Latest News

ഓർമ്മ-ചെറുകഥ

Malayalilife
ഓർമ്മ-ചെറുകഥ

മീര മോളെ കൃഷ്ണനാക്കി മാറ്റാൻ എളുപ്പമാണ്, ചുരുണ്ട മുടിയിൽ മയിൽപീലി കൂടെ വച്ചാൽ കള്ളകണ്ണൻ തന്നെ...എന്നാലും എങ്ങനെയാ ന്റെ മീരകുട്ടിക്ക് റാണിയുടെ മുഖച്ഛായ കിട്ടിയത് അതേ കണ്ണ്, അതേ ചുണ്ട്,അയാൾ കണ്ണുകൾ ഇറുക്കി അടച്ചു, കണ്മുന്നിൽ റാണി ഒരു കള്ളച്ചിരിയോടെ നിറഞ്ഞു നിൽക്കുന്ന പോലെ പെട്ടെന്ന് മനു കണ്ണ് തുറന്നു നോക്കി മീരകുട്ടി മയിൽപീലി വെയ്ക്കാൻ സമ്മതിക്കാതെ അവളുടെ മുടി വലിച്ചു ഊരുന്നുണ്ടായിരുന്നു മീരയുടെ മുടിയിൽ പീലി ചൂടിക്കാൻ അവളുടെ 'അമ്മ കഷ്ടപ്പെടുന്നത് കണ്ടു മനുന് ചിരി വന്നു മീരകുട്ടിയുടെ 'അമ്മ തന്റെ ഹതഭാഗ്യയായ ഭാര്യയാണല്ലോ ഓർത്തപ്പോ മനു വീണ്ടും കണ്ണുകൾ ഇറുക്കിഅടച്ചു, എപ്പോ കണ്ണടച്ചാലും കണ്മുന്നിൽ റാണി ചിരിച്ചോണ്ട് നിൽക്കുന്നത് ഒരു അനുഗ്രഹമാണ്, എന്നാലും ഒരു നീറ്റലാണ് മനസ്സിന് ഉള്ളു വെന്ത് നീറുന്ന പോലെ.

ഇതേ പോലെ ഒരു ശ്രീകൃഷ്ണ ജയന്തിക്ക് രാധയായി വേഷം കെട്ടിയാടിയ അന്നാണ് റാണിയെ ആദ്യമായി കാണുന്നത്, പിന്നീട് അമ്മ പറഞ്ഞറിഞ്ഞു ആ ഘോഷയാത്രയിൽ എന്റെ മനസ്സിൽ നിറഞ്ഞ് നിന്ന രാധ 'റാണി'യെന്ന് പേരുള്ള തന്റെ അകന്ന ബന്ധുവാണ് എന്നു, പിന്നീട് അവളെ കാണാൻ മാത്രമായി തന്റെ ഓരോ ദിവസവും, അതുകൊണ്ട് തന്നെ പത്താം ക്ലാസ്സ് കഷ്ടിച്ച് ജയിച്ചു എന്നു പറയാം, അവളന്നു എട്ടിലാണ് പഠിക്കുന്നത്, ആ പ്രായത്തിലും അവളെ സ്വന്തമാക്കണം എന്ന് എന്ത് അർത്ഥത്തിലാണ് താൻ ചിന്തിച്ചിട്ടുണ്ടാവുക,അറിയില്ല പിന്നീട് ആ ആഗ്രഹം ഉള്ളതുകൊണ്ട് പഠനത്തിൽ ഉഴപ്പാതെ ശ്രദ്ധിച്ചു, മനസ്സിലെ ഇഷ്ട്ടം പറയാതെയും അറിയാതെയും ഞാനും അവളും വളർന്നു, എഴുത്തുകളിലൂടെ അവളെ ഞാൻ പ്രണയിക്കുകയായിരുന്നു, ഒരിക്കൽ എന്റെ പ്രണയം ഞാൻ പറയാതെ തന്നെ അവളെന്റെ ഡയറിയിലൂടെ മനസ്സിലാക്കി, ഇഷ്ടം അറിഞ്ഞു എന്ന് മനസ്സിലായപ്പോൾ അവളുടെ ഇഷ്ടം അറിയാഞ്ഞിട്ട് പോലും പിന്നെ അങ്ങോട്ടുള്ള ഓരോ ദിനവും അവൾക്കു വേണ്ടി മാത്രമായിരുന്നു നേരം പുലരുന്നതും നേരം ഇരുട്ടുന്നതും എല്ലാം ഞങ്ങൾക്ക് വേണ്ടി മാത്രമാണ് എന്നു തോന്നിയ നാളുകൾ,,, അവൾ കൂടെ ഇഷ്ടപ്പെട്ട് തുടങ്ങിയപ്പോ എന്റെ ലോകം തികച്ചും അവളിൽ ഒതുങ്ങുകയായിരുന്നു.

