Latest News

ഗോഡ് ബ്ലസ് യു മൈ സണ്‍; വിഷമിക്കണ്ട, ഞാന്‍ ചെറിയൊരു യാത്ര പോകുന്നു അത്ര മാത്രം; ഞാന്‍ നിന്റടുത്ത് ഉണ്ടാവും;ബാബു പോള്‍ സര്‍ ഈ ഭൂമുഖത്ത് നിന്ന് വിടവാങ്ങിയിട്ട് ഇന്ന് രണ്ട് വര്‍ഷം; ബാബു പോളിനെ എബി ആന്റണി അനുസ്മരിക്കുമ്ബോള്‍

Malayalilife
ഗോഡ് ബ്ലസ് യു മൈ സണ്‍; വിഷമിക്കണ്ട, ഞാന്‍ ചെറിയൊരു യാത്ര പോകുന്നു അത്ര മാത്രം; ഞാന്‍ നിന്റടുത്ത് ഉണ്ടാവും;ബാബു പോള്‍ സര്‍ ഈ ഭൂമുഖത്ത് നിന്ന് വിടവാങ്ങിയിട്ട് ഇന്ന് രണ്ട് വര്‍ഷം; ബാബു പോളിനെ എബി ആന്റണി അനുസ്മരിക്കുമ്ബോള്‍

ന്റെ തണല്‍ മരം : ബാബു പോള്‍ സര്‍ ഈ ഭൂമുഖത്ത് നിന്ന് വിടവാങ്ങിയിട്ട് ഇന്ന് രണ്ട് വര്‍ഷമാകുന്നു. 2019 ഏപ്രില്‍ 12 രാത്രി 11.45 നായിരുന്നു സാറിന്റെ മരണം. പിറ്റേ ദിവസം കവടിയാര്‍ മമ്മീസ് കോളനിയിലെ വീട്ടില്‍ പൊതു ദര്‍ശനത്തിനായി സാറിനെ കൊണ്ടുവന്നു. പെരുമ്ബാവൂരിലെ കുറുപ്പും പടി പള്ളിയില്‍ പ്രീയപ്പെട്ടവരോട് ചേര്‍ന്ന് ഉറങ്ങണം എന്നായിരുന്നു സാറിന്റെ ആഗ്രഹം.

2019 ഏപ്രില്‍ 14 അന്ന് ഓശാന ഞായറാഴ്ച ആയിരുന്നു. പുലര്‍ച്ചെ നാല് മണിക്ക് ഞാന്‍ കവടിയാറിലെ ബാബു പോള്‍ സാറിന്റെ വീട്ടിലെത്തി. ബാബു പോള്‍ സര്‍ ഉറക്കത്തില്‍ ആയിരുന്നു. ഞാന്‍ കണ്ണടച്ച്‌ ആ കാലുകളില്‍ തൊട്ട് തൊഴുത് പ്രാര്‍ത്ഥിച്ചു. ബാബു പോള്‍ സാറിന്റെ ശബ്ദം കേട്ട് കണ്ണു തുറന്ന എന്നോട് മോനേ, നേരത്തെ എത്തിയോ ? നമുക്ക് ഉടനെ പോകാം . അച്ഛന്മാരും പള്ളിക്കാരും ഇപ്പോ എത്തും. അവരുടെ പ്രാര്‍ത്ഥന കഴിഞ്ഞ് നമുക്ക് ഇറങ്ങാം. പ്രാര്‍ത്ഥന മണികള്‍ മുഴങ്ങി. ബാബു പോള്‍ സാര്‍ ജനിച്ച നാട്ടിലേക്ക് , പെരുമ്ബാവൂരിലെ കുറുംപ്പും പടിയിലേക്ക് ആറു മണിയോടെ സാറുമൊത്ത് ഇറങ്ങി. സാറിനോടൊത്തുള്ള യാത്ര ഞാന്‍ എന്നും ആസ്വദിച്ചിരുന്നു.

ഈ യാത്ര ആംബുലന്‍സില്‍ ആയിരുന്നു. എനിക്കും സാറിനും അത് വ്യത്യസ്തമായ അനുഭവം ആയിരുന്നു. ഞങ്ങള്‍ ഒരുമിച്ചുള്ള അവസാനത്തെ യാത്ര . യാത്രയുടെ ഇടക്ക് ആംബുലന്‍സിന്റെ കന്നി ഓട്ടമാണന്ന് ഡ്രൈവര്‍ എന്നോട് പറഞ്ഞു. അപ്പോള്‍ ഞാന്‍ ബാബു പോള്‍ സാറിനോട് പറഞ്ഞു, അങ്ങനെ സാര്‍ ആംബുലന്‍സും ഉദ്ഘാടനം ചെയ്തു എന്ന് . ഒരു പാട് പേരെ രക്ഷിക്കാനും യാത്ര അയക്കാനും ഈ ആംബുലന്‍സിന് കഴിയട്ടെ എന്നും അതിന് ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നും ഇതിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചതായി അറിയിക്കുന്നു എന്നും ബാബു പോള്‍ സാര്‍ പ്രസംഗിച്ചു. അനന്തരം എന്നോട് സ്വകാര്യമായി സാര്‍ അരുള്‍ ചെയ്തു, ആ ഡ്രൈവറോട് നേരെ നോക്കി വണ്ടി ഓടിക്കാന്‍ പറയണം , എന്നെ കാത്ത് പെരുമ്ബാവൂരില്‍ കുറെ ആളുകള്‍ നില്‍പ്പുണ്ട്.

നമുക്ക് എത്രയും വേഗം എത്തണം. സംസ്ഥാന ബഹുമതിയോടെ മുന്നില്‍ ഓടുന്ന പൊലീസിന്റെ പൈലറ്റ് വാഹനത്തിന്റെ പുറകെ ആംബുലന്‍സും പാഞ്ഞു. ഞങ്ങള്‍ പെരുമ്ബാവൂരിലെത്തുമ്ബോള്‍ സാറിനെ കാണാന്‍ ആയിരങ്ങള്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. കുറുപ്പും പടി പള്ളിക്കടുത്തുള്ള വീടിന്റെ മുന്നില്‍ സാര്‍ നീണ്ട് നിവര്‍ന്ന് കിടന്നു. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ആളുകള്‍ സാറിനെ കാണാന്‍ എത്തി. ഞാന്‍ പതുക്കെ ആ വീട്ടില്‍ നിന്നിറങ്ങി. സാറു പഠിച്ച സ്‌ക്കൂള്‍, ജനിച്ച വീട് , ഓടികളിച്ച സ്ഥലം ഇതെല്ലാം കാണുകയായിരുന്നു ഞാന്‍ . പിന്നീട് സിമിത്തേരിയിലും എത്തി. അവിടെ സാറിനുള്ള കുഴി വെട്ടുന്നു. സാറിന്റെ അമ്മയേയും അമ്മുമ്മയേയും അടക്കിയ അതേ കുഴി. തൊട്ടടുത്ത് സാറിന്റെ അച്ഛനും ഉണ്ടായിരുന്നു.

കുറുപ്പു പടി പള്ളിയിലെ വികാരിയച്ചന്‍ പൗലോസ് കോര്‍ എപ്പിസ്‌കോപ്പ , സാറിന്റെ അച്ഛനും ആരാധാന പാത്രവുമായിരുന്ന ആ വലിയ മനുഷ്യന്റെ മുന്നില്‍ അല്‍പ നേരം പ്രാര്‍ത്ഥിച്ചു. വീണ്ടും സാറിന്റെ അടുത്തെത്തി. ജനസാഗരമായിരുന്നു വീടും പള്ളി മൈതാനവും. മൂന്ന് മണിയോടെ സാറിനെ പള്ളിയില്‍ കൊണ്ട് വന്നു. പള്ളിയിലെ ചടങ്ങിന് ശേഷം പൊലീസ് ആചാരവെടി മുഴക്കി. സാറിനെ അമ്മയും മാതാമഹിയും ഉറങ്ങുന്ന കുഴിയിലേക്ക് എടുത്ത് വച്ചു. ഞാന്‍ മണ്ണും പൂവും എടുത്ത് സാറിന്റെ കുഴിയില്‍ ഇട്ടു. എല്ലാവരും ഇറങ്ങി. കുറച്ച്‌ നേരം കൂടി സിമിത്തേരിയില്‍ സാറിന്റെ കുഴിയുടെ അടുത്ത് ഇരുന്നു. അപ്പോള്‍ പള്ളി മൈതാനത്ത് സാറിന്റെ മരണത്തെ തുടര്‍ന്നുള്ള ഓര്‍മകള്‍ ഓരോരുത്തരും അയവിറക്കുകയായിരുന്നു. അതൊന്നും കേള്‍ക്കാനുള്ള മാനസിക അവസ്ഥയില്‍ ആയിരുന്നില്ല ഞാന്‍. പോയി വരട്ടെ എന്ന് സാറിനോട് ചോദിച്ചു.

ഗോഡ് ബ്ലസ് യു മൈ സണ്‍, വിഷമിക്കണ്ട, ഞാന്‍ ചെറിയൊരു യാത്ര പോകുന്നു അത്ര മാത്രം. ഞാന്‍ നിന്റടുത്ത് ഉണ്ടാവും എന്നും , സന്തോഷമായി പോകൂ എന്ന് സാറിന്റെ മറുപടി എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു. തിരിച്ച്‌ സാറിന്റെ മകന്‍ നിബു ചേട്ടനോടും മകള്‍ നീബ ചേച്ചിയോടും യാത്ര പറഞ്ഞിട്ട് ഞാന്‍ ആംബുലന്‍സില്‍ തന്നെ തിരിച്ച്‌ തിരുവനന്തപുരത്തേക്ക് മടങ്ങി. സാറിനോടൊത്തിറങ്ങി സാറില്ലാതെ തിരിച്ചു വരുന്ന ആദ്യ യാത്ര . സാര്‍ മരണമടഞ്ഞ് രണ്ട് വര്‍ഷം ആകുമ്ബോഴും , ഇപ്പോള്‍ ഇത് എഴുതുമ്ബോഴും എനിക്ക് സാറിനെ കാണാന്‍ സാധിക്കും. യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ എനിക്ക് നല്‍കിയ വാക്ക് സാര്‍ പാലിച്ചു. നമ്മുക്ക് ഒരാളെ ആഴത്തില്‍ ഇഷ്ടമുണ്ടങ്കില്‍ മരണത്തിന് പോലും വേര്‍പിരിക്കാന്‍ സാധിക്കില്ല എന്നത് ഞാന്‍ അനുഭവിച്ചറിയുന്ന സത്യമാണ്.

ബാബു പോള്‍ സാര്‍ എന്നോടൊപ്പം ഇന്നും ഉണ്ട്. ബാബു പോള്‍ സാറിനെ ഞാന്‍ ആദ്യമായി കാണുന്നത് 1991 ല്‍ ആണ്. എന്റെ പ്രീഡിഗ്രി കാലഘട്ടത്തില്‍ ആലപ്പുഴ എസ്.ഡി കോളേജില്‍ വച്ചു നടന്ന ഒരു സമ്മാനദാന ചടങ്ങില്‍ കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ആയ ബാബു പോള്‍ സാറിന്റെ കയ്യില്‍ നിന്ന് ഒരു അവാര്‍ഡ് എനിക്കും കിട്ടി. കയ്യില്‍ കിട്ടിയ മെഡലിനേക്കാള്‍ മെഡലു തന്ന വ്യക്തിയെ ഞാന്‍ നോക്കിയിരുന്നു. എവിടെയോ കണ്ട് മറന്ന മുഖം പോലെ എനിക്ക് തോന്നി. പിന്നെ കാണുന്നത് 8 വര്‍ഷങ്ങള്‍ക്ക് ശേഷം സെക്രട്ടേറിയേറ്റില്‍ വച്ച്‌ . ജോലി കിട്ടി സെക്രട്ടേറിയേറ്റില്‍ വന്ന ഞാന്‍ സൗത്ത് ബ്ലോക്കില്‍ വച്ച്‌ ബാബു പോള്‍ സാറിനെ അവിചാരിതമായി കാണുന്നു. പൊതുമരാമത്ത് വകുപ്പ് സെക്ഷന്‍ എവിടെയാണന്ന് ചോദിച്ച എന്നോട് അത് ചൂണ്ടിക്കാണിച്ച്‌ തന്നിട്ട്, എന്നോട് ഓഫിസിലേക്ക് വരാന്‍ പറഞ്ഞു.

തിരിച്ച്‌ സാറിന്റെ അടുത്ത് എത്തിയ എന്നോട് വാത്സല്യത്തോടെ എന്റെ കൂടെ ജോലി ചെയ്യാന്‍ പറഞ്ഞു. അന്ന് തുടങ്ങി മരിക്കുന്നതുവരെ ഒരച്ഛന്റെ സ്‌നേഹം വാരി കോരി തന്ന് കൂടെ നിറുത്തി. ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്ബോള്‍ അപകടത്തില്‍ മരിച്ചയാളായിരുന്നു എന്റെ അപ്പന്‍. സാറിനെ കണ്ടതിന് ശേഷം എന്റെ ലോകം , എന്റെ സര്‍വ്വകലാശാല, എന്റെ അപ്പന്‍ എല്ലാം സാറായിരുന്നു. സഹോദരിമാരുടെ കല്യാണം, എന്റെ കല്യാണം, എന്റെ കുട്ടികളുടെ മാമോദിസ( അവര്‍ ഒരേ പ്രസവത്തില്‍ ജനിച്ചവരായിരുന്നു , രണ്ട് പെണ്ണും ഒരാണും , ജോ, ജു ആന്‍, ജെനിഫര്‍ എന്നിങ്ങനെയാണ് അവരുടെ പേരുകള്‍) ഇതിലെല്ലാം ആദ്യം മുതല്‍ അവസാനം വരെ ഒരച്ഛന്റെ സ്ഥാനത്ത് നിന്ന് പങ്കെടുത്ത് , അനുഗ്രഹിച്ച വ്യക്തിയായിരുന്നു ബാബു പോള്‍ സാര്‍. ഞങ്ങള്‍ തമ്മിലുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ ആഴം എഴുതാന്‍ പുസ്തകങ്ങള്‍ തന്നെ വേണ്ടി വരും എന്നതുകൊണ്ട് ഞാന്‍ അതിലേക്ക് കൂടുതല്‍ പോകുന്നില്ല. തിരിഞ്ഞ് നോക്കുമ്ബോള്‍ കുടുംബ ബന്ധത്തിന്റെ ഇഴയടുപ്പം ഞാന്‍ മനസിലാക്കിയതു സാറില്‍ നിന്നായിരുന്നു.

2000 ത്തില്‍ സാറിന്റെ ഭാര്യ , എന്റെ ആന്റി മരിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് തിരുവനന്തപുരം ആര്‍.സി.സി യില്‍ നിന്ന് ഞാന്‍ വാങ്ങി സാറിനെ ഏല്‍പിച്ചു. മരണ സര്‍ട്ടിഫിക്കറ്റു പിടിച്ച്‌ ഒരു കൊച്ചു കുഞ്ഞിനെ പോലെ വിതുമ്ബുന്ന സാറിന്റെ ചിത്രം എന്റെ മനസില്‍ ഇപ്പോഴും ഉണ്ട് . മരിച്ചവര്‍ മാലാഖമാര്‍ ആണന്ന് സാര്‍ ഇടക്കിടെ പറയുമെങ്കിലും പ്രസംഗത്തിലും പ്രവൃത്തിയിലും അകാലത്തില്‍ മരിച്ച ഭാര്യയോടുള്ള ഇഷ്ടം തന്റെ മരണം വരെ സാര്‍ പ്രകടപ്പിച്ചു കൊണ്ടിരുന്നു. ഇടക്കിടെ ആന്റിയെ അടക്കിയ സെമിത്തേരിയില്‍ പോയി കുറെ നേരം ഏകനായി ഇരിക്കുന്ന സാറിനെ ഞാന്‍ കണ്ടു. രണ്ട് മക്കള്‍ ആണ് സാറിന് , അവര്‍ എനിക്ക് ചേട്ടനും ചേച്ചിയും ആയി . സാറിന്റെ രണ്ട് കണ്ണുകള്‍ ആയിരുന്നു അവര്‍. ഞാന്‍ അവരെ സ്‌നേഹിച്ചതിനേക്കാള്‍ എത്രയോ ഇരട്ടി അവര്‍ എന്നെ സ്‌നേഹിക്കുന്നു എന്നാണ് വില്‍പത്രത്തില്‍ സാര്‍ മകനെ കുറിച്ചെഴുതിയത്. കുടുംബ ബന്ധങ്ങളുടെ ആഴവും അടുപ്പവും ഞാന്‍ പഠിച്ചതും സാറിലൂടെയായിരുന്നു.

എന്റെ ഭാര്യ നിഷ രണ്ട് പുസ്തകങ്ങള്‍ എഴുതി പബ്‌ളിഷ് ചെയ്തപ്പോള്‍ ഏറ്റവും സന്തോഷിച്ചവരില്‍ ഒരാള്‍ സാര്‍ ആയിരുന്നു. എന്റെ കുട്ടികളെ എഴുത്തിനിരുത്തിയതും ഇടക്കിടെ അവരെ വിളിച്ച്‌ കൊഞ്ചിക്കാനും സാര്‍ സമയം കണ്ടെത്തിയിരുന്നു.2018 ഡിസംബര്‍ 22 നായിരുന്നു ഞങ്ങള്‍ ഒരുമിച്ച്‌ പോയ അവസാനത്തെ പൊതുപരിപാടി. ലീഡര്‍ കെ. കരുണാകരന്റെ ചരമ വാര്‍ഷികം ടാഗോര്‍ തീയേറ്റില്‍ വച്ച്‌ നടത്താന്‍ കെ.കരുണാകരന്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചു. ഒരു സെക്ഷന്‍ സാറും മുന്‍ ചീഫ് സെക്രട്ടറി രാമചന്ദ്രന്‍ നായര്‍ സാറും ആയിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സദസിലും . ലീഡറുമൊത്തുള്ള ബന്ധങ്ങള്‍ സാര്‍ സ്വതസിദ്ധ ശൈലിയില്‍ അയവിറക്കിയപ്പോള്‍ സദസ് കാതോര്‍ത്തിരുന്നു. ഉജ്വലമായ ആ പ്രസംഗം ലൈവില്‍ പകര്‍ത്തിയ എനിക്ക് ഫോണിന്റെ ചാര്‍ജ് പണിമുടക്കിയതു മൂലം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. രാഷ്ട്രീയത്തില്‍ ഞാനേറെ ഇഷ്ടപ്പെടുന്ന ലീഡറെ കുറിച്ച്‌ ജീവിതത്തിലെ എന്റെ ഹീറോ ബാബു പോള്‍ സാര്‍ നടത്തിയ പ്രസംഗം ലൈവില്‍ പകര്‍ത്താന്‍ തടസ്സപ്പെട്ടപ്പോള്‍ എന്തോ ഒരു അപശകുനം പോലെ എനിക്ക് തോന്നി.

തിരിച്ച്‌ പ്രസംഗം കഴിഞ്ഞ് കവടിയാറിലെ വീട്ടില്‍ എത്തിയപ്പോള്‍ ഇനി ഞാന്‍ അധിക നാള്‍ ഉണ്ടാവില്ല എന്ന് സാര്‍ എന്നോട് പറഞ്ഞു. സാര്‍ സെഞ്ച്വറി അടിക്കും എന്ന മറുപടിയും നല്‍കി ഞാന്‍ മടങ്ങുമ്ബോള്‍ സാര്‍ എന്നെ തന്നെ നോക്കി നില്‍ക്കു കയായിരുന്നു. ഇതു ഞങ്ങള്‍ ഒരുമിച്ചുള്ള അവസാന പൊതുപരിപാടിയായിരിക്കും എന്ന് സാറിന് ഒരു പക്ഷേ അറിയാമായിരിക്കും എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്ബോള്‍ എനിക്ക് തോന്നുന്നു. ഇടുക്കി ഡാമിന്റെ ശില്‍പിയും ഇടുക്കിയിലെ ആദ്യ കളക്ടറും ആയ ബാബു പോള്‍ സാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും നാടിനായി തന്റെ ജീവിതം സമര്‍പ്പിച്ചതിന്റെ തെളിവാണ് സംസ്ഥാനത്തെ പ്രശസ്ത സ്ഥാപനമായ കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി . സിവില്‍ സര്‍വീസ് രംഗത്തെ കേരളത്തിന്റെ കുതിച്ച്‌ ചാട്ടത്തിന് പിന്നില്‍ ഈ സ്ഥാപനം വഹിച്ച പങ്ക് ശ്രദ്ധേയമാണ്. സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യുക്കേഷന്റെ തലപ്പത്തുള്ള മോഹന്‍ എബ്രഹാം ഒരു ദിവസം സാറിന്റെ അടുത്തെത്തുമ്ബോള്‍ ഞാനും സാറിന്റെ കൂടെയുണ്ടായിരുന്നു.

എന്നെ ചെറിയ ഒരു തസ്തികയിലേക്ക് ഒതുക്കി എന്ന മോഹന്‍ എബ്രഹാമിന്റെ പരിദേവനം കേട്ടപ്പോള്‍ സാറിന് ചിരിയാണ് വന്നത്. നട്ടെല്ലു വളയ്ക്കാത്ത ഉദ്യോഗസ്ഥനായിരുന്ന ബാബു പോള്‍ സാര്‍ 40 ഓളം തസ്തികകളില്‍ ജോലി ചെയ്തിരുന്നു. ഇരിക്കുന്ന കസേര വേണമെങ്കില്‍ കനക സിംഹാംസനമാക്കാം എന്ന് മൊഴിഞ്ഞ ബാബു പോള്‍ സാര്‍ മോഹന്‍ എബ്രഹാമിന് ആത്മവിശ്വാസം നല്‍കി. അന്ന് മോഹന്‍ എബ്രഹാം സാറിന്റെ മുറിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഇന്ന് കാണുന്ന സിവില്‍ സര്‍വീസ് അക്കാദമിയുടെ പിറവി ആയി. മരണം വരെ സര്‍ക്കാരില്‍ നിന്ന് കാലണ വാങ്ങാതെ സിവില്‍ സര്‍വീസ് അക്കാദമിയുടെ മെന്റര്‍ ആയി ബാബു പോള്‍ സാര്‍ പ്രവര്‍ത്തിച്ചു. അവിടുത്തെ കുട്ടികള്‍ സിവില്‍ സര്‍വീസിന്റെ ഉന്നത പടവുകള്‍ കയറുമ്ബോള്‍ ബാബു പോള്‍ സാര്‍ ആഹ്‌ളാദിച്ചു. കൈ പിടിച്ച്‌ കൊണ്ട് നടക്കാന്‍ ആരുമില്ലാതിരുന്ന കാലഘട്ടത്തില്‍ സ്വപ്രയ്തനം കൊണ്ട് ഐ.എ.എസ് നേടിയ തന്റെ കാലഘട്ടങ്ങള്‍ ഇടക്കിടെ അദ്ദേഹത്തിന്റെ ഓര്‍മയില്‍ മിന്നിമറയുന്നുണ്ടാവാം. മരണാനന്തരം നീയമസഭയില്‍ സിവില്‍ സര്‍വീസ് അക്കാദമിക്ക് ബാബു പോള്‍ സാറിന്റെ പേര് നല്‍കണം എന്ന് ഡോ. എം.കെ. മുനിര്‍ എം.എല്‍ എ സബ്മിഷന്‍ വഴി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇത് അടിയന്തിരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. അംഗീകരിക്കാം എന്ന് സര്‍ക്കാര്‍ മറുപടിയും നല്‍കി. ഒന്നും ഇതുവരെ നടന്നില്ല എന്ന് മാത്രം. നല്ല കാര്യങ്ങള്‍ നടക്കാന്‍ കാലതാമസം നേരിടേണ്ടി വരും എന്ന് ബാബു പോള്‍ സാറിന് നന്നായിട്ടറിയാം . വല്ലാര്‍പാടം കണ്ടെയ്‌നയര്‍ ടെര്‍മിനല്‍ ബാബു പോള്‍ സാറിന്റെ മസ്തിഷ്‌കത്തില്‍ ഉദിച്ച ആശയമായിരുന്നു. അന്ന് കൊച്ചില്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാനായിരുന്നു സാര്‍ . വല്ലാര്‍പാടത്തിന്റെ ഉദ്ഘാടനംനടന്നത് സാര്‍ റിട്ടയര്‍ ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞ് . അസാമാന്യ ഹ്യൂമര്‍ സെന്‍സുള്ള പ്രാസംഗികനായിരുന്നു ബാബു പോള്‍ സാര്‍. ചില മന്ത്രിമാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും രസിച്ചില്ലങ്കില്‍ കൂടിയും സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം തന്റെ പ്രസംഗവും വിമര്‍ശനവും തുടര്‍ന്നിരിന്നു. പിന്‍ കാലത്ത് ഈ മന്ത്രിമാര്‍ പലരും സാറിന്റെ അടുത്ത സുഹൃത്തുക്കളായി മാറി. ബാബു പോള്‍ സാര്‍ ഇടുക്കി കളക്ടറായിയിരുന്ന കാലയളവില്‍ ആയിരുന്നു തൊടുപുഴ സബ് ട്രഷറിയുടെ ഉദ്ഘാടനം .

മന്ത്രി ഉദ്ഘാടനവും അദ്ധ്യക്ഷന്‍ കളക്ടറും. കൃത്യ സമയത്ത് തൊടുപുഴയില്‍എത്തിയ മന്ത്രിയെ കിങ്കരന്മാര്‍ വേറെ ഒന്ന് രണ്ട് സ്ഥലങ്ങളില്‍ കൂടി എത്തിച്ചു. ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് മന്ത്രിക്ക് ട്രഷറി ഉദ്ഘാടനത്തിന് എത്താന്‍ സാധിച്ചത്. ഈ പരിപാടിയുടെ ഉദ്ഘാടനത്തിനുണ്ടായ താമസം ഈ ട്രഷറിയുടെ പ്രവര്‍ത്തനത്തില്‍ ഉണ്ടാകാതിരിക്കട്ടെ എന്നും മന്ത്രിയെ വിനയപുരസ്‌കരം ഉദ്ഘാടനത്തിനായി ക്ഷണിക്കുന്നു എന്ന വാക്കുകളോടെ അദ്ധ്യക്ഷ പ്രസംഗം ബാബു പോള്‍ സാര്‍ ഒറ്റവരിയില്‍ ഒതുക്കി. ഇങ്ങനൊരു അദ്ധ്യക്ഷ പ്രസംഗം കാഴ്ചവയ്ക്കാന്‍ ബാബു പോള്‍ സാറിനല്ലാതെ മറ്റാര്‍ക്കും പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. രണ്ട് ഹിപ്പപൊട്ടാമസുകളെ മ്യൂസിയത്തുകൊണ്ട് വന്നത് രാത്രി 1 മണിക്ക്. സ്വീകരിക്കാന്‍ മന്ത്രിയും ഡയറക്ടറും . സ്വീകരിക്കാന്‍ അര്‍ദ്ധരാത്രിക്ക് ക്ഷണിച്ച ഡയറക്ടറോടു ബാബു പോള്‍ സാര്‍ പറഞ്ഞതിങ്ങനെ ' രണ്ട് കാണ്ടാമൃഗങ്ങള്‍ സ്വീകരിക്കാന്‍ നിലവില്‍ ഉള്ളപ്പോള്‍ എന്നെപ്പോലൊരു കാണ്ടാമൃഗത്തിന്റെ കൂടി ആവശ്യമില്ല. എന്നെ ഉറങ്ങാന്‍ അനുവദിക്കുക ' .

ബാബു പോള്‍ സാര്‍ ടൂറിസം വകുപ്പിന്റെ തലപ്പത്ത് ഉണ്ടായിരുന്നപ്പോള്‍ തെരഞ്ഞെടുത്ത പേരാണ് ' കേരളം ദൈവത്തിന്റെ സ്വന്തം നാട് ' . ഇന്ന് കാണുന്ന ടൂറിസം വകുപ്പിന്റെ കെട്ടും മട്ടും ബാബു പോള്‍ സാറിന്റെ സംഭാവനയായിരുന്നു. മെന്‍ഡസ് എന്ന കോപ്പിറൈറ്റര്‍ ആണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന പേര് എഴുതി നല്‍കിയത്. തെരഞ്ഞെടുത്തത് ബാബു പോള്‍ സാറും ജയകുമാര്‍ സാറും അടങ്ങുന്ന ടീം. പേരിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ പിന്നീട് ഒരു പാട് പേര്‍ ശ്രമിച്ചപ്പോഴും മെന്‍ഡസിനുള്ളത് മെന്‍ഡസിന് കൊടുക്കുക എന്നായിരുന്നു ബാബു പോള്‍ സാറിന്റെ മറുപടി. ആറന്മുളയിലെ വാസ്തുവിദ്യാഗുരുകുലവും ബാബു പോള്‍ സാറിന്റെ സംഭാവനയായിരുന്നു. അതിനെ പോറ്റി വളര്‍ത്താന്‍ പി.എന്‍. സുരേഷ് എന്നയാളെ ഏല്‍പിച്ചു. സാറിന്റെ കണ്ടുപിടിത്തങ്ങള്‍ തെറ്റാറില്ല. വാസ്തുവിദ്യാഗുരുകുലം വളര്‍ന്ന് കേരളത്തിന്റെ അഭിമാന സ്ഥാപനമായി മാറി. പി എന്‍. സുരേഷ് എന്ന സുമുഖന്‍ പിന്നീട് കലാമണ്ഡലം വൈസ് ചാന്‍സലറായി.

ഇപ്പോള്‍ എന്‍.എസ്. എസ് രജിസ്ട്രാറാണ് അദ്ദേഹം. ഇടുക്കിയിലെ ജനങ്ങള്‍ക്ക് ആദ്യ കളക്ടറോടുള്ള ഇഷ്ടം 2006-2011 കാലയളവില്‍ ഇടുക്കിയില്‍ ജോലി ചെയ്ത എനിക്ക് നേരിട്ടനുഭവമുള്ള കാര്യമാണ്'. ഇടുക്കി ജില്ലയുടെ ഉദ്ഘാടനം ബാബു പോള്‍ സാര്‍ നിര്‍വഹിക്കുന്നതിന്റെ ചിത്രം ഇന്നും ഇടുക്കി കളക്ടറുടെ മുറിയില്‍ ഉണ്ട്. അതിന്റെ ഒരു ഫോട്ടോ എടുത്ത് സാറിന്റെ കഥ ഇതു വരെ എന്ന സര്‍വീസ് സ്റ്റോറിക്കുവേണ്ടി ഇടുക്കിയില്‍ നിന്ന് ഞാന്‍ കൊണ്ട് വന്ന് സാറിനെ ഏല്‍പിച്ചതും സാര്‍ ആ ഫോട്ടോയില്‍ വളരെയേറെ നേരം നോക്കിയിരിക്കുന്നതും ഇന്നലത്തേതുപോലെ ഞാന്‍ ഓര്‍ക്കുന്നു. ഇടുക്കി ഡാമിന്റെ നിര്‍മ്മാണവും ആറ് വര്‍ഷത്തെ ഇടുക്കി ജീവിതവും സാറിന്റെ കണ്ണുകളില്‍ ഇരമ്ബുന്നതു നോക്കി യാത്ര പറയാതെ സാറിനെ ഓര്‍മകളില്‍ ഊളിയിട്ടു പറക്കുവാന്‍ അനുവദിച്ച്‌ അന്ന് ഞാന്‍ മടങ്ങി. ജോലിയുടെ കാര്യത്തില്‍ മുന്‍ ചീഫ് സെക്രട്ടറി കാളി ശ്വരന്‍ ആയിരുന്നു സാറിന്റെ ഗുരു. ഗുഗുരു എന്ന് സാര്‍ സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്ന ചീഫ് സെക്രട്ടറി ആയിരുന്നു പത്മകുമാര്‍ സാര്‍. അവര്‍ തമ്മില്‍ ഒരു ജ്യേഷ്ടാനുജ ബന്ധം ഉണ്ടായിരുന്നു. സാര്‍ മരിക്കുന്നതിന് 6 മാസം മുമ്ബ് പത്മകുമാര്‍ മരിച്ചു.

പത്മകുമാര്‍ സാറിനെ സ്മരിച്ച്‌ സാര്‍ ഒരു ലേഖനം എഴുതി ഒരു പത്രത്തില്‍ കൊടുക്കാന്‍ എന്നെ ഏല്‍പിച്ചു. അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു ' ഒരു രാജഹംസം പറന്ന് പോയി '. കാല്‍പനികതയുടെ സൗന്ദര്യം പേറിയ തലക്കെട്ടുകളും എഴുത്തുകളുമായി കേരളീയ സാഹിത്യ ചക്രവാളത്തില്‍ തലയെടുപ്പോടെ ബാബു പോള്‍ സാര്‍ നിന്നു. മരിക്കുന്ന വര്‍ഷം ഓരോ 32 മണിക്കൂറിലും ഒരു പ്രസംഗം സാര്‍ വിവിധ വേദികളില്‍ നടത്തിയിരുന്നു. ഗണേശ പുരാണവും മാര്‍ക്കണ്ടേയ പുരാണവും ഭഗവത് ഗീതയും ബൈബിളും എല്ലാം ആ നാവില്‍ നിന്ന് പുറത്ത് വന്നു. കേരളീയ പൊതു സമൂഹത്തിന്റെ സ്‌നേഹം ഏറ്റവും കൂടുതല്‍ കിട്ടിയ അപൂര്‍വ്വം പേരില്‍ ഒരാളായിരുന്നു ബാബു പോള്‍ സാര്‍. സര്‍വീസ് കാലഘട്ടത്ത് സാറിനിട്ട് പാര പണിയുക വിനോദമാക്കിയ ഒരു ഐ.എ.എസ് മഹാന്‍ സാറിന്റെ അനുസ്മരണ ചടങ്ങില്‍ സാറിനെ പുകഴ്‌ത്തി സംസാരിക്കുന്നതു കേട്ട എനിക്ക് ചിരി വന്നു. മലയാള ഭാഷയിലുള്ള സാറിന്റെ പാണ്ഡിത്യത്തെക്കുറിച്ചായിരുന്നു പുകഴ്‌ത്തല്‍ . ഞാനും സാറും ആയി ഇപ്പോഴും ഒരു ഹോട്ട് മെയില്‍ ഉണ്ട്. സൈക്കോളജിസ്റ്റുകള്‍ അതിനെ കുറിച്ച്‌ കൂടുതല്‍ പഠിക്കട്ടെ. ഞാന്‍ ഹോട്ട് മെയില്‍ വഴി സാറിന് ഈ പ്രസംഗം അയച്ച്‌ കൊടുത്തു. നിര്‍ത്താതെയുള്ള പൊട്ടിച്ചിരിയായിരുന്നു മറുപടി.

ഓരോ ദിവസവും ജീവിതത്തിലെ അവസാന ദിനമായി കണ്ട് ഈശ്വരനോട് പ്രാര്‍ത്ഥിച്ച്‌ ഉറങ്ങുക, പിറ്റേന്ന് എഴുന്നേറ്റാല്‍, അടുത്ത ദിവസം തന്നതിന് ദൈവത്തിന് നന്ദി പറയുക ഇതായിരുന്നു സാര്‍ പഠിപ്പിച്ചു തന്ന പാഠം. മരണത്തിന്റെ 3 വര്‍ഷം മുന്‍പ് ചരമപ്രസംഗം തയ്യാറാക്കി വച്ച്‌ , എല്ലാവരെയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്‌നേഹിച്ചും ബാബു പോള്‍ സാര്‍ നടന്നു നീങ്ങി. എന്തെങ്കിലും സംശയനിവാരണത്തിന് മറുപടി തരാന്‍ സാറില്ലല്ലോ എന്ന് സാറിന്റെ മരണത്തിന് ശേഷം ഒരാള്‍ എന്നോട് പറഞ്ഞു. ഞാന്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു പറഞ്ഞയച്ചു. അപ്പോള്‍ തന്നെ ഞാന്‍ ഒരു ഹോട്ട്‌മെയില്‍ ബാബു പോള്‍ സാറിന് അയച്ചു. മറുപടിയും വന്നു. ഇടതടവില്ലാതെ ഞങ്ങളുടെ മെയിലുകള്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പോയി വരുന്നു. തെരഞ്ഞെടുപ്പ് പ്രവചനത്തില്‍ സാര്‍ ഒരു ജീനിയസായിരുന്നു. അന്തരിച്ച കേന്ദ്ര മന്ത്രി രാജേഷ് പൈലറ്റ് പോലും ആ പ്രവചനത്തിന്റെ ആരാധകന്‍ ആയിരുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച്‌ ഞാന്‍ സാറിന് അയച്ച ഹോട്ട്‌മെയിലിന് കിട്ടിയ മറുപടി ഞാന്‍ സൂക്ഷിച്ച്‌ വച്ചിട്ടുണ്ട്.

1987 ല്‍ മണര്‍കാട് പള്ളി മൈതാനത്ത് വച്ച്‌ നടന്ന പരിപാടിയില്‍ അന്നത്തെ യുവ എം.എല്‍ എ കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയാകും എന്ന് സാര്‍ പ്രവചിച്ചിരുന്നു. ആ എം എല്‍ .എ ഇന്ന് സംസ്ഥാന രാഷ്ട്രീയത്തില്‍ തലയെടുപ്പോടുകൂടി നില്‍ക്കുന്നു എന്ന് മാത്രം ഇവിടെ സൂചിപ്പിക്കുന്നു. കടലോളം സ്‌നേഹം വാരി കോരി തന്ന് നെഞ്ചോട് എന്നെ ചേര്‍ത്തണച്ച , ചാരത്ത് നിറുത്തി വളര്‍ത്തി വലുതാക്കിയ എന്റെ അപ്പന്റെ , എന്റെ ഗുരുവിന്റെ ഓര്‍മകള്‍ക്കു മുന്നില്‍ ഞാന്‍ ദണ്ഡനമസ്‌കാരം ചെയ്യുന്നു.ഞാനും സാറും ആയുള്ള ഹോട്ട്‌മെയിലുകളുമായി ഞാന്‍ മടങ്ങുന്നു. എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു. ശുഭമസ്തു.

(ലേഖകന്‍ ഫെയ്‌സ് ബുക്കില്‍ എഴുതിയത്)

AB Antony remembers note about Babu Paul

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക