'വട മഞ്ജു വിരട്ട്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ അശോക് കുമാര്‍ (മുരുക അശോക്) അപകടത്തില്‍പ്പെട്ടു. ജല്ലിക്കട്ടിന്റെ വകഭേദമായ മഞ്ജു വിരട്ട് പ്രമേയമാക്കി ചിത്രീകരണം പുരോഗമിക്കുമ്പോഴായിരുന്നു സംഭവം. ചിത്രത്തിനായി കൊണ്ടുവന്ന കാളയോടൊപ്പം രംഗം അവതരിപ്പിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാള ആക്രമിച്ചത്. നെഞ്ചിന് താഴെ ഭാഗത്താണ് നടന് പരുക്ക് ഉണ്ടായത്. സമയോചിതമായി മാറിനില്‍ക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. ഉടന്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കിയ ശേഷമാണ് ചിത്രീകരണം തുടര്‍ന്നത്.
''മുറിവ് കുറച്ച് കൂടി മുകളില്‍ ആയിരുന്നെങ്കില്‍ അത് നെഞ്ചിലേക്ക് കയറുമായിരുന്നെന്ന്'' അശോക് കുമാര്‍ പ്രതികരിച്ചു. ''ദൈവത്തിന്റെ അനുഗ്രഹത്താല്‍ രക്ഷപ്പെട്ടു. എല്ലാവരും കാണിച്ച സ്നേഹത്തിനും അന്വേഷണങ്ങള്‍ക്കും നന്ദി,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവയ്ക്കണമെന്ന് സംഘാംഗങ്ങള്‍ തീരുമാനിച്ചിരുന്നുവെങ്കിലും അത് വേണ്ടെന്ന് അശോക് കുമാര്‍ വ്യക്തമാക്കി. മുന്‍പും ചിത്രീകരണത്തിനായി ഉപയോഗിച്ചിരുന്ന കാള തന്നെയാണ് അപ്രതീക്ഷിതമായി ആക്രമിച്ചതെന്നും എന്താണ് കാരണം എന്ന് അറിയില്ലെന്നും നടന്‍ പറഞ്ഞു.
അഴകര്‍ പിക്ചേഴ്സിന്റെ ബാനറില്‍ പുദുകൈ എ. പളനിസാമി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സങ്കിലി സിപിഎയാണ്. തമിഴില്‍ 25-ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അശോക് കുമാറിന്റെ ശ്രദ്ധേയ ചിത്രങ്ങളില്‍ മുരുക, പിടിച്ചിര്ക്ക്, കോഴി കൂവുത്, ഗ്യാങ്സ് ഓഫ് മദ്രാസ് എന്നിവ ഉള്‍പ്പെടുന്നു.