ഗര്‍ഭിണിയായ കാട്ടാനയ്ക്ക് കൈതച്ചക്കയില്‍ തോട്ട കെട്ടിക്കൊടുത്തതിന്റെ പാപഭാരത്തില്‍ നിന്ന് കരകയറാന്‍ തുടങ്ങും മുമ്ബ് കേട്ടു മസനഗുഡിയില്‍ നിന്നും കരളലിയിക്കുന്ന മറ്റൊരു വാര്‍ത്തയും ദൃശ്യങ്ങളും. ആ വാര്‍ത്തയുടെയും കാഴ്ചയുടെയും നോവില്‍ പൊള്ളിയടര്‍ന്നിരിക്കുമ്ബോള്‍ ഇന്നലെ കേട്ടു വയനാട്ടില്‍ വിനോദസഞ്ചാരിയായ ഒരു യുവതിയുടെ ദുര്യോഗം. ആര്‍ക്ക് ആരെ കുറ്റപ്പെടുത്താനാവും? കാട്ടാനകളുടെ ആക്രമണത്തില്‍ മനുഷ്യജീവന്‍ പിടഞ്ഞമരുമ്ബോള്‍ അവയ്ക്ക് നേരെ കുറ്റപ്പെടുത്തലിന്റെ ഒരു വിരല്‍ചൂണ്ടുമ്ബോള്‍ ബാക്കിയാകുന്ന നാലു വിരലുകള്‍ ചൂണ്ടുന്നത് നമ്മള്‍ മനുഷ്യര്‍ക്ക് നേരെയാണ്.
സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിന് നിയമപ്പോരാട്ടങ്ങള്‍ നടക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ യഥാര്‍ത്ഥ സഞ്ചാരസ്വാതന്ത്ര്യത്തിന്റെ നിഷേധം ആനകള്‍ക്ക് നടത്തുന്നവരാണ് നമ്മള്‍ പ്രബുദ്ധരായ മനുഷ്യര്‍ എന്നതാണ് ഏറ്റവും വലിയ ഐറണി .ഒരു വലിയ 'E'യുടെ മാതൃകയിലേക്ക് ചുരുങ്ങിക്കൂടികൊണ്ടിരിക്കുന്ന നമ്മുടെ വനമേഖലയിലെ ഈ തലമുറയിലെ ആനകള്‍ക്ക് കാടുകളേക്കാള്‍ ഒരുപക്ഷെ കൂടുതല്‍ പരിചയം നാട്ടിലെ കരിമ്ബിന്‍തോട്ടങ്ങളും കൃഷിയിടങ്ങളുമാണ്.
വാലില്‍തൂങ്ങിയും ആര്‍ത്ത് വിളിച്ചും പാട്ടകൊട്ടിയും പടക്കമെറിഞ്ഞും കൂകിയും കുടിയേറ്റക്കാര്‍ നിത്യേന ആനകളെ കാട് കയറ്റുമ്ബോള്‍ ആരും മനസ്സിലാക്കുന്നില്ല, ഇത്തരം പ്രവൃത്തികളുടെ ഭവിഷ്യത്തുകള്‍. ആനകള്‍ക്ക് ഭയം തീര്‍ത്തും നഷ്ടപ്പെട്ട് കഴിയുമ്ബോള്‍ ആക്രമണങ്ങള്‍ ഒഴിച്ചു കൂടാനാവാത്ത ഒരു പ്രശ്നമായി മാറിയേക്കാം. പകല്‍ മുഴുവനും സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ഇടക്കാടുകളില്‍ മറ പിടിച്ച് നിന്ന് രാത്രിയുടെ മറവില്‍ തങ്ങളുടെ പെരുവയര്‍ നിറയ്‌ക്കാന്‍ ഇറങ്ങുമ്ബോഴാണ് വീണ്ടും അവര്‍ മനുഷ്യരുടെ മുന്നില്‍പ്പെടുന്നതും അപകടങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും സംഭവിക്കുന്നതും.
