Latest News

വിഷുവിനു വിരിഞ്ഞ ആമ്പല്‍-ചെറുകഥ

ഉജിയാബ് 
topbanner
വിഷുവിനു വിരിഞ്ഞ ആമ്പല്‍-ചെറുകഥ

ഈ വിഷുവിന് എവിടെയായിരിക്കും സിനി...? ഇങ്ങനെയൊരു ആലോചന പൊരിവെയിലത്തു തോന്നാന്‍ കാരണം ഒരു കത്താണ്. ചോറ്റുപാത്രത്തിന്റെ വക്കിലേക്കു വകഞ്ഞു വച്ച കറിവേപ്പിലയാണല്ലോ കത്ത്. ആ പുരാവസ്തുവിന്റെ നല്ലൊരു കഷണം കൈയില്‍ക്കിട്ടി. അപ്പോഴാണ് പണ്ടത്തെ ഒരു എണ്ണമയിലിയെ ഓര്‍മ വന്നത്. റബര്‍ത്തോട്ടത്തിനു നടുവില്‍ ആര്‍ക്കും വേണ്ടാതെ കത്തുന്ന മെര്‍ക്കുറി വിളക്കുപോലെയായിരുന്നു അവള്‍. മറുപടി കിട്ടാതിരുന്നിട്ടും മേല്‍വിലാസം മാറാതെ കത്തെഴുതിക്കൊണ്ടിരുന്ന ഒരു മസാലദോശ. വാകമരം പൂത്തപോലത്തെ ചുണ്ടുകള്‍. കുളിപ്പിച്ചു കുട്ടപ്പനാക്കിയ കൊമ്പനാനയുടെ നിറം. ഒരായിരം കത്തെഴുതാനുള്ള കഥകള്‍ ഒളിച്ചുവച്ച് നീട്ടിയെഴുതിയ കണ്ണ്. നടി ശ്രീവിദ്യ മീന്‍കുട്ട ചുമന്നു നടക്കുന്നപോലെ ഉടലഴക്. നേരിട്ടു കണ്ടാല്‍ നാഗമടത്തു തമ്പുരാട്ടി റാംപില്‍ നിന്നു മാറിക്കൊടുക്കും. ഇതെല്ലാം കൂട്ടിയും ഗുണിച്ചും ഹരിച്ചും കോളെജില്‍ പൂത്തു നില്‍ക്കുന്ന വാലന്മാര്‍ അവള്‍ക്കിട്ട പേരാണ് മസാലദോശ. നായാടിക്കുന്നുകാരന്‍ ബാലചന്ദ്രനെ ചൈല്‍ഡ് മൂണേ എന്നു വിളിച്ച തട്ടാന്‍ ബാലന്റെ മകള്‍ ബീന തന്നെയാണ് ഈ പേരിന്റെയും ഉപജ്ഞാതാവ്. നെല്ലിക്കയില്‍ ഉപ്പു ചേര്‍ത്തപോലെ ആ പേര് വായിലിട്ട് വെള്ളമിറക്കി കോളെജിലെ കരിങ്കണ്ണന്മാര്‍. ഒരു മെയ്മാസത്തിന്റെ പ്രഭാതത്തിലാണ് ആക്സ് പെര്‍ഫ്യൂമിന്റെ മണം ലൈബ്രറിയിലെ റീഡിങ് റൂമിന്റെ ടേബിളില്‍ പുഷ്പിച്ചത്. ആ ചിത്രം ഇവിടെയല്ല.... ഈ വര അവിടെയല്ല.... ഈ കോണിനു വട്ടം പോരാ... ലൈബ്രറിയെന്നു കേട്ടാല്‍ ചോര തിളച്ച് ഓടി മാറുന്ന ക്ഷുഭിത കൗമാരങ്ങള്‍ക്കു നടുവില്‍ സിനി ഒറ്റയ്ക്കു നിന്ന് ചിത്രം വരയ്ക്കുന്നു...! ആ ചിത്രത്തിന്റെ പരിമളം നുകരാന്‍ ആബാലവൃദ്ധം ചുറ്റും കൂടിയിരിരിക്കുന്നു... സറാറ ചുരിദാറിന്റെ നീളന്‍ കൈകള്‍ സിനി പതുക്കെയൊന്നുയര്‍ത്തിയാല്‍ രാമദാസന്റെ പല്ലിളകി വീഴും. എന്നാലും പല്ലുമിളിച്ച് അവളുടെ ചാരത്തുണ്ട് ദാസന്‍. കരിമെയ്യഴകിന്റെ കരവിരുതുകള്‍ കടലാസില്‍ പടരുന്നതു കാണാന്‍ കോളെജിലെ തരുണന്മാര്‍ ഓരോരുത്തരായി ഓടിക്കൂടിക്കൊണ്ടിരുന്നു. സിനീ, ദാ അവിടെ ശരിയാക്കൂ... സിനൂ, കോര്‍ണറില്‍ നിറം പോരാ... സിനിയുടെ ചിത്രം വര കണ്ടും അഭിപ്രായം പറഞ്ഞും വിയര്‍ത്തിരിക്കുന്നു കൂട്ടുകാര്‍. നട്ടുച്ചയ്ക്കു പൂത്ത പാരിജാതം പോലെ അവര്‍ക്കു നടുവില്‍ മുടിയുലര്‍ത്തിയും വിടര്‍ത്തിയും വാടാതെ നില്‍ക്കുന്നു സിനി. '' റിഫല്‍ക്ഷന്‍ ഇമേജ്.