ചെറിയ കുട്ടികളില്‍ തുടങ്ങി മുതിര്‍ന്നവര്‍ വരെ പറയുന്ന കാര്യമാണ് കഴുത്തു വേദന, തലയുടെ പുറം ഭാഗത്തായി ഭാരം തോന്നുക, തലവേദന, തോളുകളിലേക്ക് ഇറങ്ങി വരുന്ന വേദന തുടങ്ങിയവ. കംപ്യൂട്ടര്‍ യുഗം ആയതോടെ കഴുത്തുവേദനയെ അധികരിച്ചുള്ള പ്രശ്‌നങ്ങളും വര്‍ധിച്ചിട്ടുണ്ട്. തുടര്‍ച്ചയായി കംപ്യൂട്ടറിനു മുന്നില്‍ ഇരിക്കുമ്പോള്‍ നട്ടെല്ലിന്റെ ഘടനയില്‍ വരുന്ന വ്യതിയാനം പലപ്പോഴും പ്രശ്‌നങ്ങളിലേക്കു നയിക്കുന്നുണ്ട്. സെര്‍വിക്കല്‍ ഡിസ്‌കിനു വരുന്ന നീര്‍ക്കെട്ട്, തേയ്മാനം തുടങ്ങിയവയെല്ലാം കഴുത്തുവേദനയ്ക്കുള്ള പ്രധാന കാരണമാണ്. സ്ഥിരമായുള്ള കഫക്കെട്ട്, മൈഗ്രേന്‍ തലവേദന ഇവയെല്ലാം കഴുത്തുവേദനയ്ക്കും കാരണമാകുന്നുണ്ട്. കഴുത്തുവേദനയ്ക്ക് ആശുപത്രിയില്‍ പോകുംമുമ്പ് ചില കാര്യങ്ങള്‍ ചെയ്തുനോക്കിയാല്‍ ചിലപ്പോള്‍ ഫലം കണ്ടേക്കും. അത് എന്തൊക്കെയാണെന്ന് നമ്മുക്ക് നോക്കാം.
ഉറങ്ങുമ്പോള്‍: ചരിഞ്ഞുകിടന്നോ മലര്‍ന്നുകിടന്നോ ഉറങ്ങുക. ഒരിക്കലും കമിഴ്ന്നുകിടന്ന് ഉറങ്ങരുത്. ഇത് നട്ടെല്ലിന് വിഷമതകള്‍ സൃഷ്ടിക്കും. ഉടലിന്റെ സ്ഥിതിയുമായി പൊരുത്തപ്പെടുന്ന രീതിയില്‍ വേണം തലയും കഴുത്തും. കഴുത്തിനടിയില്‍ ഒരു ചെറിയ തലയിണ വയ്ക്കാം. അധികം കട്ടിയില്ലാത്ത ഒരു തലയിണ തെരഞ്ഞെടുക്കുക. ഒന്നിലധികം തലയിണകള്‍ ഉപയോഗിക്കാതിരിക്കുക.
വേദനയുള്ള ഭാഗത്ത് ഐസ്/ഹീറ്റ് പായ്ക്ക് വയ്ക്കുക :തുടക്കത്തില്‍, രണ്ട് അല്ലെങ്കില്‍ മൂന്ന് ദിവസത്തേക്ക് ഐസ് പായ്ക്ക് ഉപയോഗിക്കുക. അതിനു ശേഷം ഹോട്ട് പായ്ക്കുകളോ ഹോറ്റ് വാട്ടര്‍ബോട്ടിലോ ഉപയോഗിക്കാം. ചര്‍മ്മത്തിനു പരുക്കുകള്‍ പറ്റുന്നത് ഒഴിവാക്കുന്നതിന്, ഹോട്ട് പായ്ക്കുകളോ ഹോട്ട് പായ്ക്കുകളോ ഉറങ്ങുമ്പോള്‍ ഉപയോഗിക്കാതിരിക്കുക.
ജോലിസ്ഥലത്ത്: ശരിയായ ശാരീകഭാവം പുലര്‍ത്തുക. ശരിയായ ശാരീരികഭാവം പുലര്‍ത്താത്തതാണ് കഴുത്തു വേദനയുടെ പ്രധാന കാരണമെന്ന് മനസ്സിലാക്കുക. കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ കണ്ണുകളുടെ നിരപ്പിലായിരിക്കുന്നതിനായി കസേരയും, ഡെസ്‌കും ക്രമീകരിക്കുക. കസേരയുടെ കൈകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇടയ്ക്കിടെ ഇടവേളകള്‍ എടുക്കുകയും അല്പദൂരം നടക്കുകയും ചെയ്യുക.
സെല്‍ ഫോണ്‍ കഴുത്തിനും തോളിനുമിടയില്‍ വച്ച് സംസാരിക്കാതിരിക്കുക. ഫോണ്‍ സ്പീക്കര്‍ ഫോണ്‍ മോഡില്‍ ഉപയോഗിക്കുക അല്ലെങ്കില്‍ ഹെഡ്‌സെറ്റ് ഉപയോഗിക്കുക. കഴുത്തുവേദന സുഖപ്പെട്ടുത്തുന്നതിന് കോളര്‍ ഉപയോഗിക്കുന്നത് സഹായിക്കുമെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കഴുത്ത് ചലിപ്പിക്കുന്നതായിരിക്കും മിക്കപ്പോഴും നല്ലത്. ഡോക്ടറുടെ ഉപദേശപ്രകാര മാത്രം ചെയ്യുക.
വാഹനമോടിക്കരുത് : നിങ്ങള്‍ക്ക് കഴുത്ത് തിരിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍, വാഹമോടിക്കാതിരിക്കുക. ഇത് ശരിയായ രീതിയില്‍ റോഡും മറ്റു വാഹനങ്ങളും കാണുന്നതിന് തടസ്സം സൃഷ്ടിക്കും.
ബാഗുകള്‍ തൂക്കുന്നത് ഒഴിവാക്കുക : ഭാരമുള്ള ബാഗുകള്‍ കഴുത്തിലും തോളിലും തൂക്കുന്നത് ഒഴിവാക്കുക. ഇത് കഴുത്തിന് ആയാസമുണ്ടാക്കും.
കഴുത്തിനുള്ള വ്യായാമങ്ങള്‍: കഴുത്തിലെ മസിലുകള്‍ക്ക് അല്‍പ്പം മുറുക്കം നല്‍കികൊണ്ട് കഴുത്ത് മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും തിരിക്കുക. ശ്രദ്ധാപൂര്‍വം കഴുത്ത് ഇടത്തു നിന്ന് വലത്തേക്ക് തിരിക്കുക. ഇത്തരത്തിലുള്ള വ്യായാമങ്ങള്‍ കഴുത്തിലെ മസിലുകള്‍ക്ക് ശക്തിപകരുകയും കഴുത്ത് അനായാസമായി ചലിപ്പിക്കാവുന്ന പരിധിയില്‍ വ്യത്യാസം വരുത്തുകയും ചെയ്യും.
പുകവലി ഉപേക്ഷിക്കുക : കഴുത്തുവേദനയിലേക്ക് നയിക്കാവുന്ന ഒരു ഘടകമായതിനാല്‍ പുകവലി ഉപേക്ഷിക്കുക.
ഡോക്ടറെ കാണേണ്ടതെപ്പോള്‍
പെട്ടെന്നുണ്ടാകുന്ന വേദന, കാരണമില്ലാതെയുള്ള വേദന, നിത്യജീവിതത്തെ ബാധിക്കുന്ന വേദനകള്‍, വിശ്രമിച്ചശേഷവും മാറാത്ത വേദന, രാത്രിയിലുണ്ടാകുന്ന വേദന, കൈകാലുകളിലേക്കു പടരുന്ന വേദന, ബലക്കുറവ് തോന്നുക, തരിേപ്പാ പെരുപ്പോ അനുഭവപ്പെടുക, പനിയോടുകൂടി വരുന്ന വേദന, നടക്കാന്‍ പ്രയാസം തോന്നുക, ശരീരസന്തുലനാവസ്ഥയെ ബാധിക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ചികിത്സ തേടണം. നേരത്തേ കാന്‍സര്‍ ചികിത്സ തേടിയിട്ടുള്ളവര്‍ നിര്‍ബന്ധമായും വൈദ്യസഹായം തേടിയിരിക്കണം.വിശദമായ പരിശോധനയാണ് രോഗനിര്‍ണയത്തിലെ ആദ്യപടി. അണുബാധ സംശയമുണ്ടെങ്കില്‍ രക്തപരിശോധന വേണ്ടിവരും. എല്ലു സംബന്ധമായ കാരണങ്ങള്‍ തിരിച്ചറിയാന്‍ എക്സ്-റേ, ഡിസ്‌ക് തകരാറിലൂടെയുള്ള റാഡിക്കുലോപ്പതി, മൈലോപ്പതി എന്നിവ തിരിച്ചറിയാന്‍ എം.ആര്‍.ഐ. സ്‌കാനുകള്‍ എന്നിവയാണ് അവലംബിക്കുന്നത്.
ആദ്യം നടുനിവര്‍ത്തി തല നേരെ പിടിച്ച് ഇരിക്കുക. തല മെല്ലെ ഇടതുവശത്തേക്ക് തിരിച്ച് ഇടത്തെ ചുമലിലേക്ക് അഞ്ചു സെക്കന്‍ഡ് നേരം നോക്കുക. സാവധാനം തല നേരെ കൊണ്ടുവരിക. ഇതേ വ്യായാമം വലതുവശത്തേക്കും ആവര്‍ത്തിക്കുക
.തല നേരെ പിടിച്ച് ഇരു ചുമലുകളും ചെവിയിലേക്ക് ഉയര്‍ത്തുക. അഞ്ചു സെക്കന്‍ഡ് കഴിഞ്ഞു സാവധാനം ചുമല്‍ താഴ്ത്തുക
.കൈമുട്ട് മടക്കി ചുമലുകള്‍ വൃത്താകൃതിയില്‍ ചലിപ്പിക്കുക. ശരിക്ക് ഇരുന്ന് ശീലിക്കാം