അച്ഛനും അമ്മയ്ക്കും ഒറ്റ മോളായിരുന്നു അവൾ, അവളുടെ അച്ഛൻ എന്നെ പഠിപ്പിച്ചിരുന്ന അദ്ധ്യാപകൻ കൂടി ആയിരുന്നു, അവളുടെ അമ്മയായിരുന്നു ഞങ്ങളുടെ പ്രണയം ആദ്യം കണ്ടു പിടിച്ചത്, പിന്നീട് അവളുടെ വീട്ടിൽ കല്യാണ ആലോചനകൾ വന്നു കൊണ്ടിരുന്നു താമസിയാതെ അവളുടെ അച്ഛനോട് അവൾക്കു എല്ലാം പറയേണ്ടി വന്നു, ജോലിയിൽ കയറി തുടങ്ങിയ സമയമായിരുന്നു അത്, എന്നിട്ടും അവളുടെ അച്ഛനെ പോയി കണ്ടു പെണ്ണ് ചോദിക്കാൻ ഞാൻ ഇറങ്ങി, പുറപ്പെടുമ്പോൾ ഒരുപാട് പ്രതീക്ഷയായിരുന്നു, ഗവൺമെന്റ് ജോലി പോരാത്തതിന് ഞാൻ അവരുടെ ബന്ധുവും, പക്ഷെ അവിടുന്ന് നേരിടേണ്ടി വന്നത് അപമാനമായിരുന്നു, എന്നെ പോലെ ഒരാളെ അവരുടെ മകൾക്ക് വേണ്ട എന്നു അവർ തീർത്തു പറഞ്ഞു ഇറങ്ങുമ്പോൾ അവളുടെ അച്ഛൻ പറഞ്ഞു ഗുരുദക്ഷിണ ആയിട്ടെങ്കിലും ഇനി അവളെ വെറുതെ വിടണം എന്നു,,, പിന്നീട് ഒന്നും ആലോചിച്ചില്ല നാടും വീടും വിട്ട് സുഹൃത്തിന്റെ കൂടെ തമിഴ്‌നാട്ടിലേക്ക് തിരിച്ചു, അവിടെ ചില്ലറ പണികളൊക്കെയായി കൂടി,

ഒരു വർഷം പിന്നിട്ടപ്പോൾ അമ്മയെ കാണാൻ അതിയായി ആഗ്രഹം തോന്നി പിന്നീട് ഒന്നും ആലോചിച്ചില്ല നേരെ പോന്നു നാട്ടിലേക്ക്, പിടിവാശിക്കാരനായ അച്ഛൻ പടിക്ക് പുറത്ത് ആക്കിയപ്പോൾ അത്ഭുതം ഒന്നുമുണ്ടായില്ല, 'അമ്മ പറയുമായിരുന്നു അച്ഛന്റെ അതേ വാശി മനുവിനാ കിട്ടിയത് എന്നു എന്നിട്ടും റാണിയുടെ കാര്യത്തിൽ താൻ എന്തെ പിടിവാശി കാണിക്കാതെ മാറി നിന്നതു എന്നു താൻ ഇപ്പഴും ഓർക്കുന്നതാണല്ലോ, 

അമ്മയുടെ കണ്ണുനീർ കുറേ ഏറ്റ് വാങ്ങിയതിന് ശേഷം അമ്മമ്മയുടെ വീട്ടിലേക്ക് പോന്നു, അവിടെ കുളക്കടവിൽ ഇരിക്കുമ്പോൾ മനു ഓർത്തു ഇവിടെ നിന്നാണല്ലോ താൻ നീന്തി പഠിച്ചതു ഇപ്പൊ ആരും വരാറില്ല തോന്നുന്നു, കാടുപിടിച്ച് കിടക്കുന്നു ഇപ്പൊ ഇവിടുള്ള എല്ലാ മക്കളും മൊബൈൽ ഗെയിമിൽ ആണല്ലോ ശ്രദ്ധ, കുളപ്പടവുകൾ എല്ലാം പൊട്ടിതകർന്നിരിക്കുന്നു, തകർന്ന എന്റെ മനസ്സ് പോലെ, ഞങ്ങളൊക്കെ എല്ലാ മാസവും കുളവും പരിസരവും പരിപാലിക്കാറുണ്ടായിരുന്നു, അമ്മമ്മ കൂനിക്കൂടി തന്റെ അടുത്തേക്ക് നടന്നു വരണത് കണ്ടു മനു അമ്മമ്മയുടെ അടുത്തേക്ക് നടന്നു, ആ കൈ പിടിച്ചു മനു വരാന്തയിലേക്ക് നടന്നു, അമ്മമ്മ വരാന്തയിൽ ഇരുന്നപ്പോൾ ആ മടിയിലേക്ക് കിടന്നു മനു, ഞരമ്പുകൾ പൊന്തിയ ആ കൈകൾക്ക് മാന്ത്രിക ശക്തിയുണ്ട് തലയിലൂടെ വിരലോടിച്ചാൽ സ്വയം മറന്നു കിടക്കാനാകും, വിരലുകളിൽ നിറയെ വാത്സല്യമാണ് അതങ്ങു തഴുകി തഴുകി മിഴികളിലേക്ക്........

കണ്ണുകളടച്ച് കിടക്കുന്ന മനുവിനോട് അച്ഛന്റെ പിടിവാശി മാറും എന്നൊക്കെ പറയുന്നുണ്ടായിരുന്നു അവർ, പെട്ടെന്ന് അവർ പറഞ്ഞ ചെലവാക്കുകൾ കേട്ട് മനു പെട്ടെന്ന് ഷോക്ക് ആയി. മനു എഴുന്നേറ്റു 'അമ്മമ്മ എന്താ പറഞ്ഞെ ?എന്നു ചോദിച്ചു, 

'അല്ല മനു ആ ബന്ധം നടക്കാതിരുന്നത് നന്നായില്ലേ ആ കുട്ടിക്ക് എന്തോ സുഖല്യാത്രേ, കല്യാണമൊക്കെ മുടങ്ങി, ഇനിയത് രക്ഷപെടുലാന്നാ കേട്ടത്'. അമ്മമ്മ പറയണത് പിന്നെ മനു കേൾക്കുന്നുണ്ടായിരുന്നില്ല ഓടുകയായിരുന്നു 

'ഈ കുട്ടി എങ്ങടാ ഈ പോണേ ?'
അമ്മമ്മ ഉറക്കെ ചോദിക്കുന്നുണ്ടായിരുന്നു റാണിയുടെ വീട് മാത്രമായിരുന്നു എന്റെ കാലുകളുടെ ലക്ഷ്യം, മാഷിന്റെ മുന്നിൽ എത്തിയപ്പോൾ മനുന് സംസാരിക്കാൻ പറ്റണില്ലായിരുന്നു,മാഷ് മനുനെ കെട്ടിപിടിച്ചു കരയുകയായിരുന്നു 
'ക്ഷമിക്കെടാ മോനെ എന്നും പറഞ്ഞു തുടങ്ങുകയായിരുന്നു ആ കരച്ചിൽ,റാണിക്ക് ബ്ലഡ് കാൻസർ ആണ്, ഇനി ഒരു മൂന്ന് വർഷം കൂടെ ജീവിച്ചെങ്കിൽ ആയി എന്നാ ഡോക്ടർ പറഞ്ഞു എന്നു പറഞ്ഞു മാഷ് ചെറിയ കുട്ടികളെ പോലെ കരഞ്ഞു, മനു അവിടെ തറയിൽ ഇരുന്നു പോയി,കരയാൻ പോലും ആവാതെ,, കുറേ സമയം അങ്ങനെ പോയി പെട്ടന്നാണ് മനു മാഷിനോട് ചോദിച്ചത് 'റാണിയെ ആ മൂന്നു വർഷം എന്റെ കൂടെ ജീവിക്കാൻ വിട്ടൂടെ, എനിക്ക് തന്നൂടെ അവളെ 'എന്നു. മാഷ് മനുവിന്റെ കാലിൽ വീണു കരഞ്ഞു,ദൈവത്തിന്റെ അനുഗ്രഹത്താൽ പിന്നീട് റാണിയും താനും കൂടെ സ്വർഗ്ഗതുല്യ ജീവിതം ആയിരുന്നു പിടിവാശിക്കാരനായ അച്ഛന്റെയും എല്ലാരുടെയും സമ്മതത്തോടു കൂടി ഞങ്ങൾ ജീവിതം ആരംഭിച്ചു, വാശിയോട് കൂടി പ്രണയിക്കുകയായിരുന്നു ഞങ്ങൾ, അമ്മയാവാനുള്ള ന്റെ റാണിയുടെ ആഗ്രഹം പലപ്രാവിശ്യങ്ങളിലായി തടസ്സപെട്ടു, പലപ്പോഴും തകർന്നു പോയ അവളെ തിരിച്ചു കൊണ്ട് വരാൻ താൻ ഒരുപാട് ശ്രമിച്ചു, ശാസ്ത്രം വിധി എഴുതിയ മൂന്ന് വർഷം ഞങ്ങൾ തോല്പിച്ചു എങ്കിലും പലതരത്തിലുള്ള അസുഖങ്ങൾ അവളെ തളർത്തി കൊണ്ടേയിരുന്നു, ഒരുപാടു പണം ചെലവാക്കി ന്റെ റാണിയെ തിരിച്ച് കൊണ്ട് വരാൻ നോക്കിയെങ്കിലും തളർന്നു പോവായിരുന്നു ഞങ്ങൾ രണ്ടാളും, അവളില്ലാതെ തനിക്ക് ജീവിക്കാൻ ആവില്ലായിരുന്നു, ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു വിഷം കുടിച്ച് കെട്ടിപ്പുണർന്നു കിടന്നു, അവിടെയും ദൈവം കൈവെടിഞ്ഞു, രണ്ടാളെയും അടുത്ത വീട്ടിലെ ദീപുവിന്റെ രൂപത്തിൽ വന്നു തത്സമയം പുളിവെള്ളം കുടിപ്പിച്ചു ജീവൻ നിലനിർത്തിച്ചു, പിന്നെയും നീണ്ട രണ്ടു വർഷം കൂടെ റാണി തന്റെ കൂടെ ഉണ്ടായിരുന്നു, പിന്നെ ദൈവം തിരിച്ച് വിളിച്ച് അങ്ങ് കൊണ്ട് പോയി എന്നെ തനിച്ചാക്കിയ ആ ദൈവത്തെ എന്നും വിമർശിക്കാറേ ഉണ്ടായിരുന്നുള്ളു, മീരമോള്‌ടെ അച്ഛൻ ആകുന്നവരെ.............

ഏകാന്തജീവിതവും റാണിയുടെ ഓർമ്മയും ആയി മുന്നോട്ട് പോകുമ്പോഴാണ് അച്ഛന് ബൈപാസ് ശസ്ത്രക്രിയ വേണ്ടി വന്നത്, ആശുപത്രിയിൽ നിന്ന് അച്ഛൻ ഒരു ചികിത്സയ്ക്കും സമ്മതിക്കാതെ വാശിയിൽ പിടിച്ച് നിന്നു, ചികിത്സ നടത്തണമെങ്കിൽ എന്റെ വിവാഹം നടക്കണമെന്നായിരിന്നു ആവിശ്യം വാശിയിൽ പിന്നിൽ അല്ലായിരുന്നു താനും എന്നാൽ അമ്മയുടെ വൈധവ്യം താൻ കാരണമാകും എന്നു പേടിച്ചപ്പോൾ വിവാഹത്തിലേക്ക് കാര്യങ്ങൾ കടക്കുകയായിരുന്നു, അവരുടെ ഇഷ്ടത്തിന് അവർ കണ്ടെത്തിയ കുട്ടി, ജീവച്ഛവം പോലെ നിന്നു കൊടുത്തു, ഇപ്പൊ തന്റെ നാല് വയസ്സുകാരിയുടെ അമ്മയാണ് അവൾ, മീര കുട്ടിയാണെങ്കിൽ തന്റെ റാണിയുടെ അതേ രൂപം പിന്നെ എങ്ങനെയാ അവളെ മറക്കാൻ തനിക്കാവാ, അവളെ മറന്നു എങ്ങനെയാ ഭാര്യയെ ആത്മാർത്ഥമായി സ്‌നേഹിക്കാൻ സാധിക്കുക, അവൾ ഉള്ളിൽ അത്രയ്ക്കങ്ങ് നിറഞ്ഞു നിൽക്കുന്നതുകൊണ്ടാവും ജന്മം നൽകിയ മകൾക്കു പോലും അവളുടെ മുഖം കിട്ടിയത്, ഹതഭാഗ്യയായ ഭാര്യയായിപോയി തന്റെ മീരകുട്ടിയുടെ 'അമ്മ, സ്‌നേഹിക്കുന്നുണ്ട് ഒരുപാട് എങ്കിലും എന്റെ റാണിയെ മറന്നു ഒരു സ്‌നേഹം എനിക്ക് നല്കാനാവുന്നില്ല, 'അച്ഛാ മീരുട്ടി ഉണ്ണി കണ്ണനായല്ലോ,മ്പക്ക് പോവാ അച്ഛാ ഘോഷയാത്രയ്ക്ക് 'മനു പെട്ടെന്ന് ഞെട്ടി ഉണർന്നു, 'ആ വേഗം അമ്മയോട് റെഡിയായി വരാൻ പറ അച്ഛന്റെ ഉണ്ണിക്കണ്ണൻ ' മനുവും കുടുംബവും ഘോഷയാത്രയിലേ ആരവങ്ങളിലേക്ക് ചേരുകയായിരുന്നു ഇനിയും ഒരുപാട് നാഴിക നടന്നു തീർക്കുവാൻ..... 

Read more topics: # orma,# story ,# shahanas m a
orma story by shahanas m a

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക