ഇന്ന് ലോകയോഗ ദിനമാണ്. യോഗ നിത്യജീവിത്തിന്റെ ഭാഗമാക്കിയാല്‍ അത് ജീവിതത്തില്‍ വരുത്തിതരുന്ന മാറ്റങ്ങളും വലുതാണ്. ദു:ഖം തോന്നുന്ന അവസരങ്ങളില്‍ സ്വാഭാവികമായും വിഷാദമുണ്ടാവാം.
ചിലയവസരങ്ങളില്‍, നിരാശ ആഴത്തിലുള്ളതും കൂടുതല്‍ സമയം നിലനില്‍ക്കുന്നതും ആയേക്കാം. ഇത്തരം അവസരങ്ങളില്‍, എന്തെങ്കിലും ചെയ്യാന്‍ മടി തോന്നുകയും പ്രതീക്ഷ നഷ്ടപ്പെട്ടതായി തോന്നുകയും നിസ്സഹായത അനുഭവപ്പെടുകയും ആരോടെങ്കിലും സംസാരിക്കാന്‍ പോലും വിമുഖത കാട്ടുകയും ഏകാന്തതയും ഉറക്കമില്ലായ്മയും മറ്റും അനുഭവപ്പെടുകയും ചെയ്‌തേക്കാം. ഇത് 'നിങ്ങള്‍ വിഷാദരോഗത്തിലേക്ക് അടുക്കുന്നു' എന്നതിന്റെ മുന്നറിയിപ്പോ സൂചനയോ ആവാം.അതിനാല്‍, മരുന്നുകള്‍ ഇല്ലാതെയുള്ള ചികിത്സയ്ക്കാണ് മിക്കവരും ആഗ്രഹിക്കുക. അത്തരത്തില്‍ ഉള്ള ഒരു ഇടപെടലാണ് യോഗ.വിഷാദരോഗം മൂലം ബുദ്ധിമുട്ടുന്ന ഒരാള്‍ക്ക് തുടക്കത്തില്‍ ചെയ്യാന്‍ കഴിയുന്ന യോഗാഭ്യാസങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ക്രമേണ യോഗാസനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാവുന്നതാണ്.
ശാരീരിക ലക്ഷണങ്ങളെ നേരിടാനുള്ള യോഗാസനങ്ങള്‍
ചലനമില്ലാതെ കൂനിക്കൂടിയിരിക്കുന്നതാണ് വിഷാദരോഗത്തിന് അടിമയായ ഒരു വ്യക്തിയെ തിരിച്ചറിയാന്‍ കഴിയുന്ന ആദ്യ ലക്ഷണം. വിഷാദരോഗമുള്ളവര്‍ക്ക് ഒന്നും ചെയ്യാനുള്ള ഉത്സാഹമുണ്ടായിരിക്കില്ല. ഇത്തരം കേസുകളില്‍, പേശികള്‍ക്ക് ചെറിയ തോതില്‍ സങ്കോച വികാസങ്ങള്‍ ഉണ്ടാക്കുന്ന യോഗാഭ്യാസങ്ങള്‍ ചെയ്യുന്നത് പ്രയോജനപ്രദമായിരിക്കും. തുടക്കത്തില്‍, ചെറിയ വ്യായാമങ്ങള്‍ പിന്തുടരുന്നതാവും നല്ലത്. ക്രമേണ, കൂടുതല്‍ സമയം നീണ്ടുനില്‍ക്കുന്ന യോഗാഭ്യാസങ്ങള്‍ ചെയ്യാം. ശ്വാസക്രമം പാലിച്ചു വേണം യോഗാഭ്യാസങ്ങള്‍ ചെയ്യേണ്ടത്. ഒന്നിലധികം ആളുകളുടെ കൂടെ യോഗാഭ്യാസങ്ങള്‍ ചെയ്യുന്നത് ഏകാന്തതയെ നേരിടാന്‍ നല്ല മാര്‍ഗമാണ്.
അര്‍ദ്ധകടിചക്രാസനം:
നേരെ നിവര്‍ന്ന് നില്‍ക്കുക. നിങ്ങളുടെ വലതു കൈ പതുക്കെ ഉയര്‍ത്തി തിരശ്ചീനമായും പിന്നീട് ലംബമായും കൊണ്ടുവരിക. ലംബമായിരിക്കുന്ന കൈ പരമാവധി മുന്നോട്ട് നീട്ടാന്‍ ശ്രമിക്കുക. ഈ സ്ഥിതിയില്‍ കുറച്ചുസമയം തുടരുക. ഈ സമയം നിങ്ങള്‍ക്ക് ആയാസമുണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തണം. കുറച്ചുസമയത്തിനു ശേഷം വലതു കൈ തിരശ്ചീനമായും പിന്നീട് തുടക്കത്തിലെ അവസ്ഥയിലേക്കും കൊണ്ടുവരിക. ഇത് ഇടത് കൈ ഉപയോഗിച്ചും ആവര്‍ത്തിക്കണം. നിങ്ങളുടെ രക്തചംക്രമണത്തെ സഹായിക്കുന്ന യോഗാഭ്യാസമാണിത്. ഒരു യോഗാസനം ചെയ്ത ശേഷം മനസ്സിനും ശരീരത്തിനും അനായാസത അനുഭവപ്പെടുന്നത് ഒരാള്‍ക്ക് വീണ്ടും യോഗ ചെയ്യാനുള്ള പ്രചോദനമാവുന്നു. ശാരീരിക ചലനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാല്‍ നിങ്ങളെ ശല്യപ്പെടുത്തുന്ന ചിന്തകളില്‍ നിന്ന് വ്യതിചലിക്കാനും കഴിയുന്നു.
ഭുജംഗാസനം:
വയറും നെറ്റിയും നിലത്ത് മുട്ടിച്ച് കമഴ്ന്ന് കിടക്കുക. കാലുകള്‍ അടുപ്പിച്ച് വയ്ക്കുക, ഉപ്പൂറ്റികള്‍ തമ്മില്‍ മുട്ടിയിരിക്കട്ടെ. കൈപ്പത്തികള്‍ നെഞ്ചിനടുത്തായി നിലത്ത് സ്പര്‍ശിച്ചിരിക്കണം. പതുക്കെ ശ്വാസം ഉള്ളിലേക്ക് എടുത്ത് തല, നെഞ്ച്, അടിവയര്‍ എന്നീ ഭാഗങ്ങള്‍ മുകളിലേക്ക് ഉയര്‍ത്തുക. ഈ സമയത്ത് നാഭിപ്രദേശം തറയില്‍ നിന്ന് ഉയരുന്നില്ല എന്ന് ഉറപ്പുവരുത്തണം. സ്വാഭാവിക രീതിയില്‍ ശ്വാസോച്ഛ്വാസം നടത്തിക്കൊണ്ട് ഈ സ്ഥിതിയില്‍ അല്‍പ്പസമയം തുടരുക. കുറച്ചുസമയത്തിനു ശേഷം ആഴത്തില്‍ ശ്വാസം ഉള്ളിലേക്ക് എടുക്കുക. ശ്വാസം പുറത്തുവിടുന്നതിനൊപ്പം അടിവയറും നെഞ്ചും തലയും പഴയ അവസ്ഥയിലേക്ക് കൊണ്ടുവരിക. ഈ ആസനം നെഞ്ചിന്റെ വികാസത്തിനും നട്ടെല്ലിന് ശക്തിപകരാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സഹായകമാവും. വലിയതോതില്‍ ഓക്‌സിജന്‍ ഉള്ളിലേക്ക് എടുക്കുന്നത് മനസ്സിന് നവോന്മേഷം നല്‍കും.
വ്യായാമം ചെയ്യാതെ ശരീരത്തിനു വഴക്കം ഇല്ലാത്ത അവസ്ഥ ദ്രുതഗതിയിലുള്ളതും ആഴം കുറഞ്ഞതുമായ ശ്വാസോച്ഛ്വാസത്തിനു കാരണമായേക്കാം. യോഗയില്‍, ശ്വസന വേഗത കുറയ്ക്കുന്നത് മനസ്സിന് അയവ് ലഭിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ആഴത്തില്‍ ശ്വാസമെടുക്കുന്നത് അല്ലെങ്കില്‍ പ്രാണായാമം ചെയ്യുന്നത് ഒരാളുടെ ശ്വാസോച്ഛ്വാസം ദൈര്‍ഘ്യമുള്ളതും സാവധാനത്തിലുള്ളതും ആക്കുന്നു. ശ്വാസഗതിയില്‍ ശ്രദ്ധിക്കുന്നതിലൂടെ മറ്റു ചിന്തകള്‍ മാറ്റിവയ്ക്കാനും വര്‍ത്തമാനകാലത്ത് വ്യാപരിക്കുന്നതിനും സഹായിക്കും.
1. നാഡിശോധന പ്രാണായാമം:
പിരിമുറുക്കമില്ലാതെ നട്ടെല്ലു നിവര്‍ത്തി തോളുകള്‍ അയച്ചുവിട്ട് കസേരയിലോ തറയിലോ ഇരിക്കുക. ഇടതുകൈ ചിന്മുദ്രയില്‍ (തള്ളവിരലിന്റെയും ചൂണ്ടുവിരലിന്റെയും അറ്റങ്ങള്‍ മൃദുവായി സ്പര്‍ശിക്കുന്ന രീതിയിലുള്ള മുദ്ര) ഇടത്തെ മുട്ടില്‍ വിശ്രമിക്കുന്ന അവസ്ഥയില്‍ ആയിരിക്കണം.
നാഡിശോധന പ്രാണായാമം ചെയ്യുന്നത് നിങ്ങളുടെ വലത് കൈ ഉപയോഗിച്ചായിരിക്കണം. വലതു കൈയുടെ ചൂണ്ടുവിരലും നടുവിരലും പുരികങ്ങളുടെ ഇടയില്‍ വരണം. ചെറുവിരലും മോതിരവിരലും ഇടത്തെ നാസാദ്വാരത്തിനു മുകളിലും തള്ളവിരല്‍ വലത്തെ നാസാദ്വാരത്തിനു മുകളിലും വരണം. ഇനി പതുക്കെ തള്ളവിരല്‍ ഉപയോഗിച്ച് വലത്തെ നാസാദ്വാരം അടയ്ക്കുക. ഇടത്തെ നാസാദ്വാരത്തിലൂടെ ശ്വാസം ഉള്ളിലേക്ക് എടുത്ത ശേഷം അത് ചെറുവിരലും മോതിരവിരലും ഉപയോഗിച്ച് അടയ്ക്കുക.
തള്ളവിരല്‍ മാറ്റിയ ശേഷം പതുക്കെ വലത്തെ നാസാദ്വാരത്തിലൂടെ ശ്വാസം പുറത്തേക്ക് വിടുക. ഇതേപോലെ വലത്തെ നാസാദ്വാരത്തിലൂടെ ശ്വാസമെടുത്ത ശേഷം ഇടത്തെ നാസാദ്വാരത്തിലൂടെ ശ്വാസം പുറത്തുവിടണം. ഇവ രണ്ടും ചേരുന്നത് ഒരു റൗണ്ടായി കണക്കാക്കാം. തുടക്കത്തില്‍ അഞ്ച് റൗണ്ട് ചെയ്യാം. ക്രമേണ എണ്ണം വര്‍ദ്ധിപ്പിക്കാം. പ്രാണായാമം ചെയ്യുമ്പോള്‍ ശ്വാസം പിടിച്ചുവയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
2. ഭ്രമരി:
സുഖപ്രദമായ രീതിയില്‍ ഇരിക്കുക. ചൂണ്ടുവിരലുകള്‍ നിങ്ങളുടെ ചെവിയില്‍ തിരുകുക. ഉള്ളിലേക്ക് ആഴത്തില്‍ ശ്വാസമെടുത്ത ശേഷം നാക്ക് മേലണ്ണാക്കില്‍ മുട്ടിച്ചുകൊണ്ട് ഉച്ചസ്ഥായിയില്‍ തേനീച്ചയുടെ മൂളല്‍ പോലെയുള്ള ശബ്ദം സൃഷ്ടിച്ചുകൊണ്ട് ശ്വാസം പുറത്തേക്ക് വിടുക. ഇത് ഒമ്പത് തവണ ആവര്‍ത്തിക്കണം. ഈ അഭ്യാസം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന കമ്പനങ്ങള്‍ നിങ്ങള്‍ മസാജിനു വിധേയമാകുന്ന പ്രതീതി നല്‍കുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യും.