ഓ ഹെന്റി എഴുതിയ ലോക പ്രശസ്ത കഥയുടെ സ്വതന്ത്ര വിവർത്തനമാണ് ഈ കഥ )
മൂന്നു പ്രാവശ്യം ഡെല്ല അതെണ്ണി ഉറപ്പുവരുത്തി.
ഒരു ഡോളർ എൺപത്തിയേഴു സെന്റ്.
അതിൽ അറുപതു സെന്റ് വെറും ചില്ലറ പെനികളാണ്.
ഒന്നും രണ്ടും പെനികൾ വീതം മിച്ചം വച്ച മുതലാണ് ആ തുക.
പലചരക്ക് കടക്കാരനോടും പച്ചക്കറി വ്യാപാരിയോടും ഇറച്ചി വിലപ്പനക്കാരനോടും വഴക്കിട്ടു വിലപേശി മിച്ചം വച്ച തുക എന്ന് പറയണം.
അവളുടെ ആ വിലപേശൽ കണ്ടുനിന്നവർ പോലും അഭിമാനക്ഷതം കൊണ്ട് ചുവന്നിരുന്നു.
മൂന്നാമത്തെ പ്രാവശ്യം എണ്ണി കഴിഞ്ഞിട്ടും തുകയിൽ ഒരു പെനി പോലും അവൾക്കു കൂടുതൽ കാണാൻ പറ്റിയില്ല.
തൊട്ടടുത്ത ദിവസം ക്രിസ്തുമസ്സാണ്.
കീറിപ്പറിഞ്ഞു നിറം വെടിഞ്ഞു നരച്ച കിടക്കയിൽ തളർന്നിരുന്നു ഡെല്ല തേങ്ങിക്കരഞ്ഞു!
അല്ലാതെ മറ്റൊന്നും ചെയ്യുക അവൾക്കപ്പോൾ സാദ്ധ്യമായിരുന്നില്ല.
ജീവിത വ്യവഹാരങ്ങൾ സുഖ ദുഃഖ സംമിശ്രമെന്നു വിവക്ഷിക്കപ്പെടുന്നുവെങ്കിലും അതിൽ ദുഃഖങ്ങൾക്ക് ആധിപത്യമുണ്ടെന്ന പൊതു തത്വം വിളിച്ചു ചൊല്ലുന്നതായിരുന്നു ഡെല്ലയുടെ ആ പ്രവൃത്തി. അവളുടെ തേങ്ങലും വിതുമ്പലും ഗദ്ഗദങ്ങളും അതിനുള്ള തെളിവുകൾ കൂടിയാണ്.
പലഘട്ടങ്ങളായി കരച്ചിൽ എന്ന പ്രവൃത്തി ഡെല്ല പൂർത്തിയാക്കുന്നതിനുള്ളിൽ നമുക്കാ വസതിയെ ഒന്നടുത്തു കാണാം.
ഒരാഴ്ചയിൽ എട്ടു ഡോളർ വാടക കൊടുക്കേണ്ടുന്ന ചെറിയ ഫ്‌ലാറ്റ്.
യാചക ഗൃഹം എന്നതിനെ വിളിച്ചുകൂടാ. എങ്കിലും ആ പേര് അതിനു ചേരില്ല എന്ന് പറയുന്നത് അനുചിതമാണ്.
ദാരിദ്ര്യം സമൂർത്ത രൂപമാർന്ന അചേതന ബിംബമാണ് ആ ഗൃഗം എന്ന് കാണാം.
കത്തുകൾ പ്രതീക്ഷിക്കാത്ത തപാൽ പഴുതും ആകസ്മികമായിട്ടെങ്കിലും തൊട്ടുണർത്താൻ ശ്രമിക്കുന്ന സചേതന കരങ്ങളുടെ സ്പർശം അവഗണിച്ചു നിശബ്ദത തുടരാൻ വിധിക്കപ്പെട്ട കാളിങ് ബെല്ലും മുഖമുദ്രയാണ് ആ വസതിക്ക്. അതിനു മുന്നിൽ അവ്യക്തവും ഭംഗിയില്ലാത്തതുമായ ഒരു ചെറിയ നെയിം ബോർഡുണ്ട്.
'മിസ്‌റർ ജെയിംസ് ഡില്ലിങ്ഹാം യംഗ്' എന്നാണ് അതിന്മേൽ എഴുതിയിട്ടുള്ളത്.
ആ പേരിന്റെ ആദ്യപക്ഷമായ 'ഡില്ലിങ്ഹാം', അതിന്റെ ഉടമക്ക് ആഴ്ചയിൽ മുപ്പതു ഡോളർ വരുമാനമുണ്ടായിരുന്ന സമയത്ത് ഇളം കാറ്റിൽ തലയാട്ടുന്ന തളിർ ഇലയുടേതിനു സമമായ ഒരഭിമാനം കാത്തു വച്ച് പെരുമാറിയിരുന്നു. ആ വരുമാനം ആഴ്ചയിൽ ഇരുപതു ഡോളർ ആയി ചുരുങ്ങിയപ്പോൾ 'ഡില്ലിങ്ഹാം' എന്ന പേര് സാഹചര്യ സമ്മർദ്ദങ്ങൾ മൂലം വെറും ഒരു 'ഡി' ആയി ചുരുങ്ങാൻ വ്യഗ്രത കാണിക്കും പോലെ. എങ്കിലും സായാഹ്നങ്ങളിൽ' മിസ്റ്റർ ജെയിംസ് ഡില്ലിങ്ഹാം യംഗ്' വീടെത്തുമ്പോൾ വീട്ടമ്മയായവൾ അയാളെ 'പ്രിയപ്പെട്ട ജിം' എന്ന് വിളിച്ചുകൊണ്ട് മുറുകെ പുണർന്ന് ചുംബിക്കുമായിരുന്നു.
യാതനയിലും ജീവിതത്തിൽ ആനന്ദത്തിന്റെ അലകൾ പേറുന്ന പുഞ്ചിരിയുതിർക്കാൻ പ്രാപ്തിയുണ്ടാക്കുന്ന ഈ പ്രവൃത്തി ചെയ്യുന്നവളെയാണ് ഞാൻ നേരത്തെ പരിചയപ്പെടുത്തിയത്.
മിസിസ് ജെയിംസ് ഡില്ലിങ്ഹാം യംഗ് എന്ന ഡെല്ലയാണവൾ.
ഡെല്ല തന്റെ കരച്ചിൽ കർമ്മം പൂർത്തിയാക്കി. അതിനു ശേഷം പൗഡർ പൂശുന്ന പഴയ തുണിയെടുത്ത് അവൾ തന്റെ തുടുത്ത കവിളുകൾക്ക് മേൽ അരുമയോടെ തലോടി. ജനാലയുടെ അരികിൽ നിന്നിരുന്ന ഡെല്ലയുടേ കാഴ്ചയിൽ നരച്ച വേലിമേൽ താൽപ്പര്യമില്ലാതെ നടക്കുന്ന ഒരു നരച്ച പൂച്ചയുടെ ചലങ്ങൾ വന്നുപെട്ടു. വേലിയും അതിനിരുപുവുമുള്ള സർവ്വതും വിളറി നരച്ചു വർണ്ണം വെടിഞ്ഞതായി ഡെല്ല കണ്ടു.
നാളെയാണ് ക്രിസ്തുമസ്.
തന്റെ പക്കലുള്ളത് വെറും ഒരു ഡോളർ എൺപത്തിയേഴു സെന്റ്.
അതുകൊണ്ടാണ് ജിമ്മിന് ഒരു ക്രിസ്തുമസ് സമ്മാനം വാങ്ങേണ്ടത്.
വീട്ടുചെലവിൽ കുറവ് വരുത്തിയും വ്യാപാരികളോട് കൂസലില്ലാതെ വില പേശിയും മാസങ്ങൾകൊണ്ട് സമ്പാദിക്കാൻ കഴിഞ്ഞത് ഈ നിസ്സാര തുകയാണ്.
ഒരാഴ്ചയിൽ ഇരുപതു ഡോളർ എന്തിനു തികയും?
ചെലവുകൾ തന്റെ കണക്കുകൂട്ടലുകൾക്കും അപ്പുറമാണ്.
അവ എന്നും അങ്ങനെ തന്നെ.
ഈ നിസ്സാര തുകയായ ഒരു ഡോളർ എൺപത്തിയേഴു സെന്റ് കൊണ്ട് ജിമ്മിന് എങ്ങനെ താനൊരു സമ്മാനം വാങ്ങും?
എന്റെ പ്രിയപ്പെട്ട ജിം, ഞാനെന്തു ചെയ്യും?
ക്രിസ്തുമസ്സിന് ജിമ്മിന് വിലപ്പെട്ട ഒരു സമ്മാനം വാങ്ങി കൊടുക്കണം എന്നവൾ ആഗ്രഹിച്ചിരുന്നു.
വിലപ്പെട്ടത് എന്നാൽ, ആ സമ്മാനം സ്വന്തമായി കിട്ടിയതിൽ അയാൾക്ക് എന്നും അഭിമാനിക്കാൻ പറ്റുന്നയത്ര വിലപ്പെട്ട ഒരു സമ്മാനം.
മോനോഹരമായ ഒന്ന്.
വിലപിടിപ്പുള്ള ഒന്ന്.
തികച്ചും അസാധാരണമായ ഒന്ന്.
എന്തുമാത്രം മണിക്കൂറുകൾ താൻ ജിമ്മിന് വേണ്ടി വാങ്ങുന്ന സമ്മാനത്തെക്കുറിച്ച് മനോരാജ്യം കണ്ടു ചെലവിട്ടിരിക്കുന്നുവന്നവൾ വേദനയോടെ ചിന്തിച്ചു.
അവരുടെ ഫ്‌ലാറ്റ് മുറിയിൽ ഒരു നിലക്കണ്ണാടിയുണ്ടായിരുന്നു.
അവരെ പോലെയും ആ ഫ്‌ലാറ്റ് പോലെയും ദരിദ്രമായ, മെലിഞ്ഞ ഒരു കണ്ണാടി. വണ്ണം തീരെ കുറഞ്ഞ ഒരാൾക്ക് മാത്രമേ ആ കണ്ണാടിയിൽ നോക്കി സ്വരൂപം മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. തീരെ വണ്ണം കുറഞ്ഞ യുവതിയായ ഡെല്ല അതിനുള്ള പാടവം സ്വായത്തമാക്കിയിരുന്നു.
ജനാലയുടെ വെളിയിൽ അലസമായി അനങ്ങിയവയെ അവയുടെ വഴിക്ക് വിട്ടിട്ട് ഡെല്ല ഒറ്റക്കുതിപ്പിന് കണ്ണാടിയുടെ മുന്നിലെത്തി. അവളുടെ കണ്ണുകളിൽ അനിതര സാധാരണമായ ഒരു തിളക്കം കുടിയേറി. എന്നാൽ ഇരുപതു സെക്കൻഡുകൾക്കകം അവളുടെ മുഖം നിറം വാർന്നു വിളർക്കുകയും ചെയ്തു. അതീവ ധൃതഗതിയിൽ ഡെല്ല അവളുടെ മുടിക്കെട്ട് അഴിച്ചുലർത്തി. നീണ്ട കേശഭാരം അവളുടെ പിന്നിൽ കനത്തു കിടന്നു.
സത്യം പറയുകയാണെങ്കിൽ ഡില്ലിങ്ഹാം ഇണകൾ അവരുടെ ദാരിദ്രത്തിലും കാണപ്പെട്ട അഭിമാന കാരണമായി കണക്കാക്കി സംരക്ഷിച്ചു പോന്നിരുന്ന രണ്ടു വസ്തുക്കളുണ്ടായിരുന്നു. അതിലൊന്ന് ജിമ്മിന്റെ സ്വർണ്ണ വാച്ച് ആയിരുന്നു. അയാളുടെ അച്ഛനും മുത്തച്ഛനും ഉപയോഗിച്ചിരുന്ന ആ വാച്ച് തലമുറകൾ കടന്ന് കുടുംബ മഹിമയുടെ മുദ്രയായി അയാളിൽ വന്നെത്തിയ നിധിയാണ്.
രണ്ടാമത്തെ വസ്തു ഡെല്ലയുടെ നീളമുള്ള മുടിയാണ്. അവരുടെ ഫ്‌ലാറ്റിനു നേരെ എതിർവശത്തുള്ള ഫ്‌ലാറ്റിൽ ക്വീൻ ഷീബ വന്നു വസിച്ചിരുന്നു എങ്കിൽ, ഡെല്ല ഇടയ്ക്കിടയ്ക്ക് തന്റെ മുടി തുവർത്തിയ ശേഷം ഉണങ്ങാൻ എന്ന വണ്ണം ഫ്‌ലാറ്റിന്റെ പുറത്തേക്ക് നീട്ടി ഇടുമായിരുന്നു. അത് കാണുന്ന മാത്രയിൽ ഷീബാ റാണിയുടെ വിലപ്പെട്ട ആഭരണ ശേഖരം മുഴുവൻ മൂല്യമറ്റതായി മാറിയേനെ ! സോളമൻ രാജാവ് തന്റെ സർവ്വ സമ്പാദ്യവുമായി വന്നു നിൽക്കിലും അദ്ദേഹത്തിൽ അസൂയ ജനിപ്പിക്കാനായി ജിം തന്റെ വാച്ച് ഇടയ്ക്കിടെ എടുത്തു കാണിക്കുമായിരുന്നു. അത്രയ്ക്ക് അഭിമാന ദായകമായവയായിരുന്നു അവർക്ക് ആ വാച്ചും അവളുടെ മുടിയും.
ഡെല്ലയുടെ മുടി അവൾക്കു പിന്നിൽ അലയിട്ടു വീഴുന്ന തവിട്ടു നിറമുള്ള വെള്ളച്ചാട്ടം പോലെ പരന്നുകിടന്നു. മുട്ടോളം എത്തിയ ആ മുടിനാരുകളുടെ കനം അവൾക്കൊരു ക്രിസ്തുമസ് കുപ്പായം പോലെ കിടന്നു.
വളരെ പെട്ടെന്ന് ഡെല്ല ആ മുടി പഴയതുപോലെ കെട്ടിവച്ചു. എന്നിട്ടവൾ ഒരു നിമിഷം എന്തോ ഓർത്ത് അങ്ങാതെ നിന്നു. ആ ഇടവേളയിൽ അവളുടെ കണ്ണുകളിൽ നിന്ന് ഒന്നുരണ്ടു പളുങ്കുമണികൾ നിലത്തു വീണ് ചിതറി.
പിന്നീട് ഒരു നൊടിയിൽ അവൾ തന്റെ തവിട്ടു നിറമുള്ള കോട്ടും തൊപ്പിയും എടുത്തണിഞ്ഞു. കണ്ണുകളിൽ ആ തിളക്കം കെടാതെ എടുത്തുകൊണ്ട് അവൾ പടികൾ ഓടിയിറങ്ങി തെരുവിലേക്ക് പാഞ്ഞുപോയി.
തെരുവിൽ ഒരു കടയുടെ മുന്നിൽ അവൾ നിന്നു.
'മാഡം സാഫ്രോണി, കേശ വ്യാപാരം' എന്നായിരുന്നു ആ കടയുടെ മുന്നിലെ ബോർഡ്.
വെളുത്തു തടിച്ച മാഡം സാഫ്രോണി എന്ന കടയുടമയുടെ മുന്നിൽ അവൾ കിതച്ചുകൊണ്ട് നിന്നു. മാഡം അവളെ ഉറ്റുനോക്കി.
'നിങ്ങൾ എന്റെ മുടി വിലക്കു വാങ്ങുമോ?' ഡെല്ല ചോദിച്ചു.
'ഞാൻ മുടി വാങ്ങും. ബോർഡ് കണ്ടില്ലേ? കേശവ്യാപാരമാണ് എന്റെ തൊഴിൽ. ആ തൊപ്പി എടുത്തു മാറ്റ്. ഞാനാ മുടി ഒന്നു കാണട്ടെ.'
തവിട്ടു നിറമാർന്ന വെള്ളച്ചാട്ടം കുതിച്ചുചാടി.
' ഇരുപതു ഡോളർ' പരിചയ സമ്പന്നമായ കരങ്ങളിൽ ആ മുടിയിഴകൾ താങ്ങി നോക്കിയിട്ട് മാഡം സാഫ്രോണി പറഞ്ഞു.
'തരൂ. പെട്ടന്നാകട്ടെ' ഡെല്ല പറഞ്ഞു.
