മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സിനിമ, സീരിയല്‍ താരം ആന്‍ മരിയ. അരയന്നങ്ങളുടെ വീട്, ചാവറയച്ചന്‍, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃത വര്‍ഷിണി, മാമാട്ടിക്കുട്ടി, എന്റെ മാതാവ് തുടങ്ങി പല സീരിയലുകളിലും വേഷമിട്ടു. വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍, മാസ്‌ക്, അയാള്‍ ജീവിച്ചിരിപ്പുണ്ട് തുടങ്ങിയ സിനിമകളിലും ചില വെബ് സീരീസുകളിലും ആന്‍മരിയ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയാണ് ഫുഡ് വ്‌ലോഗറും ട്രാവല്‍ കണ്ടന്റ് ക്രിയേറ്ററുമായ ഷാന്‍ ജിയോയുമായുള്ള ദാമ്പത്യം താരം അവസാനിപ്പിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തില്‍ ഒരു മകളും ആന്‍ മരിയയ്ക്കുണ്ട്
രണ്ട് വിവാഹബന്ധങ്ങള്‍ വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ താന്‍ നേരിടുന്ന കടുത്ത സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് ആന്‍ മരിയ തുറന്നു സംസാരിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.തന്റെ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ വ്യക്തികള്‍ക്ക് മാത്രമേ തന്നെ മനസ്സിലാക്കാന്‍ സാധിക്കൂ എന്ന് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആന്‍ മരിയ വ്യക്തമാക്കി. 'ഒന്ന് കെട്ടിയാലും രണ്ട് കെട്ടിയാലും അത് എന്റെ വ്യക്തിപരമായ ജീവിതമാണ്. അതുവെച്ച് വിമര്‍ശിക്കാനോ താരതമ്യം ചെയ്യാനോ ആരും വരേണ്ട ആവശ്യമില്ല. ഞാന്‍ എങ്ങനെയാണെന്ന് എന്റെ അമ്മയ്ക്കും മകള്‍ക്കും അറിയാം. അതു മതി,' അവര്‍ പറഞ്ഞു.
ശരിയാണ് രണ്ട് കല്യാണം കഴിച്ചു... രണ്ടും പരാജയപ്പെട്ടു. അത് എന്റെ കുഴപ്പമാണോ?. മനുഷ്യരാണ്... ചിലപ്പോഴൊക്കെ അഡ്ജസ്റ്റ്‌മെന്റില്‍ പോകേണ്ടി വരുമായിരിക്കും. ആ അഡ്ജസ്റ്റ്‌മെന്റ് ചെയ്ത് പോകാന്‍ പറ്റാതെ വരുമ്പോഴാകുമല്ലോ പിരിയുന്നത്. അത് എന്തിനാണ് സമൂ?ഹം നോക്കുന്നത്?. എന്റെ പേഴ്‌സണല്‍ ലൈഫ് അല്ലേ. ഇപ്പോഴും ഞാന്‍ ബോള്‍ഡൊന്നുമല്ല. ചിലപ്പോള്‍ ഒറ്റയ്ക്ക് ഇരുന്ന് കരയേണ്ട സാഹചര്യം വരാറുണ്ട്.
മുമ്പ് ഞാന്‍ വളരെ ഫ്രണ്ട്‌ലിയും ഓപ്പണ്‍ മൈന്റഡും ആയിരുന്നു. മറ്റുള്ളവരോട് മനസ് തുറന്ന് എല്ലാം പറയുന്ന ആളായിരുന്നു ഞാന്‍. അങ്ങനെ പറഞ്ഞപ്പോഴൊക്കെ പണി കിട്ടി. അതുകൊണ്ട് തന്നെ എന്ത് വിഷമമുണ്ടെങ്കിലും അത് ഇപ്പോള്‍ വീടിനുള്ളില്‍ വെക്കും. മുമ്പ് സഹതാരങ്ങളോടും ഫ്രണ്ട്‌സിനോടും അയല്‍ക്കാരോട് വരെയും എന്റെ കാര്യങ്ങള്‍ പറയുമായിരുന്നു. ഇപ്പോഴത് നിര്‍ത്തി. എന്തിനാണ് പറഞ്ഞിട്ട്?. അവര്‍ക്ക് ഇതൊക്കെ വെറും കഥയാണ്.
ആ ജീവിതത്തില്‍ എത്രത്തോളം വേദന അനുഭവിച്ചുവെന്നത് നമുക്ക് മാത്രമെ അറിയൂ. പ്രത്യേകിച്ച് എന്റെ മകള്‍ക്കെ അറിയൂ. അവള്‍ക്ക് പതിനേഴ് വയസായി. അമ്മയെന്ന രീതിയില്‍ ഞാന്‍ എന്തുമാത്രം വിഷമിച്ചുവെന്ന് അവള്‍ക്ക് അറിയാം. അവളുടെ പിന്തുണ മാത്രം മതി എനിക്ക്. അമ്മയും ഞങ്ങള്‍ക്ക് സപ്പോര്‍ട്ടായി ഉണ്ട്. ഒറ്റയ്ക്കിരുന്ന് കരഞ്ഞാല്‍ പോലും മറ്റൊരാളുമായി ഷെയര്‍ ചെയ്യരുതെന്ന് പഠിച്ച് കഴിഞ്ഞു.
സ്ട്രസ് വന്നാലും ഡിപ്രഷന്‍ വന്നാലും എന്നില്‍ മാത്രം ഒതുങ്ങി നില്‍ക്കും. മോളില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇന്ന് ഈ ഭൂമിയില്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ല. അവളെ നഷ്ടപ്പെട്ടാല്‍ പിന്നെ ഞാനുണ്ടാവില്ല. എന്നെക്കാള്‍ രണ്ട് മടങ്ങ് ബോള്‍ഡാണ് മകള്‍. അമ്മ-മകള്‍ ബന്ധമല്ല ഫ്രണ്ട്‌സിനെപ്പോലെയാണ്. എന്റെ ഷോള്‍ഡറില്‍ അവളും അവളുടെ ഷോള്‍ഡറില്‍ ഞാനും. ഏത് ബന്ധത്തിലും നൂറ് ശതമാനവും ഇടുന്നയാളാണ് ഞാന്‍.
ആരെയും തിരുത്താന്‍ പോലും ഞാന്‍ പോകാറില്ല. കല്യാണം അബദ്ധമെന്ന് പറയാനാവില്ല. എന്റെ തലയില്‍ വരച്ചതാകും. ദൈവം നമ്മുടെ മരണം വരെ എഴുതിവെച്ചിട്ടാണല്ലോ ഭൂമിയിലേക്ക് വിട്ടിരിക്കുന്നത്. അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്. തകര്‍ച്ച വരുമ്പോള്‍ അത് എന്റെ വിധിയെന്ന് കരുതും. ആരെയും പഴിക്കാറില്ല. ബാഡ് കമന്റ്‌സ് വരുമ്പോഴാണ് വിഷമം. ഫേക്ക് ഐഡിയില്‍ നിന്നാണ് ഏറെയും കമന്റുകള്‍.
അത് വായിക്കുമ്പോള്‍ 'എന്റെ മുന്‍ പങ്കാളികളാണോ ഇതൊക്കെ ഇടുന്നതെന്ന്' തോന്നിപ്പോകാറുണ്ടെന്നും നടി പറയുന്നു. തകര്‍ന്നുപോകുന്ന കമന്റുകള്‍ വരുമ്പോഴും തന്റെ മകളാണ് ശക്തി. സഹിച്ചു നില്‍ക്കാന്‍ അമ്മ നിര്‍ബന്ധിച്ചിരുന്നുവെങ്കില്‍ താന്‍ മറ്റൊരു ദുരന്തമായി മാറിയേനെ എന്നും, സപ്പോര്‍ട്ടീവായ അമ്മയാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമെന്നും ആന്‍ മരിയ കൂട്ടിച്ചേര്‍ത്തു.