ഒരു കവിത കൂടി ഞാൻ എഴുതി വയ്ക്കാം
എന്റെ കനവില്‍ നീ എത്തുമ്പോൾ ഓമനിക്കാൻ
ഒരു മധുരമായെന്നും ഓർമ്മ വയ്ക്കാൻ
ചാരുഹൃദയാഭിലാഷമായ് കരുതി വയ്ക്കാൻ
കനലായി നീ നിന്നെരിഞ്ഞൊരാ നാളിലെൻ
അറകൾ നാലറകൾ നിനക്കായ് തുറന്നു
നറു പാൽക്കുടം ചുമന്നെത്രയോ മേഘങ്ങൾ
മനമാറുവോളം നിറമാരി പെയ്തു
കറുകത്തടത്തിലെ മഞ്ഞിൻ കണം തൊട്ട്
കണ്ണെഴുതുമാ വയൽ കിളികൾ
ഓളം വകഞ്ഞെത്തുമോടിവള്ളത്തിനെ
കാറ്റുമ്മ വച്ചൊന്നു പാടി
ഒരു വിളിപ്പാടകലെ നില്ക്കും ത്രിസന്ധ്യകൾ
അവിടെ കുട നിവർത്തുമ്പോൾ
ഒടുവിലെൻ രാഗത്തിൽ നീയലിഞ്ഞു
ഞാനൊരു ഗാനമായ് പൂ പൊലിച്ചു
നാട്ടുവെളിച്ചം വഴിവെട്ടിയിട്ടൊരീ
ഉഷമലരി പൂക്കുന്ന തൊടിയിൽ
മൺതരികളറിയാതെ നാം നടന്നു
രാവിൻ നീലവിരി നമ്മെ പൊതിഞ്ഞു
ഹൃദയമാമാകാശ ചരിവിലാ താരകം
കൺചിമ്മി നമ്മെ നോക്കുമ്പോൾ
ഒരു മാത്ര കൂടി നീ ഇവിടെ നിന്നാൽ
ഞാൻ ജനിമൃതികളറിയാതെ പോകും
(കടപ്പാട് :അനിൽ പനച്ചൂരാൻ)