മലയാള സിനിമയിലെ എക്കാലത്തെയും വലിയ ജനപ്രീതിയുണ്ടായിരുന്ന താരങ്ങളിലൊരാളായ നടന്‍ ദിലീപിന്റെ കരിയറിന്റെ ഗതി മാറ്റിയെഴുതിയ നിര്‍ണ്ണായക സംഭവമായിരുന്നു 2017-ലെ നടി ആക്രമിക്കപ്പെട്ട കേസ്. ഈ കേസും തുടര്‍ന്നുണ്ടായ നിയമപോരാട്ടങ്ങളും ദിലീപ് എന്ന 'ജനപ്രിയ നായകന്' പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടായിരുന്ന വിശ്വാസ്യതയ്ക്ക് കനത്ത കോട്ടം വരുത്തി. കേസിന് മുന്‍പും ശേഷവുമുള്ള ദിലീപിന്റെ ചലച്ചിത്ര ജീവിതം താരതമ്യം ചെയ്യുമ്പോള്‍, ഈ കേസ് എങ്ങനെയാണ് അദ്ദേഹത്തിന്റെ പ്രതാപകാലത്തിന് തിരശ്ശീലയിട്ടതെന്ന് വ്യക്തമാകും.
പടിപടിയായുള്ള വളര്‍ച്ചയും 'ജനപ്രിയന്‍' ഇമേജും
ഏത് സാധാരണക്കാരനും വലിയ സ്വപ്നങ്ങള്‍ കാണാമെന്നും അത് യാഥാര്‍ത്ഥ്യമാക്കാമെന്നും തെളിയിച്ച താരമായിരുന്നു ദിലീപ്. സംവിധായകന്‍ കമലിന്റെ സഹസംവിധായകനായി സിനിമാ ലോകത്ത് പ്രവേശിച്ച അദ്ദേഹം, പിന്നീട് 'എന്നോടിഷ്ടം കൂടാമോ' പോലുള്ള ചിത്രങ്ങളിലൂടെ അഭിനേതാവായി ക്യാമറയ്ക്ക് മുന്നിലെത്തി. നായകനാകാന്‍ വേണ്ട സൗന്ദര്യ സങ്കല്‍പ്പങ്ങളോ ആകാരവടിവോ ഇല്ലാതിരുന്നിട്ടും, അദ്ദേഹം 'അടുത്ത വീട്ടിലെ പയ്യന്‍' എന്ന ഇമേജിലൂടെ കുടുംബ പ്രേക്ഷകരുടെയും കുട്ടികളുടെയും മനസ്സില്‍ വേഗത്തില്‍ ഇടം നേടി.
മാനത്തെ കൊട്ടാരം' എന്ന സിനിമയിലൂടെ നായകനായി മാറിയ ദിലീപ്, പിന്നീട് 'ത്രീ മെന്‍ ആര്‍മി', 'കൊക്കരക്കോ', 'കല്യാണ സൗഗന്ധികം' എന്നിങ്ങനെ കുറഞ്ഞ ബജറ്റിലുള്ള ചിത്രങ്ങളിലൂടെ വിജയക്കുതിപ്പ് തുടര്‍ന്നു. ലോഹിതദാസിന്റെ രചനയില്‍ പിറന്ന 'സല്ലാപം' ദിലീപിന്റെ അഭിനയ ജീവിതത്തിലെ നിര്‍ണ്ണായക വഴിത്തിരിവായി. ഇതിനുശേഷം 'ഈ പുഴയും കടന്ന്', 'മീനത്തില്‍ താലികെട്ട്', 'പഞ്ചാബി ഹൗസ്', 'ഈ പറക്കും തളിക', 'ജോക്കര്‍' തുടങ്ങിയ എണ്ണമറ്റ ഹിറ്റുകള്‍ സമ്മാനിച്ച് അദ്ദേഹം മലയാള സിനിമയിലെ മുന്‍നിര താരമായി വളര്‍ന്നു.
നര്‍മ്മം, കുടുംബ ബന്ധങ്ങള്‍, വൈകാരികത എന്നിവ സമന്വയിപ്പിച്ച ചിത്രങ്ങളിലൂടെ കുട്ടികളെയും വീട്ടമ്മമാരെയും കയ്യിലെടുക്കാന്‍ ദിലീപിന് സാധിച്ചു. 'മീശമാധവന്‍' എന്ന ചിത്രം അദ്ദേഹത്തിന്റെ താരപദവിക്ക് അടിവരയിട്ടു. 'സിഐഡി മൂസ', 'വെട്ടം', 'പാണ്ടിപ്പട' തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകരെ ചിരിയുടെ കൊടുമുടി കയറ്റി. നടന്‍ എന്നതിലുപരി നിര്‍മ്മാതാവായും തിയേറ്റര്‍ ഉടമയായും സിനിമാ വ്യവസായത്തിലെ ശക്തനായ ഒരു അധികാര കേന്ദ്രമായി അദ്ദേഹം മാറി. മലയാള സിനിമയിലെ താരങ്ങളെ അണിനിരത്തി അദ്ദേഹം നിര്‍മ്മിച്ച 'ട്വന്റി ട്വന്റി' എന്ന ചിത്രം, സിനിമാ ലോകത്തെ ദിലീപിന്റെ ആധിപത്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു.
2017: ഗൂഢാലോചനയും അറസ്റ്റും
മലയാള സിനിമയിലെ അനിഷേധ്യ ശക്തിയായി ദിലീപ് വിലസുമ്പോഴാണ് 2017 ഫെബ്രുവരിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെടുന്ന സംഭവമുണ്ടാകുന്നത്. കേസില്‍ മാസങ്ങള്‍ക്കുശേഷം വന്ന നിര്‍ണ്ണായക വഴിത്തിരിവാണ് ഈ ആക്രമണത്തിന് പിന്നില്‍ ദിലീപിന് പങ്കുണ്ടെന്ന പോലീസ് കണ്ടെത്തല്‍. ഗൂഢാലോചന കുറ്റം ചുമത്തി 2017 ജൂലൈ 10-ന് ദിലീപിനെ അറസ്റ്റ് ചെയ്തത് കേരളത്തെ ഞെട്ടിച്ചു. 'ജനപ്രിയ നായകന്‍' എന്ന അദ്ദേഹത്തിന്റെ ഇമേജിന് ഇത് കനത്ത തിരിച്ചടിയായി. 85 ദിവസത്തെ ജയില്‍വാസത്തിനുശേഷം കര്‍ശന വ്യവസ്ഥകളോടെയാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.
കേസിന് ശേഷമുള്ള കരിയര്‍ തകര്‍ച്ച
ജാമ്യം ലഭിച്ചതിന് ശേഷം റിലീസായ ആദ്യ ചിത്രമായ 'രാമലീല' മാത്രമാണ് ദിലീപിന് ഒരു ആശ്വാസമായത്. കേസിന്റെ പേരില്‍ സിനിമയെ കൈവിടരുതെന്ന് സംവിധായകന്‍ അരുണ്‍ ഗോപി നടത്തിയ അഭ്യര്‍ത്ഥനയും, ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണവും ബോക്‌സോഫീസില്‍ 'രാമലീല'യെ വിജയിപ്പിച്ചു. എന്നാല്‍, ഈ ചിത്രം ദിലീപിന്റെ കരിയറിലെ അവസാനത്തെ വലിയ ഹിറ്റ് ആയി മാറി.
തുടര്‍ന്ന് പുറത്തിറങ്ങിയ സിനിമകളെല്ലാം പ്രേക്ഷകര്‍ വേണ്ടത്ര സ്വീകരിച്ചില്ല. 'കമ്മാരസംഭവം', 'ജാക്ക് ആന്‍ഡ് ഡാനിയേല്‍', 'മൈ സാന്റാ', 'കേശു ഈ വീടിന്റെ നാഥന്‍', 'വോയ്സ് ഓഫ് സത്യനാഥന്‍', 'ബാന്ദ്ര', 'തങ്കമണി', 'പവി കെയര്‍ ടേക്കര്‍', 'പ്രിന്‍സ് ആന്‍ഡ് ഫാമിലി' എന്നിങ്ങനെ വിവിധ രൂപത്തിലും ഭാവത്തിലും ദിലീപ് ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ സ്ഥിരം പ്രേക്ഷകരായ കുട്ടികളും വീട്ടമ്മമാരും ഉള്‍പ്പെടുന്ന കുടുംബ സദസ്സുകള്‍ സിനിമകളില്‍ നിന്ന് അകന്നു.
സിനിമാ വ്യവസായത്തില്‍ അദ്ദേഹം ഇപ്പോഴും ശക്തമായ സ്വാധീനമുള്ള വ്യക്തിയായി തുടരുന്നുണ്ടെങ്കിലും, ഒരു കാലത്ത് കളക്ഷന്‍ ഉറപ്പായിരുന്ന 'ജനപ്രിയ നായകന്‍' എന്ന പദവി ദിലീപിന് നഷ്ടമായി. നീണ്ട നിയമ പോരാട്ടങ്ങളും പൊതുസമൂഹത്തില്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളും ജനങ്ങളുടെ കാഴ്ചപ്പാടില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. സിനിമകള്‍ തിയേറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം നേടുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിലൂടെ, നടിയെ ആക്രമിച്ച കേസ് ദിലീപിന്റെ താരമൂല്യത്തിന് വരുത്തിയ തകര്‍ച്ച എത്ര വലുതാണെന്ന് വ്യക്തമാക്കുന്നു.