Latest News

വിഷാദ രോഗം എന്ത് എങ്ങനെ? ബോധവാന്മാരകണം ഇവയെക്കുറിച്ച് 

Malayalilife
വിഷാദ രോഗം എന്ത് എങ്ങനെ? ബോധവാന്മാരകണം ഇവയെക്കുറിച്ച് 

പ്രഷര്‍, കാന്‍സര്‍ തുടങ്ങിയ മറ്റു സങ്കീര്‍ണരോഗങ്ങളുടേതു പോലെതന്നെ വിഷാദത്തിന്റെയും ആവിര്‍ഭാവത്തില്‍ ജനിതകഘടകങ്ങള്‍ക്കും ജീവിതസാഹചര്യങ്ങള്‍ക്കും പങ്കുണ്ട്. ഒരാള്‍ക്കു വിഷാദം പിടിപെടാനുള്ള സാദ്ധ്യതയുടെ മൂന്നിലൊന്ന് അയാളുടെ പാരമ്പര്യവും ബാക്കി അയാളുടെ ചുറ്റുപാടുകളും ആണു നിര്‍ണയിക്കുന്നത്.

വിഷാദബാധിതരുടെ ഏറ്റവുമടുത്ത ബന്ധുക്കള്‍ക്ക് അതേ രോഗം വരാനുള്ള സാദ്ധ്യത മറ്റുള്ളവരുടേതിനെക്കാള്‍ മൂന്നുനാലിരട്ടിയാണ്. വിഷാദം ചെറുപ്രായത്തിലേ ആരംഭിക്കുകയും പലതവണ വന്നുപോവുകയും ചെയ്തവരുടെ ബന്ധുക്കള്‍ക്കാണ് കൂടുതല്‍ രോഗസാദ്ധ്യതയുള്ളത്. പാരമ്പര്യമുള്ളവര്‍ക്ക് അനിഷ്ടസാഹചര്യങ്ങളൊന്നും നിലവിലില്ലാത്തപ്പോള്‍പ്പോലും വിഷാദം പ്രത്യക്ഷപ്പെടുകയും ചെയ്യാം.

ബാല്യത്തില്‍ കടുത്ത അവഗണനകളോ പീഡനങ്ങളോ നേരിടുന്നതും ഭാവിയില്‍ വിഷാദത്തിനു വഴിവെക്കാം. ഉദാഹരണത്തിന്, ഇത്തരമനുഭവങ്ങള്‍ സ്ത്രീകള്‍ക്കു വിഷാദം വരാനുള്ള സാദ്ധ്യതയെ നാലിരട്ടിയാക്കുന്നുണ്ട്. ഇങ്ങനെയുള്ളവരില്‍ വിഷാദം നേരത്തേ തലപൊക്കാനും, കൂടുതല്‍നാള്‍ നീണ്ടുനില്‍ക്കാനും, പൂര്‍ണമായി മാറാതിരിക്കാനുമൊക്കെയുള്ള സാദ്ധ്യതകളും ഏറെയാണ്.

പാരമ്പര്യമോ ദുരന്തബാല്യങ്ങളോ ഇല്ലാത്തവരിലും ദുര്‍ഘടസന്ധികളിലൂടെ കടന്നുപോകുന്നതും, മറ്റസുഖങ്ങള്‍ ബാധിക്കുന്നതും, ചില മരുന്നുകളോ ലഹരിപദാര്‍ത്ഥങ്ങളോ ഉപയോഗിക്കുന്നതുമൊക്കെ വിഷാദത്തെ വിളിച്ചുവരുത്താം. സങ്കടങ്ങള്‍ ഉള്ളിലൊതുക്കുന്ന ശീലവും ആര്‍ത്തവചക്രവുമായി ബന്ധപ്പെട്ട ഹോര്‍മോണ്‍ ചാഞ്ചാട്ടങ്ങളും സ്ത്രീകളെയും, രക്തക്കുഴലുകളിലെയും മറ്റും പ്രശ്‌നങ്ങള്‍ തലച്ചോറിലെ കോശക്കൂട്ടങ്ങളെ നശിപ്പിക്കുകയും നാഡീപഥങ്ങളെ താറുമാറാക്കുകയും ചെയ്യുന്നത് വൃദ്ധരെയും വിഷാദത്തിന് എളുപ്പത്തിലെത്തിപ്പിടിക്കാവുന്ന കനികളാക്കുന്നുണ്ട്.

ഇത്രയേറെ വ്യത്യസ്തങ്ങളായ ഒരുപറ്റം ഘടകങ്ങള്‍ അതുപോലെതന്നെ വ്യത്യസ്തങ്ങളായ കുറേ ലക്ഷണങ്ങളുള്ള ഒരസുഖത്തിന് വഴിവെക്കുന്നതെങ്ങനെ? മേല്പറഞ്ഞ കാരണങ്ങളോരോന്നും നമ്മുടെയുള്ളില്‍ എവിടെയൊക്കെ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാക്കിയാണ് വിഷാദത്തിന്റെ ലക്ഷണങ്ങള്‍ സൃഷ്ടിക്കുന്നത്? ഇനി അത്തരം കാര്യങ്ങളുടെ ഒരു വിശദമായ പരിശോധനയാവാം.

നാം സംഘര്‍ഷജനകമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും ഇവ ഉത്തേജിപ്പിക്കപ്പെടുന്നുണ്ട്. വിഷാദരോഗികളുടെ രക്തത്തില്‍ ചില സൈറ്റോകൈനുകളുടെ അളവ് പതിവിലും കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. നമ്മുടെയൊക്കെ തലച്ചോറുകളില്‍ സൈറ്റോകൈനുകള്‍ കോശങ്ങളെ പരസ്പരം മിണ്ടാന്‍ സഹായിക്കുകയും അവയുടെ വികാസത്തെ തുണക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ ഇവയുടെ അമിതസാന്നിദ്ധ്യം കാലക്രമത്തില്‍ മസ്തിഷ്‌കകോശങ്ങളുടെ സ്വാഭാവികനാശം ദ്രുതഗതിയിലാകാനും സമീപകലകളുമായുള്ള അവയുടെ ആശയവിനിമയം താറുമാറാകാനുമൊക്കെ ഇടയാക്കുന്നുണ്ട്. ഈ കുഴപ്പങ്ങളുടെ അനന്തരഫലമായാണ് ചില രോഗികളിലെങ്കിലും വിഷാദം മുളപൊട്ടുന്നത്. ബെയ്‌സല്‍ ഗാന്‍ഗ്ലിയ, സിങ്കുലേറ്റ് കോര്‍ട്ടെക്‌സ് എന്നീ മസ്തിഷ്‌കഭാഗങ്ങളില്‍ സൈറ്റോകൈനുകള്‍ കുമിഞ്ഞുകൂടുന്നതാണ് യഥാക്രമം ക്ഷീണം, ഉത്ക്കണ്ഠ എന്നീ പ്രശ്‌നങ്ങള്‍ക്കു നിമിത്തമാകുന്നത്.

നമ്മുടെ വിശപ്പും ഉറക്കവും ഉന്മേഷവുമൊക്കെ തലച്ചോറിന്റെ നിയന്ത്രണത്തിലാണ്. ഇവയൊക്കെ തടസ്സമില്ലാതെ നടന്നുപോകാന്‍ മസ്തിഷ്‌കകോശങ്ങള്‍ തമ്മില്‍ കുറ്റമറ്റ ആശയവിനിമയം അത്യാവശ്യമാണ്. ഒരു കോശം സ്രവിപ്പിക്കുന്ന നാഡീരസങ്ങളെ അടുത്ത കോശം യഥാവിധി ആഗിരണം ചെയ്യുമ്പോഴാണ് ഈ ആശയവിനിമയം സാദ്ധ്യമാവുന്നത്. സിറോട്ടോണിന്‍, നോറെപ്പിനെഫ്രിന്‍, ഡോപ്പമിന്‍ എന്നീ രസങ്ങളെയുപയോഗിച്ച് ആശയവിനിമയം നടത്തുന്ന ചില നാഡീപഥങ്ങളാണ് വിഷാദത്തില്‍ നിലംപരിശാകുന്ന വിവിധ ശരീരപ്രക്രിയകളെയും സ്വഭാവസവിശേഷതകളെയും നിയന്ത്രിക്കുന്നത് .

Read more topics: # depression counselling kerala
depression counselling kerala

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES