയറിയിറങ്ങേണ്ടി വന്നപ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം വയറ്റിൽ ഒന്നു രണ്ടു ചെറിയമുഴകൾ എന്ന രൂപത്തിൽ ശരീരത്തിൽ നിന്നും യൂട്രെസ് നീക്കം ചെയ്യപ്പെട്ടു.അതോടെ ഒരു അമ്മയാവുകയെന്ന മോഹം ഞാനും ഉപേക്ഷിച്ചു. ഇതിനിടയിലാണ് ശ്വേത അമ്മയാകാൻ പോകുന്ന വിശേഷം ഞാനറിഞ്ഞത്. ഒരു കൺമണിയെ തലോടാനായി ഞാനും ഏറെ കൊതിച്ചിരുന്നുവെന്നത് മറ്റൊരു സത്യവും ആയിരുന്നു. അവളുടെ പ്രസവം കഴിഞ്ഞെന്നും പറഞ്ഞ് അച്ഛൻ ഫോൺ വിളിച്ചപ്പോൾ മാത്രമായിരുന്നു അവളെന്റെ കുഞ്ഞനുജത്തിയെന്ന ബോധം എന്നിലുണ്ടായത്. ആശുപത്രിയിൽ വച്ച് അവൾ പ്രസവിച്ച ഇരട്ടകളിലൊന്നിനെ അമ്മിഞ്ഞപാലിന്റെ മാധുര്യം നുകരും മുൻപേ തന്നെ അവളെന്റെ കൈകളിൽ ഏൽപ്പിച്ചു. “ശ്യാമാ… ഞാനെന്റെ കുഞ്ഞിനെ സ്നേഹിക്കുന്നതിലേറെ നിനക്ക് എന്റെ കുഞ്ഞിനെ നിന്റെ സ്വന്തം കുഞ്ഞായി സ്നേഹിക്കാനും തലോടാനും പറ്റും .. ഏട്ടനും മറ്റെല്ലാവർക്കും പൂർണ സമ്മതം തന്നെയാ ….. അവള് നിന്റൊപ്പം വളരട്ടെ.. അതാണ് നല്ലത്…” കൂടി നിന്നവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. അന്നായിരുന്നു എന്റെ കുഞ്ഞനുജത്തിയുടെ സ്ഥാനമെനിക്ക് മനസ്സിലായത്. ഞാനെന്റെ കൈകളിൽ ആ കുറുമ്പിയെ…. അല്ല അവളുടെ പ്രാണനെ ഏറ്റുവാങ്ങുമ്പോൾ എന്നിലെ മാതൃത്വം നിറഞ്ഞു തുളുമ്പുകയായിരുന്നു…

കടപ്പാട് ;വളപ്പൊട്ടുകള്‍
 

 

short story- about family relationship-karumbipeenu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES