പ്രതീക്ഷിച്ചതിനേക്കാള്‍ ഒരുപാട് ചെലവു കുറച്ച് വീട് പണിയുക. കാര്യം അത്ര നിസാരമല്ല. എന്നാല്‍ ഈ വീടിന്റെ വിശേഷങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും.
ലുക്ക്, ആവശ്യത്തിന് ഇടം ഇതെല്ലാം കൊക്കിലൊതുങ്ങുന്ന ബജറ്റിൽ ഒരുക്കേണ്ടതു തീരെ ചെറിയ സ്ഥലത്ത്. വീട് ചെറുതാകുമ്പോൾ വെല്ലുവിളികളും അത്ര ചെറുതാവില്ല.
കോഴിക്കോട് ഭട്ട് റോഡിൽ 2.45 സെന്റ് സ്ഥലത്ത് 1270 ചതുരശ്രയടി വിസ്തീർണമുള്ള ഒരു വീട് ഒരുക്കുകയെന്നത് എങ്ങനെയിരിക്കും? അതാണ് വീട്ടുടമയായ ഷിബുവിനു വേണ്ടി നാൽവർ ഡിസൈനർ സംഘം തയാറാക്കിയത്.
4 കിടപ്പുമുറികൾ, ഫോയർ, ലിവിങ്–ഡൈനിങ്, അടുക്കള, വർക്ഏരിയ, മുകൾനിലയിലെ ലിവിങ് എന്നിവയുൾപ്പെടുന്നതാണ് വീട്.
ഡൈനിങ്ങിൽനിന്നു കടക്കാവുന്ന രീതിയിലാണ് താഴെയുള്ള കിടപ്പുമുറികൾ. മുകളിൽ 2 കിടപ്പുമുറികൾ, ഒരു ശുചിമുറി, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയുണ്ട്.
‘L’ ആകൃതിയിലുള്ള അടുക്കളയോടു ചേർന്നാണ് വർക് ഏരിയ. പൂഴി നിറഞ്ഞ തീരമേഖലയായതിനാൽ കരിങ്കൽ ഉപയോഗിച്ചുള്ള അടിത്തറ നിർമാണത്തിന് അൽപം ചെലവേറി.
ഭിത്തിനിർമാണത്തിന് ചെങ്കല്ലും സിമന്റ് പ്ലാസ്റ്ററിങ്ങും ഉപയോഗിച്ചു. പ്രധാന വാതിൽ ഇരൂൾ മരത്തിൽ ഒരുക്കിയപ്പോൾ മറ്റുള്ളവ റെഡിമെയ്ഡ് വാതിലുകളാണ്. ഫാൾസ് സീലിങ്, പാനലിങ് എന്നിവ ഒഴിവാക്കിയതിനാൽ അതുമായി ബന്ധപ്പെട്ട ചെലവുകൾ വന്നില്ല.
നിർമാണം തുടങ്ങി, അധികം സമയം പാഴാക്കാതെ പൂർത്തിയാക്കാൻ ശ്രമമുണ്ടായി. ഈ കൃത്യതയിലൂടെയും ചെലവു കുറച്ചു.
ബജറ്റിൽ നിന്നുകൊണ്ടുതന്നെ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ നിർമാണത്തിന് ഉപയോഗിക്കുകയും ചെയ്തു. അങ്ങനെ 2017ൽ വീട് പൂർത്തിയാക്കിയതു 12 ലക്ഷത്തിന് !
ഡിസൈനർമാർ:
എം.കെ.മുകിൽ, ഒ.ഡിജേഷ്,
എസ്.ആർ.ബബിത്, സി.എം.രാഗേഷ്
(കൺസേൺ ആർക്കിടെക്ചറൽ,
നടക്കാവ്, കോഴിക്കോട്)