നിഴൽ വെട്ടങ്ങൾ മിന്നിമറയും
ചുടുകാടതി ല്ച്ചുരുൾമുടി പിന്നി
യാമം നുള്ളി വിഴുങ്ങിയ ഗർഭിണി
പ്രേതം കുരവകളിട്ടു ചിരിയ്ക്കെ
മതമണമുള്ളൊരു നാട്ടിൽ വളർന്നിട്ട
കതാരിൽ മുറിവേറെ നിറഞ്ഞോൾ
വിഷബീജത്തിൻ വിത്തു മുളയ്‌ക്കെ
വെട്ടിമുറിച്ചുകരീലാഞ്ചിക്കരി
വള്ളിക്കൂട്ടിൽ ചുറ്റി വരിഞ്ഞ്
നീതിക്കണ്ണുകൾ മൂടിക്കെട്ടി
കുഴിമാടത്തിൽ മൂടപ്പെട്ടവൾ
യാമത്തിൻ്റെ പൂജയ്ക്കായ് മണി
നാദം കിലുകിലെ കേൾക്കും നേരം
രൗദ്രത പൂണ്ടവൾ വായ തുറന്ന്
മുഷ്ടിച്ചുരുട്ടി മുടികൾ പിഴുത്
ദൃഷ്ടിയുരുട്ടി തീക്കളമിട്ടവൾ
ചുറ്റിച്ചാടിച്ചു ട ലക്കുഴിയുടെ
ചുറ്റുവരമ്പിലലറി കൊണ്ടവൾ
മാനത്തമ്പിളി, മേഘക്കീറുകൾ
കൊള്ളികൾ മിന്നി വെളിച്ചം കാൺകെ
യോനിച്ചാല് വലിച്ച് പിളർന്നതി
നുള്ളിലുറങ്ങിയ കുഞ്ഞിക്കാല്
വലിച്ചിട്ട വളത് മോഷക്കല്ലിൽ
കംസകരങ്ങളുണർന്നു യരുമ്പോൾ
നിഴൽകാടുകളുടെ മറയിൽ
കൂടിയ നിഴൽ ബിംബങ്ങൾ
നിദ്ര മുറിച്ചു ലഹരി ക്കൂട്ടിൽ
കത്തിയെരിഞ്ഞൊരു കാടപ്പെണ്ണിൻ
കായം തിന്നു രസിപ്പേൻ
കായം തിന്നു രസിപ്പേൻ
നാണം വ്രണമായ് നാവു മുറിഞ്ഞൊരു
തേങ്ങലുണർന്നു വരുന്നതു കണ്ടേ
നിഴൽകാടുകളിൽ നിലവിളി കേട്ടേ
നിഴൽ ബിംബങ്ങൾ മാഞ്ഞു മറഞ്ഞേ
നേരിന്നമ്പുകൾ വായിൽ നിന്ന്
ചോര പുരട്ടിയൂരി വലിച്ച്
ആനച്ചിന്നം നീട്ടി വിളിച്ച്
ഞാണില്ലാത്തൊരു വില്ല് വളച്ച്
ഞാണിന് നാവ് കൊരുത്തു വലിച്ച്
നീതിക്കണ്ണിന് വേഗത കൂട്ടാൻ
നാരികൾ വില്ലു കുലച്ചു വരുന്നേ
നാരികൾ വില്ലു കുലച്ചു വരുന്നേ
കടപ്പാട്: പോതുപാറ മധുസൂദനൻ