നിങ്ങളെന്തിനാണ് ഇടവേള ബാബുവിനെ ഇങ്ങനെ വേദനിപ്പിക്കുന്നത്...? കേരളത്തിന്റെ ചലച്ചിത്ര ഗീര്‍വനത്തിലെ ഒരു അപ്രധാന പുല്‍ക്കൊടി മാത്രമാണ് ബാബു. ഇടവേളകളില്ലാതെ വേഷമോ അവസരമോ ഒന്നും ലഭിക്കാത്തതിനാല്‍ അങ്ങേര്‍ക്ക് 'നടന്മാരുടെ' സംഘടനയുടെ ഓഫീസ് സെക്രട്ടറി വേഷം കൊടുക്കപ്പെട്ടു.
മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും പുറപ്പെടുവിക്കുന്ന തിട്ടുരങ്ങള്‍ തിരുവായ്ക്കെതിര്‍വായില്ലാതെ ഏറ്റുപറയുന്ന സ്വന്തമായി പഞ്ചേന്ദ്രിയങ്ങള്‍ ഇല്ലാത്ത ഒരു നിരാലംബന്‍ മാത്രമാണ് ഇടവേള ബാബു. സഹപ്രവര്‍ത്തക ക്രൂരമായി ആക്രമിക്കപ്പെട്ടതിനെതിരെ ഒരു ജനതയുടെ ആത്മാവിഷ്‌ക്കാരത്തിന്റെ അമരക്കാരന്‍ മെഗാ സ്റ്റാര്‍ ഒരക്ഷരം ഉരിയാടി കേട്ടിട്ടില്ല.
മോഹന്‍ലാല്‍ പണ്ടേ പുരോഗമനവാദിയല്ലാത്തതിനാല്‍ മിസ്റ്റിസിസത്തില്‍ മുങ്ങാംകുഴിയിട്ട് സ്വയം അപ്രത്യക്ഷനായി. കൊല്ലം കമ്മ്യൂണിസ്റ്റ് അന്നുതൊട്ട് ഇന്നുവരെ ജനപ്രിയന് പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കുന്നു. പത്തനാപുരം എംഎല്‍എയും കൊച്ചി രാജാവിനൊപ്പമാണ്.
വലിയ വായില്‍ ക്രിമിനല്‍ ഗൂഢാലോചന എന്നൊക്കെ ആദ്യം തള്ളിയ WCC സ്ഥാപക ലേഡി സൂപ്പര്‍സ്റ്റാറും പീഡിപ്പിക്കപ്പെട്ട സഹപ്രവര്‍ത്തകയ്ക്കായി ഒരക്ഷരം മിണ്ടുന്നില്ല. അതുകൊണ്ടുതന്നെ കൈനിറയെ അവസരങ്ങള്‍ കിട്ടുന്നു.
സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ഒരു വിട്ടുവീഴ്ചയുമില്ലാതെ പോരാടുന്ന മാലാ പാര്‍വതിയും ഭാഗ്യലക്ഷ്മിയും ഒന്നും കുറ്റാരോപിതനെതിരെ മിണ്ടിയിട്ടേയില്ല. സൈദ്ധാന്തിക വാചകവീര്യത്തില്‍ കാള്‍ മാര്‍ക്സിനെ കവച്ചുവെയ്ക്കുന്ന ഫെഫ്ക ഉണ്ണികൃഷ്ണന്‍ നടിയുടെ കേസില്‍ താത്വിക മൗനത്തിലാണ്. ഏത് ഫീല്‍ഡിലും സ്വന്തം കാര്യം തന്നെയാണ് എല്ലാവര്‍ക്കും എല്ലാമെല്ലാം.
സ്വന്തം കരിയറിന് വരുമാനത്തിന് ഊനം തട്ടുന്ന ഒരു പരിപാടിക്കും ആരും എവിടെയും തയ്യാറാവില്ല. അപ്രധാനരില്‍ അപ്രധാനിയായ ഒരു ഓഫീസ് സെക്രട്ടറിക്ക് മുന്നില്‍ മറ്റൊരു ഓപ്ഷനേയില്ല. വേട്ടക്കാര്‍ക്കൊപ്പം നില്ക്കുമ്ബോള്‍ ലഭിക്കുന്ന വമ്ബന്‍ നേട്ടങ്ങള്‍ മിക്കവര്‍ക്കും നിരസിക്കാനാവില്ല. പാര്‍വതി ഒരു അപൂര്‍വതയാണ്. അതുതന്നെയാണ് അവരുടെ സൗന്ദര്യവും.