അല്ലേ സിനീ.... ജസ്റ്റ് ഡു സം മിറര്‍ ട്രിക്സ്....' വലതു ചെവിക്കു മുകളിലൂടെ ഇടത്തോട്ടു മുടി വീശിയെറിഞ്ഞ് സിനി തലയൊന്നുയര്‍ത്തി. ക്ലിനിക് പ്ലസ് ഷാംപുവിന്റെ സൗരഭ്യം തൊണ്ടയില്‍ കുടുങ്ങിയിട്ടും ഷൗക്കത്തും നവാസും വിനോദും ആ ശബ്ദം കേട്ട സ്ഥലത്തേയ്ക്കു നോക്കി. യാ... ഇറ്റ്സ് മീ എന്ന ഭാവത്തില്‍ നില്‍ക്കുന്നു ശ്രീജിത്ത്... 'എക്സാറ്റ്ലി...' കൊമേഴ്സിലെ ശ്രീജിത്തിന്റെ ഇംഗ്ലീഷിന് സിനിയുടെ റിപ്ലെ...! രാവിലെ ഏഴു മണിമുതല്‍ ലൈബ്രറി വരാന്തയില്‍ ആമ്പല്‍ വിരിയുന്നതു കാണാനിരുന്ന ആയിരങ്ങള്‍ ഉകാരത്തിന്റെ പര്യായങ്ങളില്‍ ശ്രീജിത്തിനെ ആവോളം പുകഴ്ത്തി. 'കര്‍ണികാരങ്ങള്‍ പൂക്കുന്ന വിഷുപ്പുലരികള്‍ എന്നും കോളെജുകള്‍ക്ക് അങ്ങനെയാണ്. കൈനീട്ടത്തിന്റെ പൊന്‍തിളക്കംപോലെ ചില പ്രണയങ്ങള്‍ പരസ്പരമറിയാതെ ഈ സുദിനത്തില്‍ കണികാണും. അറിഞ്ഞോ അറിയാതെയോ മിഴിക്കോണുകളില്‍ കള്ളച്ചിരിയുടെ നാട്യമൊളിച്ച് കസവിന്റെ കോണുകളില്‍ കടിച്ച് ഓടിയകലും ചിലര്‍. എല്ലാറ്റിനും സാക്ഷിയായി മേടസൂര്യന്‍.... അല്ലേ സിനീ.... ' ശ്രീജിത്തിന്റെ സാഹിത്യം സിനി കേട്ടില്ല. പക്ഷേ, അവന്‍ വിളമ്പുന്നതു കോരിയെടുക്കാന്‍ കാത്തിരുന്നവര്‍ അതു മുഴുവന്‍ കേട്ടു... എല്ലാറ്റിനും അതേടാ കുട്ടാ എന്നു മൂളുകയും ചെയ്തു. ഇടിവെട്ടിയ തെങ്ങിനു പിണ്ഡം വച്ചു മടങ്ങിയവര്‍ മറന്നുവച്ച കിണ്ടിയെടുക്കാന്‍ തിരിച്ചുവരുന്നതുപോലെ അവരെല്ലാം കൂടി അതാ വരുന്നു. 'തകരപ്പെട്ടിക്കെന്തിനാ പിത്തള പിത്തളപ്പൂട്ട്...' ആക്ഷേപഹാസ്യം മരക്കാര്‍ മകന്‍ മുസ്തഫ വക. ദര്‍ഭമുന കാലില്‍കൊണ്ടു നില്‍ക്കുന്ന ശ്രീജിത്ത് അതൊന്നും കേട്ടില്ല. ബിന്‍ലാദനെ വെടിവച്ച അമേരിക്കന്‍ സൈന്യം പത്രസമ്മേളനം നടത്തുന്നപോലെ എന്തൊക്കെയോ സിനിയോട് പറഞ്ഞുകൊണ്ടിരിക്കുകയാണ് ഭാണമേറ്റ കാമുകന്‍. ' താങ്ക്സ് ശ്രീജിത്ത്...' കോലാപ്പുരി ചെരുപ്പ് സിമന്റു തറയിലമര്‍ത്തിക്കൊണ്ടു തിരിഞ്ഞു നടക്കുമ്പോള്‍ സിനി അതു പറഞ്ഞത് ശ്രീജിത്ത് കേട്ടു. അപ്പുറത്തു നിന്നവരും കേട്ടു. പിന്നെ കോളെജിലെല്ലാവരും കേട്ടു.... നിസ്വാര്‍ഥമായ വണ്‍സൈഡ് പ്രണയത്തിന്റെ അഞ്ചാം വര്‍ഷം പിന്നിട്ടപ്പോഴും ഓട്ടുരുളിയില്‍ പച്ചകുത്തിയ വീട്ടുപേരുപോലെ ശ്രീജിത്തിന്റെ ശിരസില്‍ ആ കഥ ക്ലാവു നീക്കി തെളിഞ്ഞു നിന്നു. അന്നുച്ചയ്ക്ക് ഓട്ടൊയില്‍ കയറി നേരെ സിനി പോയത് എങ്ങോട്ടായിരുന്നു....? വാത്സ്യായന മുനിയുടെ ശിഷ്യനെന്നു സ്വയം പറഞ്ഞുപറഞ്ഞ് അങ്ങനെയല്ലാതായിത്തീര്‍ന്ന ഉച്ചഭാഷിണിപ്രകാശനു പോലും കണ്ടെത്താനായില്ല സിനിയുടെ സഞ്ചാരങ്ങള്‍... കാത്തിരിപ്പിനിടെയുള്ള ആലോചനകള്‍ ചിലപ്പോള്‍ ചങ്ങാതികളാകും. ബസ് കാത്തു നില്‍ക്കുന്ന ഒരാളുടെ ചുണ്ടില്‍ ബബിള്‍ഗം പറ്റിപ്പിടിച്ചതു പോലെ. രണ്ടായിരത്തിപ്പന്ത്രണ്ടിന്റെ ഈസ്റ്റര്‍ മനമറിഞ്ഞു നല്‍കിയ ഈ ഓര്‍മയും അതു ശരിവയ്ക്കുന്നു. മഞ്ഞ നിറത്തിലുള്ള ഒരു പോസ്റ്റ് കാര്‍ഡ് ഒന്നരപ്പതിറ്റാണ്ടുകള്‍ക്കു പിന്നിലേക്കാണ് റിവൈന്‍ഡിങ് സ്വിച്ച് അമര്‍ത്തിയിരിക്കുന്നത്. മറ്റൊരു വിഷുപ്പുലരിയുടെ തലേന്നാള്‍ കറുത്ത മഷിപ്പേനയുടെ അക്ഷരങ്ങളില്‍ പീലി വിടര്‍ത്തുകയാണ് പഴയ സ്വപ്നസുന്ദരി. ' ഒരുപക്ഷേ ഇനി നമ്മള്‍ കാണില്ല. എന്നാലും ഒരിക്കലെങ്കിലും പറഞ്ഞൂടെ... എന്നെ ഇഷ്ടമാണെന്ന്...' ഒറ്റശ്വാസത്തില്‍ സിനി അന്നു പറഞ്ഞൊതുക്കിയത് അവളുടെ കാല്‍ക്കൊലുസിന്റെ കിലുക്കത്തോടെ കാതില്‍ മുഴങ്ങുന്നു. ഗില്‍ട്ട് പേപ്പറില്‍പ്പൊതിഞ്ഞ് ആ കടലാസു പെട്ടി അവള്‍ കൈയില്‍ത്തരുമ്പോള്‍ പ്രതീക്ഷിച്ചിരുന്നില്ല അതിനുള്ളില്‍ പൊതിഞ്ഞുവച്ചതൊരു ഹൃദയപുഷ്പമാണെന്ന്... ഇത്തവണ വിഷുവിനു മുമ്പ് ആ പഴയ മഞ്ഞക്കാര്‍ഡ് വീണ്ടും വായിക്കുമ്പോള്‍ നെഞ്ചില്‍ വല്ലാത്തൊരു വിങ്ങല്‍. മച്ചിനു മുകളില്‍ അട്ടിയിട്ട പുസ്തകക്കൂനയിലെവിടെയെങ്കിലും ഉണ്ടാകുമോ മിനി പെന്‍സിലില്‍ പകര്‍ത്തിയ ആമ്പലിന്റെ ചിത്രം...? കത്തിന്റെ ഏറ്റവുമൊടുവില്‍ സിനി എഴുതിയവസാനിപ്പിച്ച വരികളില്‍ ഇതാ ഇപ്പോള്‍ പ്രണയത്തിന്റെ കര്‍ണികാരങ്ങള്‍ വിടരുന്നു... ' കണിക്കൊന്ന പൂക്കുമ്പോഴെങ്കിലും ഓര്‍ക്കുമല്ലോ....'

literarture,short story,vishuvinu virinja ambal

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES