കേരളത്തില്‍ കോവിഡ് നിരക്ക് വളരെയധികം ഉയരും മുമ്ബേ ഓരോ സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സാ തന്ത്രങ്ങളുടെ നിഷ്പക്ഷ ഓഡിറ്റ് അടിയന്തരമായി നടത്തണം; ഏറ്റവും മെച്ചപ്പെട്ടത് മറ്റ് ആശുപത്രികളിലും ഒരുപോലെ നടപ്പിലാക്കണം; മരണനിരക്ക് കുറയ്ക്കാന്‍ ചില നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും: ഡോ.വിനോദ്.ബി.നായര്‍ എഴുതുന്നു

Malayalilife
കേരളത്തില്‍ കോവിഡ് നിരക്ക് വളരെയധികം ഉയരും മുമ്ബേ ഓരോ സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സാ തന്ത്രങ്ങളുടെ നിഷ്പക്ഷ ഓഡിറ്റ് അടിയന്തരമായി നടത്തണം; ഏറ്റവും മെച്ചപ്പെട്ടത് മറ്റ് ആശുപത്രികളിലും ഒരുപോലെ നടപ്പിലാക്കണം; മരണനിരക്ക് കുറയ്ക്കാന്‍ ചില നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും: ഡോ.വിനോദ്.ബി.നായര്‍ എഴുതുന്നു

കോവിഡ് 19!

ഭാവിയിലെ മരണ നിരക്ക് കുറയ്ക്കാന്‍, ചില നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും!

സംസ്ഥാന സര്‍ക്കാരും, മാധ്യമങ്ങളും, പിന്നെ പൊതുജനങ്ങളും അറിയാനാണ് ഇത് എഴുതുന്നത്.

ഞാന്‍ സംസ്ഥാനത്തെ കോവിഡ് ചികിത്സാ സംവിധാനത്തിന്റെ ഭാഗമേയല്ല!

സത്യം പറഞ്ഞാല്‍ ഞാന്‍, കോവിഡിനെ ഭയക്കുന്ന, അത് കിട്ടാതിരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന, സ്വന്തം വീട്ടില്‍ മാത്രം രോഗികളെ ചികിത്സിക്കുന്ന, 55 വയസ്സുള്ള ഒരു ഇഎന്‍ടി ഡോക്ടറാണ്.

കോവിഡ് താരതമ്യേന ഒരു പുതിയ രോഗമാണ്. ലോകം മുഴുവന്‍ അതിന് പുതിയ പുതിയ ചികിത്സാരീതികള്‍ ഓരോരുത്തരും പരീക്ഷിച്ച്‌ കണ്ടെത്തിക്കൊണ്ടിരിക്കുന്ന സമയമാണ്.

കേരളത്തിനകത്ത് തന്നെ ഓരോ ആശുപത്രിയുടേയും ചികിത്സാ രീതികളും ആശുപത്രി കോവിഡ് പ്രോട്ടോകോളുകളും വ്യത്യസ്തമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഈ ഒരു സാഹചര്യത്തിലാണ് ഞാന്‍ ഇനി പറയാന്‍ പോകുന്ന നിരീക്ഷണങ്ങളുടെ പ്രസക്തി.

1. കോവിഡ് വരുന്ന രോഗികളില്‍ 90 ശതമാനം പേരും, വളരെ ചെറിയ ലക്ഷണങ്ങളുള്ളവരോ രോഗലക്ഷണങ്ങളേ ഇല്ലാത്തവരോ ആണ്. അവര്‍ക്ക് ഒരു വിധത്തിലുള്ള ചികിത്സയും ഇല്ലാതെ തന്നെ രോഗം ഭേദമാകും. അതുകൊണ്ട് അവരെ ചികിത്സിച്ച്‌ ഭേദമാക്കി എന്ന് പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല.

2. ചികിത്സ ശരിക്കും വേണ്ടിവരുന്നത് രക്തത്തിലെ ഓക്‌സിജന്റ അളവ് കുറയുന്നവര്‍ക്കും, നിമോണിയ ബാധിച്ചവര്‍ക്കും, ഗുരുതരമായ മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കും ആണ്.

3. ഇപ്പോള്‍ രണ്ടാമതു പറഞ്ഞ വിഭാഗത്തില്‍ ഉള്ളവരില്‍ രോഗം ഭേദമായവരുടെ നിരക്കും, മരണനിരക്കും വളരെ പ്രസക്തമാണ്.

4. അതുപോലെ തന്നെ ആശുപത്രിയിലുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ഇന്‍ഫെക്ഷന്‍ നിരക്ക് വളരെ പ്രധാനമാണ്. അതായത് രോഗീ പരിചരണം നടത്തുന്നത് മൂലം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാകുന്ന കോവിഡ് ഇന്‍ഫെക്ഷന്‍.

5. ഇപ്പോള്‍ കേരളത്തിലെ എല്ലാ കോവിഡ് ചികിത്സയും നടക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളില്‍ ആണ്.

6. കേരള സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടത്, ഓരോ ആശുപത്രിയിലേയും മേല്‍പ്പറഞ്ഞ ക്യുവര്‍ നിരക്ക്, മോര്‍ട്ടാലിറ്റി നിരക്ക്, ആശുപത്രി ആരോഗ്യ പ്രവര്‍ത്തകരുടെ ഇടയില്‍ ഉള്ള ഇന്‍ഫെക്ഷന്‍ നിരക്ക് എന്നിവ നിഷ്പക്ഷമായി ഓഡിറ്റ് ചെയ്യുകയാണ്.

7. ഏതെങ്കിലും ഒരു മെഡിക്കല്‍ കോളേജിലോ, ആശുപത്രിയിലോ ഇതില്‍ കാര്യമായ വ്യത്യാസവും ഗുണവും മെച്ചവും ഉണ്ട് എന്നുണ്ടെങ്കില്‍ അവിടുത്തെ ചികിത്സാ രീതികളെക്കുറിച്ചും, ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ സംവിധാനങ്ങളെക്കുറിച്ചും പഠിക്കുകയും, അത് അതുപോലെ തന്നെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ ആയി അംഗീകരിച്ച്‌ മറ്റുള്ള ആശുപത്രികളിലും നടപ്പിലാക്കുകയും വേണം.

8. ഇത് പറയുവാന്‍ കാരണം, വരുന്ന ആഴ്ചകളിലും മാസങ്ങളിലും, കേരളത്തിലെ അണുബാധയുടെ നിരക്ക് വളരെയധികം ഉയരും. പുതിയ പുതിയ ആശുപത്രികളും ഡോക്ടറന്മാരും കോവിഡ് ചികിത്സ നടത്തേണ്ടിവരും. ഓരോരുത്തരും അവരവരുടെ യുക്തിക്കനുസരിച്ച്‌ ചികിത്സ നടത്തുകയാണെങ്കില്‍ മരണനിരക്ക് വളരെയധികം ഉയരുവാനുള്ള സാധ്യതയുണ്ട്. മാത്രമല്ല ഇത്രയും ചികിത്സ നടത്തിയതുകൊണ്ട് കിട്ടിയ അനുഭവവും പരിശീലനവും എല്ലാവരിലും ഒരുപോലെ എത്തിക്കേണ്ടത് വളരെ പ്രധാനമാണ്.

9. എന്റെ പരിമിതമായ അറിവ് വച്ച്‌, എറണാകുളം മെഡിക്കല്‍ കോളേജ് ആണ് ഇക്കാര്യത്തില്‍ വളരെ മുന്നില്‍ നില്‍ക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള തുടര്‍ച്ചയായ പരിശീലനങ്ങളും, ഓക്‌സിജന്‍ ബെഡ് സംവിധാനവും, സുസജ്ജമായ കഇഡവും, വ്യക്തമായ ട്രീറ്റ്‌മെന്റ് പ്രോട്ടോകോളും, വ്യത്യസ്ത ലെവലിലുള്ള രോഗി പരിചരണവും, ഐസൊലേഷന്‍ തന്ത്രങ്ങളും, എറണാകുളം മെഡിക്കല്‍ കോളേജിനെ വ്യത്യസ്തമാക്കുന്നു. അതിന് ചുക്കാന്‍ പിടിക്കുന്നത്‌ഡോ. ഫത്താഹുദ്ദീന്‍ ആണ്. അദ്ദേഹം അവിടുത്തെ പള്‍മണോളജി പ്രൊഫസറും നോഡല്‍ ഓഫീസറുമാണ്. അവിടുത്തെ ചികിത്സ തന്ത്രങ്ങള്‍ വ്യത്യസ്തമാണെന്ന് ബോധ്യപ്പെട്ടതുകൊണ്ട് മാത്രമാണ് ഇങ്ങനെയൊരു കാര്യം എഴുതുന്നത്.

കേരളത്തിലെ ഓരോ സര്‍ക്കാര്‍ ആശുപത്രിയിലും കോവിഡ് ചികിത്സ തന്ത്രങ്ങളുടെ നിഷ്പക്ഷ ഓഡിറ്റ് അടിയന്തരമായി നടത്തി, ഏറ്റവും മെച്ചപ്പെട്ടത് മറ്റ് ആശുപത്രികളിലും ഒരുപോലെ നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ഇതിന് സര്‍ക്കാരിനെ നിര്‍ബന്ധിക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും കഴിയണം. അത് ചെയ്യുകയാണെങ്കില്‍ നമ്മുടെ സംസ്ഥാനത്തെ മരണനിരക്ക് പിടിച്ചു നിര്‍ത്തുവാന്‍ നമുക്ക് വലിയൊരു പങ്കു വരെ സാധിക്കും.

ഡോ. വിനോദ് ബി. നായര്‍

Read more topics: # Dr vinod b nair note about covid
Dr vinod b nair note about covid

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES