പ്രൊഫഷണലുകള്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ അവരുടെ നിത്യ ജീവിതത്തിലും ഓഫീസിലും ഒഴിവാക്കാന്‍ വയ്യാത്ത ഒന്നായി മാറിയിരിക്കുന്നു. ഔദ്യോഗികമായ എല്ലാ ആശയവിനിമയങ്ങളും മെയില്‍ ആയും മെസേജ് ആയും വാട്സാപ്പ് വഴിയുമൊക്കെ അയയ്ക്കുന്നത് അംഗീകൃതമായി കഴിഞ്ഞു. മോഡേണ്‍ പ്രൊഫഷണലുകളുടെ ജീവിതത്തില്‍ രാവും പകലും കമ്മിറ്റഡ് ആയി ജോലി ചെയ്യുന്നത് ശൈലിയായി മാറിയതോടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗവും അത്രമേല്‍ ഒഴിവാക്കാനാവാത്ത ഒന്നായി മാറി.
പ്രൊഫഷണല്‍ ജീവിതമെന്നാല്‍ ഐക്യൂവും സ്മാര്‍ട്ട്നെസും മാത്രമല്ല, എസ്‌ക്യൂ അഥവാ സ്ട്രെസ് ക്വോഷ്യന്റും വേണ്ട ഒന്നായി മാറിക്കഴിഞ്ഞു. സ്ട്രെസ് നിറഞ്ഞ ജോലി ഇഷ്ടമില്ലെങ്കിലും ചെയ്തേ പറ്റൂ. ഇപ്പോള്‍ പ്രൊഫഷണലുകളുടെ ഔദ്യോഗിക ജീവിതത്തില്‍ സ്മാര്‍ട്ട് ഫോണും ഇതേപോലെ തന്നെയാണ്. ഉപയോഗിച്ചേ പറ്റൂ എന്നതാണ് സ്ഥിതി. പ്രത്യേകിച്ചും പല ടൈം സോണുകളിലുള്ള ക്ലയന്റുകളുമായി ഇടപെടേണ്ടി വരുന്നവര്‍ക്ക്.
രാവും പലകുമുള്ള ആ ഫോണ്‍ ഉപയോഗം കുടുംബബന്ധങ്ങളില്‍ വിള്ളല്‍ വരുത്തുന്നതായും നിരീക്ഷണങ്ങള്‍ തെളിയിക്കുന്നു. ഭാര്യയും കുട്ടികളും ഒക്കെയുള്ളവര്‍ അവരുടെ ഒപ്പം ആണെങ്കില്‍പ്പോലും മറ്റേതോ ധ്രുവത്തില്‍ ജീവിക്കുന്നപോലെ പെരുമാറുന്നു. ഈയിടെ പ്രചരിച്ച ഒരു വാട്ട്സാപ് സന്ദേശം രസകരമായിരുന്നു. ഫോണ്‍ കേടായി നന്നാക്കാന്‍ കൊടുത്ത ദിവസം ആണത്രേ, വീട്ടില്‍ ആരൊക്കെയുണ്ടെന്ന് ശ്രദ്ധിച്ചതും പെങ്ങളെ അമ്മ പരിചയപ്പെടുത്തിയതും, എല്ലാവരും നല്ല മനുഷ്യര്‍ തന്നെ എന്ന് മനസ്സിലാക്കിയതും എന്നൊക്കെ പറഞ്ഞ്. തമാശയാണെങ്കിലും എപ്പോഴും ഫോണില്‍ മാത്രം ജീവിക്കുന്നവര്‍ക്ക് ബന്ധങ്ങളില്‍ ഉണ്ടാകുന്ന അകല്‍ച്ചകളെയായിരുന്നു അത് സൂചിപ്പിച്ചത്.
ഉറക്കക്കുറവ് വേറെ. മറ്റു ചിലര്‍ ആണെങ്കില്‍, മൊബൈലില്‍ സന്ദേശങ്ങള്‍ വരുന്ന നോട്ടിഫിക്കെഷനുകള്‍ സദാ ശ്രദ്ധിച്ച് അവയോട് പ്രതികരിച്ച് ജീവിക്കുന്നു. വരുന്ന സന്ദേശം ഔദ്യോഗികവും പ്രധാനവും അപ്പപ്പോള്‍ മറുപടി നല്‍കേണ്ടതും ആയിരിക്കാം. വണ്ടി ഓടിക്കുന്നവര്‍ക്ക് ഡ്രൈവിങ്ങ് നിര്‍ത്തി മൊബൈലില്‍ വരുന്ന മെസേജുകള്‍, മെയിലുകള്‍ എന്നിവയ്ക്ക് മറുപടി നല്‍കേണ്ടി വരും. ഡ്രൈവിങ്ങിനിടയില്‍ മെസേജുകള്‍ നോക്കാന്‍ പോയി അപകടങ്ങള്‍ ഉണ്ടായ സംഭവങ്ങളും നിരവധിയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഉറക്കക്കുറവ്, സ്ട്രെസ്, ആകാംക്ഷ, ഉല്‍ക്കണ്ഠ, ഏകാഗ്രതക്കുറവ്, ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ എന്നിവതൊട്ട് വാഹനാപകടങ്ങള്‍ വരെ സ്മാര്‍ട്ട് ഫോണ്‍ ഡിപ്പന്‍ഡന്റ് ജീവിതം വരുത്തി വയ്ക്കുന്നുണ്ടെന്നു പറയാം. പല ജോലികളിലും അവധിദിനങ്ങള്‍ പോലും സ്മാര്‍ട്ട് ഫോണ്‍ ഉള്ളതിനാല്‍ പ്രവര്‍ത്തിദിനങ്ങളെ പോലെയാകും.
അതായത് 24ഃ7 കണക്കില്‍ ഫോണും ടെക്നോളജിയുമായി മാത്രം ബന്ധപ്പെട്ടു ജീവിക്കുന്നവര്‍ക്ക് പ്രശ്നങ്ങള്‍ നിരവധിയാണ്. ഇപ്പോള്‍ ഇത്തരം അനേകം കേസുകള്‍ ഡോക്ടര്‍മാരുടെ മുന്നില്‍ എത്തുന്നു എന്നതാണ് സ്ഥിതി. ശാരീരികമായും മാനസികമായും ഉള്ള രോഗങ്ങള്‍ ചികിത്സിക്കുന്ന പല സ്പെഷ്യലിസ്റ്റുകളുടെയും മുന്നില്‍ ടെക്കികള്‍ രോഗികളായി എത്തുന്നുണ്ട്.
ഡോക്ടര്‍മാര്‍ ഇതിനൊക്കെയുള്ള പ്രധാന പ്രതിവിധിയായി പറയുന്നത് ഒരു കാര്യമാണ്. രാത്രിയായാല്‍ ആ ഫോണങ്ങ് ഓഫ് ചെയ്തേക്കുക! എല്ലാവര്‍ക്കും അതറിയാം, അതാണ് ചെയ്യേണ്ടതെന്ന്. പക്ഷേ, ജോലിയുടെ ഭാഗമായി ഫോണ്‍ ഉപയോഗിക്കുക എന്നത് ഇഷ്ടമില്ലെങ്കില്‍ പോലും ചെയ്തേപറ്റൂ എന്നുള്ള സ്ഥിതിയാണ്, ഇതിനാലാണ് ഈ പ്രശ്നങ്ങളെല്ലാം വരുന്നതും.