വീട് വെക്കുന്നതിനു മുമ്പ് എല്ലാ വിധ സ്‌പേസും ഒരുക്കിയാണ് വീട് വെക്കുന്നത്. എന്നാല്‍ പണി കഴിഞ്ഞതിനു ശേഷമാകും പലപ്പോഴും ഇത്തരത്തില്‍ വീട്ടില്‍ പല സാധനങ്ങള്‍ വെക്കാന്‍ സ്‌പേസ് ഇല്ല എന്നു വരുന്നത്. സ്വപ്നഭവനം സ്വന്തമാക്കി താമസം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ പതിവായി കേള്‍ക്കുന്ന കാര്യമാണ് വീട്ടിനകത്ത് ഒന്നിനും സ്ഥലമില്ലെന്ന പരാതി. പല സാധനങ്ങളും അവിടെയും ഇവിടെയും വലിച്ച് വാരിയിടുകയാണ് പതിവ്. ആവശ്യത്തിനു സ്‌റ്റോറേജ് സ്‌പേസ് ഇല്ലെന്നത് മിക്ക വീട്ടമ്മമാരുടെയും പരിഹാരം കാണാനാവാത്ത പ്രശ്‌നമാണ്. ബെഡ്ഷീറ്റും ടവലുകളും പത്രമാസികകളും വസ്ത്രങ്ങളും കേടായ ഉപകരണങ്ങളും ഫര്‍ണിച്ചറുമെല്ലാം സൂക്ഷിച്ചുവെക്കാന്‍ ആവശ്യമായ സ്‌പേസ് ഇല്ലെങ്കില്‍ എത്ര അടക്കിയൊതുക്കിവെച്ചാലും വലിച്ചുവാരിയിട്ട പ്രതീതിതന്നെയായിരിക്കും വീടിനകം മുഴുവന്‍.
എന്നാല്‍, ഈ പ്രശ്‌നം പരിഹരിക്കാന്‍ വീട് നിര്‍മാണ സമയത്തോ അല്ലെങ്കില്‍ അതിനുശേഷമോ ശ്രദ്ധയോടെ ചില ശ്രമങ്ങള്‍ നടത്തിയാല്‍ മതിയാകും. വേണ്ടത്ര സ്ഥലവും സൗകര്യവുമില്ലെന്ന് പഴിക്കുന്ന വീട്ടില്‍തന്നെ ആവശ്യമായ സ്‌റ്റോറേജിനുള്ള ഇടംകണ്ടെത്താന്‍ എളുപ്പം കഴിഞ്ഞേക്കും. മിക്ക വീടുകളുടെയും വരാന്തക്കൊപ്പം ഇരിപ്പിടവുമുണ്ടാവും. ഈ ഇരിപ്പിടത്തിന്റെ അടിഭാഗം തട്ടുകളാക്കിമാറ്റി ടൈലുകള്‍ ഒട്ടിച്ചോ മരപ്പണി ചെയ്‌തോ സ്‌റ്റോറേജ് സ്‌പേസാക്കി മാറ്റാം. ഷൂസ്, സോക്‌സുകള്‍, വീടിനകത്ത് ഉപയോഗിക്കുന്ന ചെരിപ്പുകള്‍ എന്നിവ സൂക്ഷിക്കാം.
ഡ്രോയിങ് റൂമിലെ സോഫയുടെ അടിഭാഗത്ത് ഒരു ബോക്‌സ് രൂപത്തില്‍ പ്രത്യേക അറ നിര്‍മിക്കാന്‍ കഴിയുമെങ്കില്‍ പത്രങ്ങള്‍, മാഗസിനുകള്‍, പുസ്തകങ്ങള്‍, ഗ്യാസ് ബുക്ക്, അത്യാവശ്യ ബില്ലുകള്‍ എന്നിവ സൗകര്യപൂര്‍വം സൂക്ഷിച്ചുവെക്കാം. സിറ്റൗട്ടില്‍നിന്ന് ഹാളിലേക്ക് തുറക്കുന്ന വാതിലുകള്‍ക്കു പിന്നില്‍ സുരക്ഷിതമായ എന്നാല്‍ ആര്‍ക്കും കണ്ടുപിടിക്കാനാവാത്ത സ്‌റ്റോറേജ് സ്‌പേസുകളൊരുക്കാം. വാതില്‍ തുറന്നാല്‍ ചെന്നുപതിക്കുന്ന ചുവരില്‍ അകത്തേക്ക് ബോര്‍ഡ് ഫിറ്റുചെയ്ത് ചെറിയൊരു അലമാരയുണ്ടാക്കി, ധിറുതിപിടിച്ച് പുറത്തിറങ്ങുന്ന സമയത്ത് മറന്നുപോകാതെ കൂടെ കരുതേണ്ട സാധനങ്ങള്‍ ഇവിടെ സൂക്ഷിച്ചുവെക്കാം. വാഹനങ്ങളുടെ താക്കോല്‍, ടാഗ്, വാനിറ്റി ബാഗ്, കുട എന്നിവ സൂക്ഷിക്കാന്‍ പറ്റിയ സ്ഥലമാണിത്. വീട്ടില്‍ അതിഥികള്‍ വന്നാലും എളുപ്പത്തില്‍ കണ്ടുപിടിക്കാനാവില്ല ഈ സ്‌റ്റോറേജ് സ്‌പേസ്.