രണ്ടായിരം അണുകവിതകൾ തുടർച്ചയായി എഴുതി, മലയാള കാവ്യ ചരിത്രത്തിൽ പുതിയൊരു ഏട് എഴുതിച്ചേർക്കുകയാണ് വ്യവസായിയും കവിയമായ സോഹൻ റോയ്. രണ്ടായിരത്തിപ്പതിനെട്ട് ജനുവരിയിൽ തുടക്കംകുറിച്ച അദ്ദേഹത്തിന്റെ ദൈനം ദിന അണുകാവ്യ രചന 2000 തികഞ്ഞിരിക്കുകയാണ്. ഇതോടെ ലോക റെക്കോർഡിൽ സ്ഥാനം പിടിക്കുകയും ചെയ്തു. ഏരീസ് ഗ്രൂപ്പിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദുബായിൽ വച്ച് നടന്ന ചടങ്ങിൽ ടൈം വേൾഡ് റെക്കോർഡ് പ്രതിനിധികൾ ഔദ്യോഗിക സർട്ടിഫിക്കറ്റ് സോഹൻ റോയിക്ക് കൈമാറി.
കവിതാ രൂപത്തിൽ ഉള്ള വരികൾ , സംഗീതം ചെയ്യിപ്പിച്ചെടൂത്ത്, ഓർക്കസ്ട്രയുടെയും അനുയോജ്യമായ ദൃശ്യങ്ങളുടെയും അകമ്പടിയോടെ അപ്പോൾത്തന്നെ വീഡിയോരൂപത്തിലാക്കി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചുവർഷക്കാലത്തിലധികമായി ഒരു ദിവസം പോലും ഇടവേളയില്ലാതെ, അതാത് ദിവസത്തെ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി രചിച്ചുപോന്നിരുന്ന 'അണുകാവ്യം ' എന്ന് പേരിട്ട നാലുവരിക്കവിതകളാണ് ഇപ്പോൾ രണ്ടായിരം എണ്ണം തികഞ്ഞിരിക്കുന്നത്. ഈ 'അണുകാവ്യ' വീഡിയോകളിലൂടെ കണ്ണോടിച്ചാൽ കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ പ്രധാന സംഭവങ്ങൾ ഒന്നൊന്നായി ആർക്കും ഓർത്തെടുക്കാൻ സാധിക്കും എന്ന ഒരു വലിയ പ്രത്യേകത കൂടി ഇതിനുണ്ട്.
ആദ്യകാലത്തെഴുതിയ നൂറ്റി ഇരുപത്തിയഞ്ച് കവിതകൾ ഡിസി ബുക്‌സ് 'അണുകാവ്യം' എന്ന പേരിൽ ഇവ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുകയുണ്ടായി . പിന്നീട് അറുനൂറ്റിയൊന്ന് കവിതകളും പൂർത്തിയായപ്പോൾ, അവ 'അണുമഹാകാവ്യം 601 ' എന്ന പേരിൽ സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ച് പ്രകാശനം ചെയ്തിരുന്നു. സൂര്യ കൃഷ്ണമൂർത്തി, മുരുകൻ കാട്ടാക്കട, പി നാരായണകുറുപ്പ്, എഴാച്ചേരി രാമചന്ദ്രൻ തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ സാന്നിധ്യത്തിൽ പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയാണ് പുസ്തകം ഏറ്റു വാങ്ങിയത്.
തുടർന്ന്, ഏഴാം നൂറ്റാണ്ടിലെ മഹാകാവ്യരചനയുടെ നിയമാവലികളെ പൂർണ്ണമായും ഉൾക്കൊള്ളുന്ന ആയിരത്തൊന്ന് ചെറുകാവ്യങ്ങൾ അടങ്ങിയ 'അണുമഹാകാവ്യം ' എന്ന ഗ്രന്ഥവും അദ്ദേഹം എഴുതുകയുണ്ടായി. പ്രണയം, സാമൂഹ്യ വിമർശനം, രാഷ്ട്രീയം, ആക്ഷേപഹാസ്യം, ദാർശനികം, വയ്യക്തികം വൈവിദ്ധ്യാത്മകം, പാരിസ്ഥിതികം എന്നിങ്ങനെ മനുഷ്യ ജീവിതം അഭിമുഖീകരിക്കുന്ന വിവിധ നാൾ വഴികൾ അടയാളപ്പെടുത്തിയ ഈ സമാഹാരം, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പ്രകാശനം ചെയ്തത്.
ആയിരത്തിയൊന്ന് ദിവസങ്ങൾ തുടർച്ചയായി സമൂഹമാധ്യമങ്ങളിൽ ദൃശ്യാവിഷ്‌കാരത്തോടെ പങ്കു വയ്ക്കപ്പെട്ടതിനുള്ള വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ അംഗീകാരവും അദ്ദേഹത്തിന്റെ അണുകാവ്യരചന കരസ്ഥമാക്കിയിട്ടുണ്ട്. സലിം കുമാർ സംവിധാനം ചെയ്ത കറുത്ത യഹൂദൻ, ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്നിവയടക്കമുള്ള ധാരാളം മുഖ്യധാരാ സിനിമകൾക്കുവേണ്ടി സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും ഒരുക്കിയിട്ടുള്ള പ്രശസ്ത സംഗീത സംവിധായകൻ ബി ആർ ബിജുറാം ആണ് സോഹൻ റോയിയുടെ വരികൾക്ക് സംഗീതസംവിധാനവും ഓർക്കസ്റ്റേഷനും ആലാപനവും നിർവഹിച്ചിരിക്കുന്നത്.