ആലപ്പുഴക്കാരി നൈനറ്റയുടേയും തെലുങ്ക് കാരനായ ജോസഫ് പ്രഭുവിന്റെയും ഏകമകളായ സാമന്ത അതിവേഗമാണ് തെന്നിന്ത്യന്‍ സിനിമയില്‍ മിന്നിത്തിളങ്ങിയത്. 2010ല്‍ 'യെ മായാ ചെസവ' എന്ന തെലുങ്ക് ചിത്രത്തിലൂടെ നാഗചൈതന്യയുടെ നായികയായി അരങ്ങേറിയ സാമന്തയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. പിന്നാലെ മനം, ഓട്ടോനഗര്‍ സൂര്യ, മജിലി തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും പ്രണയം പൂത്തുലയും ആയിരുന്നു. ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ വച്ചാണ് ഇരുവരും ഇഷ്ടം തുറന്നു പറഞ്ഞത്. അങ്ങനെ എട്ടു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ 2017 ജൂണിലായിരുന്നു ഹൈദരാബാദില്‍ ഇരുവരുടെയും വിവാഹ നിശ്ചയം.
മാസങ്ങള്‍ക്കു ശേഷം ഒക്ടോബര്‍ ആറിന് ഗോവയില്‍ വച്ചാണ് നാഗചൈതന്യയും സമാന്തയും വിവാഹിതരായത്. പത്തു കോടിയിലേറെ രൂപ മുടക്കിയുള്ള ആഡംബര കല്യാണമായിരുന്നു ഇവരുടേത്. ചൈതന്യയുടെ മുത്തശ്ശിയുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള വിവാഹസാരിയാണ് സമാന്ത വിവാഹത്തിന് അണിഞ്ഞത്. ഒടുവില്‍ നാലു വര്‍ഷത്തോളം നീണ്ട ദാമ്പത്യത്തിനൊടുവില്‍ ഇരുവരും 2021ല്‍ വേര്‍പിരിയുകയായിരുന്നു. നാലാം വിവാഹ വാര്‍ഷികത്തിനായി ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. തൊട്ടടുത്ത വര്‍ഷം മയോസൈറ്റിസ് എന്ന രോഗവും സാമന്തയെ ബാധിച്ചു. ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് നടിയെ ബാധിച്ചത്. കയ്യില്‍ ഐവി ഡ്രിപ്പും ഘടിപ്പിച്ച് ആശുപത്രിയിലിരിക്കുന്ന ചിത്രത്തിനൊപ്പം ഇട്ട വൈകാരികമായ ഒരു പോസ്റ്റിലൂടെയാണ് സാമന്ത രോഗവിവരം ലോകത്തെ അറിയിച്ചത്. ഒരു ലക്ഷം പേരില്‍ നാലു മുതല്‍ 22 പേര്‍ക്ക് വരാവുന്ന രോഗമാണ് പേശികള്‍ക്ക് നീര്‍ക്കെട്ടുണ്ടാക്കുന്ന ഈ രോഗം.
പതുക്കെ പതുക്കെ രോഗത്തെ അതിജീവിച്ച സാമന്ത തികച്ചും സന്തോഷകരമായ വാര്‍ത്തയാണ് മണിക്കൂറുകള്‍ക്ക് മുമ്പ് പങ്കുവച്ചത്. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിന് ഉള്ളിലുള്ള ലിങ് ഭൈരവി ക്ഷേത്രത്തില്‍ വച്ച് നടിയുടെ രണ്ടാം വിവാഹം കഴിഞ്ഞിരിക്കുകയാണ് എന്നതാണത്. സംവിധായകന്‍ രാജ് നിദിമോരുവിനെയാണ് സാമന്ത വിവാഹം കഴിച്ചത്. 30ഓളം പേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. അതീവ രഹസ്യമായിരുന്ന ചടങ്ങിന്റെ ചിത്രങ്ങള്‍ സാമന്ത തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി മുതല്‍ സമാന്തയും രാജും വിവാഹിതരാകാന്‍ പോകുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. രാജിന്റെ മുന്‍ പങ്കാളി ശ്യാമിലി ഡേയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെയാണ് ഈ പ്രചാരണം ബലപ്പെട്ടത്. 'നിരാശരായ ആളുകള്‍ നിരാശാജനകമായ കാര്യങ്ങള്‍ ചെയ്യുന്നു,' എന്നായിരുന്നു ശ്യാമിലിയുടെ സ്റ്റോറി. 2024 മുതല്‍ രാജും സമാന്തയും പ്രണയത്തിലാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ വര്‍ഷം ആദ്യം രാജിനൊപ്പമുള്ള ഒരു ചിത്രം സമാന്ത പങ്കുവച്ചിരുന്നു.
രാജ് ആന്‍ഡ് ഡികെ കോമ്പോ കോംബോയില്‍ ഇറങ്ങിയ ആമസോണ്‍ പ്രൈമിന്റെ സീരീസ് ആയ 'ഫാമിലി മാന്‍' രണ്ടാം സീസണിലാണ് സമാന്തയും രാജും ആദ്യമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. രാജ് സിരീസിന്റെ ഷോ റണ്ണര്‍മാരില്‍ ഒരാളായിരുന്നു. സമാന്ത സീരസിലെ നെഗറ്റീവ് കഥാപാത്രവും. ഈ കഥാപാത്രം താരത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. 'ഫാമിലി മാന്‍' സീരിസിന് ശേഷമാണ് രാജും സമാന്തയും തമ്മില്‍ അടുക്കുന്നത്. സമാന്തയുമായുള്ള വിവാഹ മോചന ശേഷം നാഗ ചൈതന്യ നടി ശോഭിത ധുലിപാലയെ വിവാഹം കഴിച്ചിരുന്നു.