പിന്നീടുള്ള രണ്ടു മണിക്കൂറുകൾ സ്വർഗ്ഗീയ സുന്ദര റോസാദലങ്ങളുടെ ചിറകിൽ പറക്കുകയായിരുന്നു. ഡെല്ല ജിമ്മിനുള്ള സമ്മാനം തെരഞ്ഞു നടന്ന സമയമായിരുന്നു ആ രണ്ടു മണിക്കൂറുകൾ.
അവസാനം അവളതു കണ്ടെത്തുക തന്നെ ചെയ്തു. ജിമ്മിന് വേണ്ടി തന്നെ നിർമ്മിക്കപ്പെട്ട ഒന്നാണതെന്ന് അവൾക്കു തോന്നി. ആ തെരുവിലെ മിക്ക കടകളും അവൾ അരിച്ചു പെറുക്കി നോക്കിയിരുന്നു. അതിനോളം അനുയോജ്യമായ മറ്റൊരു സമ്മാനം കണ്ടെത്താൻ അവൾക്ക് സാധിച്ചില്ല. ലളിത മനോഹരമായി നിർമ്മിച്ച ഒരു പ്ലാറ്റിനം ചെയിൻ ആയിരുന്നു അത്. അലങ്കാര വേലകളേക്കാൾ നിർമ്മിതിക്ക് ഉപയോഗിച്ച വസ്തുവും ലാളിത്യവും കൊണ്ട് അമൂല്യമായ ഒരു ചെയിൻ. ജിമ്മിന്റെ വാച്ച് തൂക്കിയിടാൻ പറ്റിയ ഒരു ചെയിൻ. ഒരുപക്ഷെ ആ വാച്ചിനെക്കാൾ മഹത്തരമാണ് അതെന്നവൾക്ക് അപ്പോൾ തോന്നി. ആഡംബരമില്ല. മൂല്യമോ ഏറെയും. ജിമ്മിന് പറ്റിയ സമ്മാനം. ജിമ്മിനെ പോലെ തന്നെയാണ് ആ ചെയിനും. ഇരുപത്തിയൊന്നു ഡോളർ വിലക്ക് അവളതു വാങ്ങി. ശേഷിച്ച എൺപത്തിയേഴു സെന്റുമായി അവൾ വീട്ടിലേക്കു മണ്ടി. ഈ ചെയിൻ ജിമ്മിന്റെ വാച്ചിൽ ചേർത്തു കഴിഞ്ഞാൽ ഏതു സൗഹൃദ സദസ്സിലും സമയമറിയുന്നതിനായി ജിം ഇടയ്ക്കിടെ ആ വാച്ചെടുത്തു നോക്കും. ഇപ്പോഴുള്ള ലെതർ നാട കാരണം ജിം രഹസ്യമായി മാത്രം സമയം നോക്കുന്ന കാര്യം ഡെല്ല ഓർമ്മിച്ചു.
വീട്ടിലെത്തിയ ഡെല്ലയുടെ കിനാക്കൾ തൽക്കാലം വിവേചനബുദ്ധിക്ക് വഴിമാറി. പ്രണയമുണർത്തിയ മഹാമനസ്‌കത അവളുടെ തലയിൽ അവശേഷിപ്പിച്ച നീളം കുറഞ്ഞ മുടിയിഴകളെ അവൾ കൗതുകപൂർവ്വം നോക്കി. എന്നിട്ട് മുടി ചുരുട്ടുന്ന ഉപകരണമെടുത്ത് അവളാ ഇഴകൾ ചുരുട്ടി വക്കാൻ തുടങ്ങി.
നാൽപ്പതു മിനിട്ടുകൾക്കകം അവളുടെ ശിരസാകെ മുടി ചുരുളുകൾ കൊണ്ട് മൂടി. ആ നിലയിൽ അവളെ കണ്ടാൽ കുരുത്തംകെട്ടവനായ ഒരു സ്‌കൂൾ കുട്ടി ആണെന്നേ തോന്നൂ. കണ്ണാടിയിൽ കണ്ട അവളുടെ പ്രതിബിംബത്തെ അവൾ ശ്രദ്ധാ പൂർവ്വം നിരൂപണ ബുദ്ധിയോടെ നിരീക്ഷിച്ചു.
' ഈ രൂപത്തിൽ ജിം എന്നെ ഇഷ്ടപ്പെടാതെ വരുമോ?' അവൾ സ്വയം ചോദിച്ചു.
' രണ്ടാമത് ഒന്നുകൂടി എന്റെ നേർക്ക് നോക്കാതെ ഏതോ നാടോടി സംഘത്തിലെ പാട്ടുകാരിപ്പെണ്ണിനെ എന്നോണം താല്പര്യക്കുറവ് എന്നോട് തോന്നുമോ?' ഒരു നിമിഷം അവൾ അന്ധാളിച്ചുപോയി
'പക്ഷെ എന്റെ ജിം, ഒരു ഡോളർ എൺപത്തിയേഴു സെന്റുകൊണ്ട് നിങ്ങൾക്കൊരു നല്ല സമ്മാനം വാങ്ങാൻ എനിക്ക് കഴിയില്ലായിരുന്നു.'
വൈകുന്നേരം ഏഴുമണിക്ക് കോഫീ ഒരുക്കി അവൾ കാത്തിരുന്നു. അത്താഴത്തിനുള്ള വക ഒരുക്കുന്നതിന് അടുപ്പ് തയാറായിരുന്നു.
ജിം ഒരിക്കലും വൈകാറില്ല.
ജിം കയറി വരുന്ന വാതിലിനടുത്തുള്ള മേശയുടെ മൂലയിൽ ഡെല്ല അക്ഷമയോടെ കാത്തിരുന്നു. പ്ലാറ്റിനം ചെയിൻ രണ്ടായി മടക്കി അവൾ കരുതിയിരുന്നു.
പടിക്കെട്ടിലെ ഒന്നാമത്തെ പടിയിൽ അവൾ കാലൊച്ച കേട്ടു. ഒരു നിമിഷാർദ്ധ നേരത്തേക്ക് അവളൊന്നു വിളറി.
ദൈനം ദിന ജീവിതത്തിൽ നടക്കുന്ന നിസാര കാര്യങ്ങളെ കുറിച്ച് പോലും മൂകമായി പ്രാർത്ഥിക്കാറുള്ള ഡെല്ല അന്നേരം പ്രാർത്ഥിച്ചു.
' ദൈവമേ ഞാൻ സുന്ദരി തന്നെയെന്ന് അവന്റെ മനസ്സിൽ നീ തോന്നിപ്പിക്കേണമേ !'
വാതിൽ തുറന്നു.
ജിം അകത്ത് കടന്നു.
വാതിൽ അടച്ചു.
നന്നേ മെലിഞ്ഞ ഒരു ഇരുപത്തിരണ്ടുകാരൻ.
പുതിയ ഓവർകോട്ട് അത്യാവശ്യമാണ് എന്നവന്റെ വേഷം വിളിച്ചു പറയുന്നു.
അവന്റെ കൈകളിൽ കയ്യുറ ഉണ്ടായിരുന്നില്ല.
ജിം അവളെ നോക്കി.
നിശ്ചലനായി നിന്നു അയാൾ.
അയാളുടെ കണ്ണുകളിൽ നിറഞ്ഞ വികാരഭേദങ്ങൾ വായിക്കാൻ അവൾക്കു ത്രാണിയുണ്ടായില്ല.
അതവളെ ഭയപ്പെടുത്തി.
അത് കോപമല്ല. അതിശയമല്ല. അംഗീകാരമില്ലായ്മയല്ല. ഭയമല്ല. അവൾ മനസ്സുകൊണ്ട് തയ്യാറായി ഇരുന്നിരുന്ന ഒന്നുമല്ല. എന്തെന്ന് പറയാൻ പറ്റാത്ത ഒരു ഭാവത്തോടെ അവളെ അയാളങ്ങനെ സൂക്ഷിച്ചു നോക്കി.
അവൾ ആ മേശയുടെ വക്കിൽ നിന്നു ഞെട്ടി എഴുന്നേറ്റു. അവന്റെ നേരെ ആഞ്ഞ അവൾ വിതുമ്പി.
' ജിം, എന്റെ പ്രിയനേ, എന്നെ അങ്ങനെ നോക്കരുതേ! നോക്കൂ. ഞാനെന്റെ മുടി മുറിച്ചു വിറ്റു. അതല്ലാതെ നിങ്ങൾക്കൊരു ക്രിസ്തുമസ് സമ്മാനം വാങ്ങാൻ മറ്റു വഴികൾ ഇല്ലായിരുന്നു. എന്റെ ജിമ്മിന് ഒരു സമ്മാനം നൽകാതെ ഈ ക്രിസ്തുമസ്സിനു ജീവനോടെ ഇരിക്കാൻ എനിക്കാവില്ലായിരുന്നു. വിഷമിക്കരുത് ജിം. എന്റെ മുടി വളരെ വേഗം വളരുമെന്ന് ജിമ്മിനറിവുള്ളതല്ലേ. എന്നോട് 'മെറി ക്രിസ്തുമസ്' പറയൂ ജിം. നമുക്ക് സന്തോഷമായി ഇരിക്കാം. എത്ര സുന്ദരമായ, മഹനീയമായ സമ്മാനമാണ് ഞാൻ എന്റെ ജിമ്മിനായി വാങ്ങി വച്ചിരിക്കുന്നത് എന്നറിയാമോ?'
'നീ നിന്റെ മുടി മുറിച്ചു അല്ലെ?' നിലവിൽ നിൽക്കുന്ന അവസ്ഥയോട് പൊരുത്തപ്പെടാൻ അയാൾ പ്രയാസപ്പെട്ടു.
'മുറിക്കുകമാത്രമല്ല. അത് വിറ്റു.' ഡെല്ല പറഞ്ഞു. 'നിനക്കെന്നെ പഴയത് പോലെ ഇഷ്ടമല്ലേ? എടാ, മുടി പോയാലും ഞാൻ നിന്റെ ഞാൻ തന്നെയല്ലേടാ ?'
ജിം മുറിയാകെ നോട്ടമെറിഞ്ഞു.
'നീ പറയുന്നു നിന്റെ മുടി പോയെന്ന്!' ഒരു മണ്ടനെ പോലെ അയാൾ മൊഴിഞ്ഞു.
'അതെ! നീയതു നോക്കേണ്ട. ഞാനത് വിറ്റു. നോക്കെടാ ഇന്ന് ക്രിസ്തുമസ് ഈവ് ആണ്. എന്നോട് നന്നായി പെരുമാറ്. നിനക്ക് വേണ്ടിയാ ഞാനത് വിറ്റുകളഞ്ഞത്.'
ഒന്നു നിറുത്തിയിട്ട് ഗൗരവപൂർണ്ണമായ മാധുര്യത്തോടെ അവൾ തുടർന്നു.
'എന്റെ മുടിയിഴകൾ എത്രയെണ്ണം എന്ന് എണ്ണാൻ പറ്റുമെടാ.... പക്ഷെ.. പക്ഷെ എനിക്ക് നിന്നോടുള്ള സ്‌നേഹം... അതാർക്കാ അളക്കാൻ പറ്റുക? ഞാൻ അത്താഴം വയ്ക്കട്ടെ ജിം ?'
ജിം മയക്കത്തിൽ നിന്നു ഞെട്ടി ഉണർന്നു.
നൊടിയിടയിൽ അവൻ ഡെല്ലയെ ഇറുകെ പുണർന്നു.
അകന്നു മാറിയ ജിം ഓവർകോട്ടിന്റെ പോക്കറ്റിൽ നിന്നു ഒരു പൊതി എടുത്ത് മേശപ്പുറത്ത് എറിഞ്ഞു.
'എന്നെ തെറ്റി ധരിക്കല്ലേ മോളെ... ഒരു പ്രാവശ്യം മുടി മുറിച്ചതുകൊണ്ടോ, ഷേവ് ചെയ്തതുകൊണ്ടോ, ഷാംപൂ മാറിയതുകൊണ്ടോ എന്റെ പെണ്ണിനെ ഞാൻ സ്‌നേഹിക്കുന്നതിൽ ഒരു കുറവും വരില്ലെടാ.. പക്ഷെ നീയാ പാക്കറ്റ് ഒന്നഴിച്ചു നോക്കൂ. അപ്പോൾ മനസ്സിലാവും ഞാൻ സ്തബ്ധനായിപ്പോയത് എന്തുകൊണ്ടെന്ന്.'
വെളുത്തു നീണ്ട വിരലുകൾ ധൃതിയിൽ ആ പാക്കറ്റ് അഴിച്ചു.
അവളുടെ മുഖത്ത് നിന്നു അധിക സന്തോഷ സൂചകമായ ഒരു ശബ്ദം പുറപ്പെട്ടു.
ആമത്തോടുകൊണ്ട് പണിത്, അരികുകളിൽ വിലയുള്ള കല്ലുകൾ പതിപ്പിച്ച മനോഹരമായ കോംബ് ഹെയർ ക്ലിപ്പുകൾ ആയിരുന്നു ആ പാക്കറ്റിൽ. അവ സ്വന്തമാക്കണമെന്നും സമൃദ്ധമായ തന്റെ മുടിക്കെട്ടിൽ അവ അലങ്കാരമായി അണിഞ്ഞുകൊണ്ട് അഭിമാനപൂർവ്വം നടക്കണമെന്നും അവൾ ഒരുപാടാഗ്രഹിച്ചിരുന്നു. അങ്ങനെ ആഗ്രഹിക്കുമ്പോഴും അത് സാധിക്കില്ല എന്നവൾക്ക് നന്നായി അറിയാമായിരുന്നു. നിരവധി തവണ കടയിൽ ആ വസ്തു നോക്കി അവൾ കൊതിയോടെ നിന്നിട്ടുണ്ട്. വിലപിടിപ്പുള്ള കോംബ് ഹെയർ ക്ലിപ്പുകൾ. ഇന്നവ അവൾക്കു ക്രിസ്തുമസ് സമ്മാനമായി അവളുടെ പ്രിയൻ കൊടുത്തിരിക്കുന്നു. എന്നാൽ ആ അലങ്കാരം വഹിക്കെണ്ടുന്ന നീണ്ട കേശഭാരം അവൾക്കിന്നില്ല.
അവളാ ക്ലിപ്പുകൾ മാറത്തു ചേർത്തു വച്ചു.
'ജിം, എടാ, എന്റെ മുടി വളരെ വേഗം വളരും, ഇല്ലേ ?'
എന്നിട്ടവൾ ചൂടേറ്റ പൂച്ചയെപോലെ നിലവിളിച്ചു.
അവനായി അവൾ വാങ്ങിയ സമ്മാനം ജിം കണ്ടില്ലായിരുന്നു.
അവൾ അവളുടെ ഉള്ളം കയ്യിൽ വച്ച് അതവനെ കാണിച്ചു.
ആ വിലയേറിയ ലോഹം അവളുടെ ആത്മാവിൽ നിറയുന്ന സ്‌നേഹം പോലെ തിളങ്ങി.
'തെരുവ് മുഴുവൻ അരിച്ചു പെറുക്കി ഞാൻ കണ്ടെത്തിയതാ ഇത്. ഈ ചെയിൻ വാച്ചിൽ ഘടിപ്പിച്ചു കഴിഞ്ഞാൽ എന്റെ കുട്ടന് ഒരു ദിവസം നൂറു പ്രാവശ്യം അഭിമാനത്തോടെ സമയം നോക്കാം. തരൂ. വാച്ചിങ്ങു തരൂ. ഞാൻ നോക്കട്ടെ ഇതാ വാച്ചിന് എത്ര മാത്രം യോജിച്ചതാണെന്ന്'
അവൾ പറഞ്ഞത് അനുസരിക്കാതെ ജിം പഴയ കിടക്കയിലേക്ക് ചാഞ്ഞിരുന്നു. ഒരു ചെറു പുഞ്ചിരിയോടെ അയാൾ സാവധാനം പറഞ്ഞു.
' ഡെൽ.... ടാ..... നമുക്ക് നമ്മുടെ ക്രിസ്തുമസ് സമ്മാനങ്ങൾ തൽക്കാലം മാറ്റി വക്കാം. ഉപയോഗിക്കാൻ കഴിയാത്ത അത്രയ്ക്ക് മേന്മയുള്ളവയാണവ... ഡെൽ.... നിനക്കിത് വാങ്ങാൻ പണം ലഭിക്കാനായി ഞാൻ എന്റെ വാച്ച് വിറ്റു..... ഇനി എന്റെ മോൾ അത്താഴം ഒരുക്ക്!'
(ഓ ഹെന്റി എഴുതിയ ലോക പ്രശസ്ത കഥയുടെ സ്വതന്ത്ര വിവർത്തനമാണ് ഈ കഥ )