ഇന്ത്യൻ കോഫീ ഹൗസ്: മാറാത്തതായുള്ളത് മാറ്റം മാത്രമല്ല
ക ഴിഞ്ഞദിവസം ഞാൻ ഗുരുവായൂരിലെ ഇന്ത്യൻ കോഫീ ഹൗസിൽ പോയി. സ്ഥലം എവിടെയാണെന്നുള്ളത് പ്രസക്തമല്ല. ലവും കാലവും മാറിയാലും ഇന്ത്യൻ കോഫീ ഹൗസിന് ഒരു മാറ്റവുമില്ല.
അതേ കാപ്പി, അതേ യൂണിഫോമിട്ട ജോലിക്കാർ, അതേ ബീറ്റ്റൂട്ടിട്ട മസാലദോശ. കട്ട്‌ലറ്റിന്റെ കൂടെ വരുന്നത് അതേ സോസ്.. വിലയോ തുച്ഛം... ഗുണമോ മെച്ചം.
1970 കളിൽ പത്ത് വയസുള്ളപ്പോൾ ആണെന്ന് തോന്നുന്നു ആദ്യമായി ഞാൻ എറണാകുളം ജോസ് ജംഗ്ഷനിലെ ഇന്ത്യൻ കോഫീ ഹൗസിൽ പോയത്. ഇന്നിപ്പോൾ വയസ് 57 ആയി. ജോസ് ജംക്ഷനിൽ ഇപ്പോൾ ഇന്ത്യൻ കോഫി ഹൗസില്ല. പക്ഷെ മറ്റെവിടെ പോയാലും ഇന്ത്യൻ കോഫീ ഹൗസിന് ഒരു മാറ്റവുമില്ല. ഏറെ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ കോഫീ ഹൗസ് ഒരു റെസ്റ്റോറന്റ് മാത്രമല്ല, വികാരം കൂടിയാണ്.
തിരുവനന്തപുരത്തെ ഇന്ത്യൻ കോഫീ ഹൗസ് സൗഹൃദമാണ് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടിട്ടുള്ളത്. ഇപ്പോഴത്തെ പ്രധാന സിനിമാതാരങ്ങളും എഴുത്തുകാരുമെല്ലാം ഇന്ത്യൻ കോഫീ ഹൗസിലെ സ്ഥിരം സന്ദർശകരായിരുന്നു. പല പ്രശസ്ത കഥകളും സിനിമകളും രൂപപ്പെട്ടത് ഇന്ത്യൻ കോഫീ ഹൗസിൽ വച്ചാണ്. കൊൽക്കത്തയിലും ഡൽഹിയിലും ഒക്കെ ഇങ്ങനത്തെ ചരിത്രമുള്ള കോഫീ ഷോപ്പുകൾ ഉണ്ട്.
സിനിമാക്കഥയല്ലെങ്കിലും ജീവിതകഥകൾ, സിനിമാതാരങ്ങൾ അല്ലെങ്കിലും കമിതാക്കൾ, അവിടെ എത്രയോ കണ്ടുമുട്ടി ജീവിതകഥകൾ രചിച്ചിരിക്കുന്നു. കാലം മാറി. കോഫി ഷോപ്പിൽ വെറുതെയിരുന്ന് സിനിമ സംസാരിച്ചവർ ഇന്ന് താരങ്ങളും സൂപ്പർ താരങ്ങളുമായി. ചായ കുടിച്ച് പ്രണയിച്ചവർ അമ്മൂമ്മമാരും അപ്പൂപ്പന്മാരുമായി.ഇന്ത്യൻ കോഫീ ഹൗസിന് മാത്രം ഒരു മാറ്റവുമില്ല.
1957 ലാണ് ഇന്ത്യൻ കോഫീ ഹൗസ് സ്ഥാപിതമാകുന്നത്. ഇന്നിപ്പോൾ ഇന്ത്യയിലാകെ 400 ഇന്ത്യൻ കോഫീ ഹൗസുകളുള്ളതിൽ ഏറെയും കേരളത്തിലാണ്. കേരളത്തിനകത്തും പുറത്തുമുള്ള ധാരാളം ജീവനക്കാർ മലയാളികളാണ്. അവർ തന്നെയാണ് അതിന്റെ ഉടമകളും മാനേജ്മെന്റും.
പക്ഷെ ഈ കോഫി ഷോപ്പുകൾ തുടങ്ങിയത് തൊള്ളായിരത്തി അമ്ബത്തി ഏഴിലല്ല. ആയിരത്തി തൊള്ളായിരത്തി മുപ്പത്തി ആറിൽ ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ആണ് കോഫീ സെസ്സ് കമ്മിറ്റി ഇന്ത്യ കോഫി ഹൗസുകൾ തുടങ്ങിയത്. തൊള്ളായിരത്തി അമ്ബതാവുമ്ബോഴേക്കും കോഫി ഷോപ്പുകളുടെ എണ്ണം അമ്ബതോളമായി. തൊള്ളായിരത്തി അമ്ബതുകളിൽ ഈ കോഫി ഷോപ്പുകൾ പൂട്ടാൻ കോഫി ബോർഡ് തീരുമാനമെടുത്തു. തൊഴിലാളികൾ പെരുവഴിയാകുമെന്ന സാഹചര്യമായി. അപ്പോഴാണ് തൊഴിലാളി നേതാവായിരുന്ന സഖാവ് എ കെ ജി തൊഴിലാളികളോട് ഈ കോഫി ഷോപ്പുകൾ ഏറ്റെടുക്കാനും പിന്നീട് നടത്തി കൊണ്ടുപോകാൻ പറഞ്ഞത്. അതൊരു വിജയമായി. ഇന്നിപ്പോൾ നാനൂറിലേറെ ഇന്ത്യൻ കോഫീ ഷോപ്പുകൾ ഇന്ത്യയിലുണ്ട്.
ഇനി മറ്റൊരു കോഫി ഷോപ്പിന്റെ കഥ പറയാം. 1971 ലാണ് ഒരു അമേരിക്കക്കാരൻ സ്റ്റാർബക്‌സ് തുടങ്ങുന്നത്, ഇന്ത്യൻ കോഫീ ഹൗസ് തുടങ്ങി 13 വർഷത്തിന് ശേഷം. ഇന്ന് അവർ 70 രാജ്യങ്ങളിൽ വ്യാപിച്ചിരിക്കുന്നു. 30000 ആയി എണ്ണം. പ്രതിവർഷ വിറ്റുവരവ് ഏകദേശം 26.5 ബില്യൺ ഡോളർ ആണ് (രണ്ടു ലക്ഷം കോടിയോളം രൂപ). 349,000 ആളുകൾക്ക് ജോലി നൽകുന്നു. ഷെയർ ഹോൾഡേർസിന് പന്ത്രണ്ട് ബില്യൺ ഡോളർ തിരിച്ചു നല്കി. അമേരിക്കയിൽ മാത്രം ഒരു കോടി എഴുപത് ലക്ഷം സ്റ്റാർബക്‌സ് റിവാർഡ്‌സ് ലോയൽറ്റി പ്രോഗ്രാം അംഗങൾ ആണ്.
എന്തുകൊണ്ടാണ് സ്റ്റാർ ബക്‌സിനും മുപ്പത്തി ആറു വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ഇന്ത്യ കോഫീ ഹൗസ് ഇനിയും ലോകത്ത് പടർന്നു പന്തലിക്കാത്തത്? അതുപോട്ടെ ഈ ലോക്ക് ഡൗൺ കാലത്ത് കേരളത്തിൽ പുതിയതായി ഇരുപത്തി നാലായിരം പുതിയ റസ്റ്റോറന്റുകൾ തുടങ്ങി എന്നാണ് പത്ര വാർത്തകൾ കണ്ടു. ഇതിൽ ഒരു ശതമാനം എങ്കിലും എന്തുകൊണ്ടാണ് കേരളത്തിൽ ഏറ്റവും ബ്രാൻഡ് ഉള്ള ഇന്ത്യൻ കോഫി ഹൗസ് ആകാതിരുന്നത് ?
ലോകമെങ്ങും തൊഴിലെടുക്കാൻ ഇന്ത്യക്കാർ പോകുന്ന കാലത്ത് ഇന്ത്യൻ കോഫീ ഹൗസിന് ദുബായിലും സിംഗപ്പൂരിലും സിലിക്കൺ വാലിയിലും വൻ സാധ്യതയില്ല? അത് പോകട്ടെ, സ്റ്റാർബക്‌സ് പരിചിതമായ ആയിരക്കണക്കിന് ഇന്ത്യക്കാർ വർക്ക് ഫ്രം ഹോം ആയി തിരിച്ചു നാട്ടിലെത്തുമ്ബോൾ കോഫീ ഷോപ്പിലിരുന്ന് പണിയെടുക്കുന്നതാണ് വീട്ടിലിരുന്ന് പണിയെടുക്കുന്നതിലും കാര്യക്ഷമമെന്ന് പഠനങ്ങൾ പറയുമ്ബോൾ പുതിയ തലമുറയെ കൈയിലെടുക്കാൻ വൈ ഫൈ യും ഹൈഫൈ കോഫിയുമായി ആയിരക്കണക്കിന് ഇന്ത്യൻ കോഫീ ഹൗസുകൾ തയ്യാറെടുക്കേണ്ടതല്ലേ?
ഇന്ത്യൻ കോഫീ ഹൗസ് എവിടെയൊക്കെയുണ്ടെന്ന് കണ്ടുപിടിക്കാനുള്ള ഒരു ആപ്പ് ഐ ഫോണിൽ വേണ്ടേ? ഇന്ത്യയിൽ എവിടെയും ഇന്ത്യൻ കോഫീ ഹൗസിൽ വരുന്നവർക്ക് ലോയൽറ്റി കാർഡ് നൽകേണ്ട ? അവർക്ക് കാപ്പി വാങ്ങുന്നതിൽ ഡിസ്‌കൗണ്ടും കോഫീ മഗും ടി ഷർട്ടും നമുക്ക് മാർക്കറ്റ് ചെയ്യേണ്ട്? ഇന്ത്യൻ കോഫീ ഹൗസിലെ ബീറ്റ് റൂട്ട് റെസിപ്പികൾ നമുക്ക് ടി വി യിൽ പരിചയപ്പെടുത്തേണ്ട?ഇന്ത്യയിലെ പതിനായിരം ആളുകൾ എങ്കിലും ഉള്ള ഓരോ നഗരത്തിലും ഓരോ ഇന്ത്യൻ കോഫി ഹൗസ് വേണ്ടേ ?
ലണ്ടനിൽ ഒരു കോടിയോളം ആളുകൾ ഉണ്ടെന്നാണ് കണക്ക്. അവിടെ മാത്രം ഇരുനൂറ്റി നാല്പത്തി ആറ് സ്റ്റാർ ബക്‌സ് ഉണ്ട്. അതായത് ഓരോ നാല്പതിനായിരം പേർക്കും ഒരു കോഫീ ഷോപ്പ് ഉണ്ട്. ഈ കണക്കിൽ ചുരുങ്ങിയത് ഒരു ലക്ഷത്തിൽ ഒരാൾക്കെങ്കിലും വച്ച് നമ്മുടെ വൻ നഗരങ്ങളിൽ ഇന്ത്യൻ കോഫീ ഹൗസ് നമുക്ക് ഉണ്ടാക്കികൂടെ ?
എന്തുകൊണ്ടാണ് ഇത് സംഭവിക്കാത്തത് ?
മാറ്റം ഉണ്ടാകാത്തത് മാറ്റത്തിന് മാത്രമേ ഉള്ളൂ എന്നുള്ള ഹെറാക്ലിറ്റസിന്റെ പ്രസ്താവന സത്യത്തിൽ ശരിയാണോ ?