സമീപകാലത്തെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ് കാട്ടാനയും മനുഷ്യനും തമ്മിലുള്ള യുദ്ധം.കാടെല്ലാം നാടാവുകയും ഉള്ള കാടുകള്‍ തേക്ക് തോട്ടങ്ങളോ യൂക്കാലിപ്റ്റസ് തോട്ടങ്ങളോ ആവുകയും അവശേഷിക്കുന്ന ഹരിതവനങ്ങളില്‍ നായാട്ടുകാരും കഞ്ചാവുകൃഷിക്കാരും ചാരായ വാറ്റുകാരും താവളമുറപ്പിക്കുകയും ചെയ്യുമ്ബോള്‍ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി കുറേക്കൂടി സുരക്ഷിതമായ നാട്ടിലേയ്ക്കിറങ്ങുക എന്നതുമാത്രമേ ആനകള്‍ക്ക് ചെയ്യാനുള്ളൂ. കാടിന്റെ ഭംഗി ആവോളം ആസ്വദിക്കാമെന്ന ടാഗ്ലൈനോടെ കാടിനുള്ളില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി റിസോര്‍ട്ടുകളും ഏറുമാടങ്ങളും പണിയുന്ന സ്വാര്‍ത്ഥമുഖങ്ങള്‍ കത്തിയെരിയുന്ന ടയറുകള്‍ ആനയ്ക്ക് നേരെ എറിയാന്‍ മടിക്കുന്നില്ലെങ്കില്‍ പിന്നെ അവ മാത്രം എന്തിനു വിനോദസഞ്ചാരികള്‍ക്ക് സ്വാഗതമരുളണം? ഒരു വശത്ത് കാട്ടാനയ്ക്ക് നേരെ കത്തുന്ന ടയര്‍ എറിയുന്ന മനുഷ്യക്കോലങ്ങള്‍ക്ക് അതേ അളവില്‍ ചവിട്ടിക്കൊന്ന് മറുപടി നല്കി കൊലയാളി ആവുന്നുണ്ട് കാട്ടാനകള്‍.
കാട്ടില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ആനത്താരകള്‍ മനുഷ്യനും വേട്ടക്കാരും ഒത്തൊരുമയോടെ ഇല്ലായ്മ ചെയ്തതാണ്. ആനകള്‍ക്ക് അവ അനിവാര്യമാണെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ ഒക്കെയും തെളിയിക്കുന്നത്.350 മുതല്‍ 500 കിലോമീറ്റര്‍ ദൂരം വരെ ആനകള്‍ പ്രതിവര്‍ഷം സഞ്ചരിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍. ഇതിനായി രാജ്യത്ത് ഇപ്പോള്‍ അവശേഷിക്കുന്നത് 101 ആനത്താരകളും. പക്ഷെ ഇവയില്‍ ഭൂരിഭാഗവും ഇപ്പോള്‍ പലവിധ ഭീഷണി നേരിടുന്നുവെന്ന് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ആനത്താരകളുടെ വീസ്തൃതിയില്‍ ഗണ്യമായ കുറവാണ് ഉണ്ടായത്. 28.7 ശതമാനം പ്രദേശവും മനുഷ്യന്‍ കയ്യേറി കൃഷിസ്ഥലമായും മറ്റും മാറ്റപ്പെട്ടു. സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതായതോടെ വന്യജീവി സംഘര്‍ഷവും രൂക്ഷമായി. കേരളത്തിലാവട്ടെ ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം സര്‍ക്കാര്‍ ഭൂമി യാതൊരു നിയന്ത്രണവുമില്ലാതെ ആദിവാസികള്‍ക്കായി പതിച്ചു നല്‍കി.
എന്നാല്‍ ആദിവാസികളെ പറ്റിച്ചും നിസാര തുക നല്‍കിയും ആദിവാസിക്ക് പട്ടയം ലഭിച്ച ഭൂമി മിക്കതും ഇടനിലക്കാര്‍ വഴി മറിച്ച് വില്‍ക്കപ്പെട്ടു. ഇങ്ങനെ വില്‍ക്കപ്പെട്ട ഭൂമിയില്‍ പ്രാദേശീക ഭരണകൂടത്തിന്റെ ഒത്താശയോടെ റിസോര്‍ട്ടുകള്‍ ഉയര്‍ന്നു. ഉയര്‍ന്നു വന്ന റിസോര്‍ട്ടുകളില്‍ മിക്കതും നിലനില്‍ക്കുന്നത് പ്രധാനപ്പെട്ട ആനത്താര (കാട്ടാനകളുടെ സഞ്ചാര പാത) കളിലാണ്.
ഇതൊക്കെയാണ് യഥാര്‍ത്ഥ വസ്തുതകളെന്നറിഞ്ഞിട്ടും മനുഷ്യനെതിരെ തിരിയുന്ന കാട്ടാനകളുടെ ആക്രമണ സ്വഭാവത്തെ മാത്രം കാണുന്ന നന്മമരങ്ങളോട് പുച്ഛം മാത്രം. ആനത്താരകള്‍ കയ്യേറി സ്വാര്‍ത്ഥലാഭത്തിനായി റിസോര്‍ട്ടുകളും ഏറുമാടങ്ങളും കെട്ടി പണം മാത്രം ലക്ഷ്യമിടുന്ന മനുഷ്യജന്മങ്ങള്‍ക്ക് ആനയെ പഴിക്കാന്‍ എന്തവകാശം?കാട്ടാനശല്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉഗ്ര പ്രസ്താവനകളും പ്രക്ഷോഭങ്ങളും നടത്തുന്ന രാഷ്ടീയപാര്‍ട്ടികളും കര്‍ഷകസംഘടനകളും ആന എന്തു കൊണ്ട്,എന്തിനു വേണ്ടി കാടുവിട്ട് പുറത്തേയ്ക്കിറങ്ങുന്നുവെന്ന് അന്വേഷിക്കാന്‍ മിനക്കെടാത്തത് ആത്മനിന്ദ കൊണ്ടാണ്. വിനോദസഞ്ചാരമെന്ന പേരില്‍ യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാതെ കാടിനുള്ളില്‍ റിസോര്‍ട്ടുകള്‍ പണിത് മരണത്തിന്റെ വാരിക്കുഴിയില്‍ മനുഷ്യരെ വീഴ്‌ത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാനാണ് പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ഉയരേണ്ടത്. അല്ലാതെ കാട്ടകങ്ങളില്‍ ജീവിക്കേണ്ട കാട്ടാനകള്‍ക്കെതിരെയല്ല.
സഞ്ചരിക്കുകയാണാസ്സാഹസി- സങ്കല്‍പത്തില്‍
വന്‍ ചെവികളാം പുള്ളി സ്വാതന്ത്ര്യപത്രം-വീശി
തന്‍ ചെറുനാളിന്‍ കേളീവീഥിയില്‍ -വസന്തത്താല്‍
സഞ്ചിതവിഭവമാം സഹ്യസാനു ദേശത്തില്‍
ഉന്നിദ്രം തഴയ്ക്കുമീ താഴ്‌വര -പോലൊന്നുണ്ടോ
തന്നെപ്പോലൊരാനയ്ക്കു തിരിയാന്‍ -വേറിട്ടിടം?" (സഹ്യന്റെ മകന്‍ '- വൈലോപ്പിള്ളി ശ്രീധരമേനോന്‍ )
NB: ഈ പെണ്‍കുട്ടിയുടെ നിറഞ്ഞ ചിരി ഇല്ലാതാക്കിയത് സ്വാര്‍ത്ഥരായ ചില ഇരുകാലികളാണ്. അവരുടെ പിടിപ്പുകേടാണ്. ഷഹാനയ്ക്ക് കണ്ണുനീര്‍ പ്രണാമം