വീടിന് ഭംഗി കൂട്ടാന്‍ നാം ചെറുതും വലുതുമായ പല കാര്യങ്ങളും ചെയ്യാറുണ്ട്. ലിവിങ് റൂം ആയാലും ബെഡ് റൂം ആയാലും ഇവയുടെ ഭംഗി അത് നാം എങ്ങനെ ഒരുക്കിയിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
നമ്മള്‍ താമസിക്കുന്ന ഇടം നമ്മുടെ ശരീരം പോലെ തന്നെ മനോഹരമായി സൂക്ഷിക്കണം, അത് എത്ര ചെറുതാണെങ്കിലും. സ്വീകരണ മുറിയാണെങ്കിലും കിടപ്പു മുറിയാണെങ്കിലും നമ്മള്‍ എങ്ങനെ ഒരുക്കിയെടുക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ആ ഇടം ആകര്‍ഷകമാക്കുന്നത്. റൂമിനുള്ളിലെ ഫര്‍ണിച്ചറുകളും മറ്റ് വസ്തുക്കളും ഒതുക്കി വെക്കുന്നതിനു പകരം അലങ്കോലമായി കിടക്കുന്നത് നമ്മുടെ മാനസികാവസ്ഥയെയും ബാധിക്കും. നല്ല അന്തരീക്ഷത്തില്‍ ജീവിക്കുമ്പോള്‍ മനസ്സില്‍ പോസിറ്റിവ് ചിന്തകള്‍ നിറയുകയും ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്താന്‍ കഴിയുകയും ചെയ്യും.
തറ വൃത്തിയായി സൂക്ഷിക്കാം:
സ്ഥലം ഏതാണെങ്കിലും അതിന്റെ തറയില്‍ എല്ലാ വസ്തുക്കളും നിരത്തിയിടുന്നത് അഭംഗിയുണ്ടാക്കും. മാത്രമല്ല, അത്രയും സ്ഥലം ആവശ്യത്തിന് ഉപയോഗിക്കാനാകാതെ നഷ്ടമാകുകയും ചെയ്യും. ചെറിയ വിസ്തീര്‍ണമുള്ള സ്ഥലങ്ങളില്‍ നടക്കാന്‍ പോലുമാകാത്ത വിധം സാധനങ്ങള്‍ നിരത്തുന്നത് വലിയ പ്രയാസമുണ്ടാക്കും. ഈ പ്രശ്നം ഒഴിവാക്കാന്‍ ഫര്‍ണിച്ചറുകള്‍ ഒതുക്കി മാത്രം വെക്കുന്നതാണ് നല്ലത്.
ഫോള്‍ഡിങ് ഫര്‍ണിച്ചര്‍ ഉപയോഗിക്കുക:
എത്ര ചെറിയ വീടാണെങ്കിലും ഫര്‍ണിച്ചറുകള്‍ അത്യാവശ്യമാണ്. എന്നാല്‍ എല്ലായ്പ്പോഴും അവ ഉപയോഗിക്കുകയുമില്ല. അങ്ങനെയെങ്കില്‍ ഉപയോഗിക്കാത്ത സമയങ്ങളില്‍ അവ മടക്കി സൂക്ഷിക്കുകയല്ലേ നല്ലത്. ചുമരിനോട് ബന്ധിപ്പിച്ച മേശയും കസേരകളും പ്രത്യേകം തിരഞ്ഞെടുത്തു ഉപയോഗിക്കാം. ആവശ്യ സമയത്ത് നിവര്‍ത്തുകയും അല്ലാത്ത സമയങ്ങളില്‍ ചുമരിലേയ്ക്ക് തന്നെ ഒതുക്കി വെയ്ക്കുകയും ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോള്‍ ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കാത്ത സമയങ്ങളില്‍ നിങ്ങള്‍ക്ക് തറ പൂര്‍ണമായും ഉപയോഗിക്കാം.
ലൈറ്റിങ് ശ്രദ്ധിക്കാം:
ചെറിയ സ്ഥലങ്ങളില്‍ ഇടുങ്ങിയ വിന്‍ഡോകള്‍ സ്ഥാപിച്ചാല്‍ ആവശ്യത്തിന് വെളിച്ചം ലഭിക്കാന്‍ തടസമുണ്ടാകും. ഇരുണ്ട വെളിച്ചത്തില്‍ റൂമുകള്‍ കൂടുതല്‍ മങ്ങിയതായി അനുഭവപ്പെടും. അതിനാല്‍ ചെറിയ ഇടങ്ങളില്‍ കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്ന തരത്തില്‍ വിന്‍ഡോകള്‍ സ്ഥാപിക്കുന്നത് ഗുണം ചെയ്യും. റൂഫുകളില്‍ മനോഹരമായ ലൈറ്റുകള്‍ സ്ഥാപിക്കുന്നതും കൂടുതല്‍ ആകര്‍ഷണീയത പകരും.
കണ്ണാടികള്‍ സ്ഥാപിക്കാം:
മുറിയില്‍ ആവശ്യമായ പ്രകൃതിദത്ത പ്രകാശം ലഭിക്കാന്‍ സാധ്യതയില്ലങ്കില്‍ മുറിയിലുടനീളം കണ്ണാടികള്‍ സ്ഥാപിക്കുന്നതിലൂടെ പരമാവധി പ്രയോജനം ലഭിക്കും. വിസ്തീര്‍ണം കുറഞ്ഞ സ്ഥലത്തെ കൂടുതലായി തോന്നിപ്പിക്കാന്‍ കണ്ണാടിയുടെ ഉപയോഗം സഹായിക്കും. പല ആകൃതിയിലുള്ള കണ്ണാടികള്‍ ഉപയോഗിക്കുന്നത് വീടകങ്ങളെ കൂടുതല്‍ മനോഹരമാക്കും.
ചുമരുകള്‍ കളറാക്കാം:
ഇടുങ്ങിയ മുറികള്‍ കൂടുതല്‍ വ്യാപ്തി തോന്നിക്കാന്‍ പ്രസന്നതയുള്ള ഇളം നിറങ്ങള്‍ ഉപയോഗിക്കാം. ചുമരുകളില്‍ ഇരുണ്ട നിറങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ഇടുങ്ങിയതായി തോന്നും. അതിനാല്‍ കടും നിറങ്ങള്‍ ഒഴിവാക്കുകയാണ് നല്ലത്. കണ്ണിനും മനസിനും സന്തോഷം നല്‍കുന്ന നിറങ്ങള്‍ ഇതിനായി തിരഞ്ഞെടുക്കാം.
മള്‍ട്ടി പര്‍പ്പസ് ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കാം:
രണ്ടോ അതിലധികമോ ഉപയോഗമുള്ള ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കുന്നത് ഇടുങ്ങിയ മുറികള്‍ക്ക് കൂടുതല്‍ അനുയോജ്യമാണ്. രാത്രി സമയത്ത് ബെഡ് ആയും പകല്‍ അതിഥികള്‍ക്കുള്ള ഇരിപ്പിടമായും രൂപമാറ്റം വരുത്താവുന്ന തരത്തിലുള്ള ഫര്‍ണിച്ചറുകള്‍ ഏറെ ഉപകാരപ്രദമാണ്. ബെഡിന്റെ വശങ്ങളില്‍ ഷെല്‍ഫുകള്‍ നിര്‍മിച്ചാല്‍ വസ്ത്രങ്ങളോ മറ്റു വസ്തുക്കളോ സൂക്ഷിക്കുന്നതിനുള്ള സ്ഥലമായി ഇത് ഉപയോഗിക്കാം. സാധനങ്ങള്‍ വലിച്ചു വാരി ഇടാതെ വളരെ വൃത്തിയായി സൂക്ഷിക്കാന്‍ ഇത് സഹായിക്കും.
സ്ഥലമറിഞ്ഞു സാധങ്ങള്‍ വാങ്ങാം:
നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന്റെ വ്യാപ്തിയോട് യോജിക്കുന്ന തരത്തിലുള്ള ഫര്‍ണിച്ചറുകള്‍ വേണം തിരഞ്ഞെടുക്കാന്‍. സാധാരണ വലിയ മേശകളും മറ്റു ഫര്‍ണിച്ചറുകളും ഇടുങ്ങിയ മുറികളില്‍ നിരത്തുന്നത് അഭംഗിയും അസൗകര്യവുമുണ്ടാക്കും. അതിനാല്‍ ആവശ്യത്തിന് ഉപകരിക്കുന്ന വലിപ്പം കുറഞ്ഞ വസ്തുക്കള്‍ മാത്രം തിരഞ്ഞെടുക്കൂ