Latest News

ഒരു മഴപെയ്തെങ്കില്‍

Malayalilife
ഒരു മഴപെയ്തെങ്കില്‍

രോ മഴ പെയ്തു തോരുമ്പോഴും
എന്റെ ഓര്‍മയില്‍ വേദനയാകുമാ
ഗദ്ഗദം..
ഒരു മഴ പെയ്തെങ്കില്‍.. ഒരു മഴ പെയ്തെങ്കില്‍..
ശില പോല്‍ തറഞ്ഞു കിടന്നൊരെന്‍ ജീവിതം
യുഗ പൌരുഷത്തിന്റെ ചരണ സംസ്പര്‍ശത്താല്‍
തരളിതമാക്കിയ പ്രണയമേ..
നീയെനിക്കൊരു മുദ്രപോലുമേകാതെ
നഖം കൊണ്ടൊരു പോറല്‍,
ഒരു വെറും ദന്ത ക്ഷതം അല്ലെങ്കില്‍
ഓമനിക്കാനൊരു മുറിവെങ്കിലും
പകര്‍ന്നേകാതെ മറയുന്നുവോ
എന്ന് പറഞ്ഞു തകര്ന്നു കിടപ്പവള്‍
പുണ്യ പുസ്തകത്തിലെ ശാപ
ശിലയാം അഹല്യയല്ലാ
എന്‍ കെടു സന്ജാരത്തിരുവില
തളിരുവിരിച്ച ശിലാതല്‍പ്പമാനവള്‍
ഉരുകിയൂറും ശിലാ സത്തായ്‌
ഒരുജ്വല തൃഷ്ണയായിപ്പോള്‍ വിതുമ്പുന്നു
വേഴാമ്പലായ് അവള്‍
ഒരു മഴ പെയ്തെങ്കില്‍.. ഒരു മഴ പെയ്തെങ്കില്‍..
പണ്ടു ഒരു വേനലില്‍ നീയാം സമുദ്രത്തില്‍
എത്തുമ്പോള്‍…
എന്റെ മിഴിയിലെ ഇരുണ്ട വരള്ച്ചയിലെക്ക്
നിന്റെ കണ്‍നീല ജലജ്വാല പടരുമ്പോള്‍
ചുണ്ട് കൊണ്ടെന്നെ അളന്നും
നിശ്വാസ ഗന്ധക പച്ച ഇറുത്തും
സര്‍പ്പ സന്ജാരമായ് എന്മെയ് പിണഞ്ഞു കിടന്നും
എന്‍ കാതിലൊരു മുഗ്ദ ഗദ്ഗതമായ് നീ മന്ത്രിച്ചു
ഒരു മഴ പെയ്തെങ്കില്‍.. ഒരു മഴ പെയ്തെങ്കില്‍..
നിന്നിലെക്കെത്തുവാന്‍ ഉള്ളോരീ പാതയില്‍
തുള്ളും വെയിലിനെ പിന്നിലാക്കാന്‍
എത്ര നേരം, എന്ത് ദൂരം കടന്നു ഞാന്‍ എത്തുമ്പോള്‍
നിന്റെ കൂടാരം നിറഞ്ഞു പറക്കുന്ന മഞ്ഞില്‍
നിന്‍ രൂപം നിലാവെനിക്കോമലെ
എന്ന് പറഞ്ഞു ഞാന്‍ ഊര്‍ജ പ്രവാഹമായ് ലാവയായ്‌
പൊട്ടി ഒഴുകി തണുത്തു നിന്നില്‍ ചേര്ന്നു
കട്ട പിടിച്ചു കിടക്കുമ്പോള്‍
നിന്റെ നിതാന്തമായ മോഹം എന്നോട് നിന്‍
മൌനം മുറിഞ്ഞു വീഴുംപോല്‍ മൊഴിഞ്ഞു
ഒരു മഴ പെയ്തെങ്കില്‍.. ഒരു മഴ പെയ്തെങ്കില്‍..
ഓര്‍മയിലേക്ക് ചുരുങ്ങി ഞാന്‍ നഗ്നനായ്‌
ചുടയിലെയ്ക്ക് ചരിക്കുന്ന ജീവന്റെ ചക്രം ഒടിഞ്ഞു
കിതയ്ക്കും ശകടമായ്‌ ഇന്ധനം വാര്‍ന്നു കിടക്കുമ്പോള്‍
തന്‍ അംഗുലം കൊണ്ടു എന്‍ നിര്‍ലജ്ജ പൌരുഷം
തഴുകി തളര്ന്നവള്‍ ഉപ്പളം പോലെന്റെ
അരികില്‍ കിടന്നു ദാഹിക്കുന്നു വേനലായ്‌
ഒരു മഴ പെയ്തെങ്കില്‍… ഒരു മഴ പെയ്തെങ്കില്‍..
ഒരു മഴ പെയ്തെങ്കില്‍… ഒരു മഴ പെയ്തെങ്കില്‍…

കടപ്പാട് : അനിൽ പനച്ചൂരാൻ 

Read more topics: # oru mazha peythenkil,# poem
oru mazha peythenkil poem

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക