Latest News

 കോണ്‍ക്രീറ്റ് മേല്‍ക്കൂരയിലെ ചോര്‍ച്ച പരിഹരിക്കുന്നതെങ്ങനെ?

Malayalilife
  കോണ്‍ക്രീറ്റ് മേല്‍ക്കൂരയിലെ ചോര്‍ച്ച പരിഹരിക്കുന്നതെങ്ങനെ?

ചോര്‍ച്ച വരുത്തിവയ്ക്കുന്ന പൊല്ലാപ്പുകള്‍ ചില്ലറയല്ല. മേല്‍ക്കൂരയില്‍ നിന്ന് ഓരോ തുള്ളി വെള്ളം കിനിഞ്ഞിറങ്ങുമ്പോഴും വീട്ടുകാരുടെ മനസ്സമാധാനം മാത്രമല്ല കെട്ടിടത്തിന്റെ ആയുസ്സും കൂടിയാണ് ചോര്‍ന്നുപോകുന്നത്. സ്വരുക്കൂട്ടിയും കടമെടുത്തും വീട് പണിതു തീര്‍ന്നാലും ആശങ്കകള്‍ തീരുന്നില്ല. ഒരു വര്‍ഷം കഴിയേണ്ട, അതിന് മുമ്പേ വരുന്നു ചോര്‍ച്ച. പിന്നെ വൈറ്റ് സിമന്റ് അടിക്കലായി, സിമന്റ് തേക്കലായി അങ്ങനെ നീളുന്നു പരിഹാര മാര്‍ഗങ്ങള്‍. ട്രോപിക്കല്‍ ക്ലൈമറ്റും കാലംതെറ്റി പെയ്യുന്ന മഴയും കേരളത്തിന്റെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ കേരളത്തിന്റെ കാലാവസ്ഥയില്‍ വീടിന്റെ ആദ്യ പ്രതിരോധമാണ് റൂഫിങ് അഥവാ മേല്‍ക്കൂര. മേല്‍ക്കൂരയെന്നാല്‍ വീടിന്റെ തലയാണ്. അതുകൊണ്ടുതന്നെ വേണ്ടത്ര ശ്രദ്ധകൊടുക്കേണ്ടത് അനിവാര്യവുമാണ്. 

കോണ്‍ക്രീറ്റിങ്ങിലെ അപാകതകളും ഗുണനിലവാരം കുറഞ്ഞ സിമന്റും മണലുമെല്ലാം ചോര്‍ച്ചയുണ്ടാകാനുള്ള മുഖ്യ കാരണങ്ങളില്‍ ഒന്നാണ്.
പാരപ്പെറ്റുകള്‍, സണ്‍ഷേഡുകള്‍ എന്നിവിടങ്ങളിലാണ് ചോര്‍ച്ച പ്രധാനമായും ഉണ്ടാവുക. കോണ്‍ക്രീറ്റിലെ വിള്ളല്‍ ഒരിക്കല്‍ വന്നാല്‍ പിന്നീട് എന്ത് പരിഹാരമാര്‍ഗങ്ങള്‍ അവലംബിച്ചാലും പ്രയോജനം കണ്ടെന്നുവരില്ല. അതുകൊണ്ടുതന്നെ ചോര്‍ച്ച വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ആദ്യമേ എടുക്കുക. കോണ്‍ക്രീറ്റ് ഇട്ടുകഴിഞ്ഞാല്‍ ഏഴു മുതല്‍ 12 ദിവസംവരെ തുടര്‍ച്ചയായി നനച്ചാല്‍ മാത്രമേ സിമന്റ് ചേര്‍ത്ത ഉല്‍പന്നങ്ങളില്‍ ക്യുവറിങ് ശരിയായി നടക്കൂ. കോണ്‍ക്രീറ്റിന്റെ ഉള്ളിലൂടെ ഇറങ്ങുന്ന വെള്ളം വീട് വാര്‍ത്തിരിക്കുന്ന കമ്പിയെ ക്ഷയിപ്പിക്കുകയും  കമ്പി തുരുമ്പിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. കാലക്രമേണ വീട് ഇടിഞ്ഞുവീഴുകവരെ ചെയ്യുന്നു.

പ്രതിവിധി പലതരത്തില്‍

മേല്‍ക്കൂര വാര്‍ക്കുന്ന സമയത്ത് കോണ്‍ക്രീറ്റില്‍ ചേര്‍ക്കാവുന്ന തരം വാട്ടര്‍പ്രൂഫിങ് ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. പൗഡര്‍ രൂപത്തിലും ലിക്വിഡ് രൂപത്തിലും ഇതു ലഭിക്കും. കോണ്‍ക്രീറ്റില്‍ ഉപയോഗിക്കുന്ന സാമഗ്രികള്‍ തമ്മിലുള്ള പിടിത്തം അഥവാ 'ബോണ്ടിങ് കൂട്ടുകയും കോണ്‍ക്രീറ്റിനുള്ളില്‍ ചെറിയ സുഷിരങ്ങള്‍ (എയര്‍ ഗ്യാപ്) ഉണ്ടാകുന്നത് തടയുകയും ചെയ്യുമെന്നതാണ് ഇത്തരം വാട്ടര്‍പ്രൂഫിങ് മെറ്റീരിയല്‍ ഉപയോഗിക്കുന്നതുകൊണ്ടുള്ള മെച്ചം.

മേല്‍ക്കൂര വാര്‍ത്ത ശേഷം പ്ലാസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് 'വാട്ടര്‍പ്രൂഫിങ് ചെയ്യുന്നതാണ് മറ്റൊരു മാര്‍ഗം. ബിറ്റുമിന്‍, പോളിമര്‍, ലാറ്റക്സ്, അക്രിലിക് എന്നിവകൊണ്ടുള്ള ഉല്‍പന്നങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.

ബ്രഷ് ഉപയോഗിച്ച് മേല്‍ക്കൂരയില്‍ തേച്ചുപിടിപ്പിക്കാവുന്ന രീതിയിലും ടെറസില്‍ നേരിട്ട് ഒട്ടിക്കാവുന്ന ഷീറ്റ് രൂപത്തിലും ബിറ്റുമിന്‍ ബേസ്ഡ് വാട്ടര്‍പ്രൂഫിങ് ഉല്‍പന്നങ്ങള്‍ ലഭിക്കും. പേസ്റ്റ് രൂപത്തിലുള്ള മിശ്രിതം കുറഞ്ഞത് ഒരു എംഎം കനത്തിലാണ് തേച്ചുപിടിപ്പിക്കേണ്ടത്. മൂന്നു മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ സമയത്തിനുള്ളില്‍ ഇതിനു മുകളില്‍ പ്ലാസ്റ്റര്‍ ചെയ്യാം. സ്‌ക്വയര്‍ഫീറ്റിന് പണിക്കൂലി അടക്കം 25-30 രൂപയാണ് ചെലവ് വരിക. ഇതിനു മുകളില്‍ പ്ലാസ്റ്റര്‍ ചെയ്തില്ലെങ്കില്‍ കുറച്ചുകാലം കഴിയുമ്പോള്‍ പൊളിഞ്ഞു പോകാന്‍ സാധ്യതയുണ്ട്.

10 മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള ബിറ്റുമിന്‍ ഷീറ്റ് ഉപയോഗിച്ചും വാട്ടര്‍പ്രൂഫിങ് ചെയ്യാം. മൂന്ന് എംഎം മുതല്‍ ആറ് എംഎം വരെ കനത്തില്‍ ഇത്തരം ഷീറ്റ് ലഭിക്കും. ഇവ ടെറസില്‍ വിരിച്ച ശേഷം അരികുകള്‍ ഉരുക്കി ഒട്ടിക്കുകയാണ് ചെയ്യുന്നത്. സ്‌ക്വയര്‍ഫീറ്റിന് 20 രൂപ മുതലാണ് ചെലവ്. ഇതിനു മുകളിലും കനം കുറച്ച് പ്ലാസ്റ്ററിങ് ചെയ്യുന്നതാണ് നല്ലത്. കനത്ത മഴയും കഠിനമായ ചൂടും ഇടവിട്ട് അനുഭവപ്പെടുന്ന കേരളത്തിലെ കാലാവസ്ഥയില്‍ ഇവ ഇളകിപ്പോകാന്‍ ഇടയുണ്ട് എന്നതാണ് കാരണം.

how-to-solve-concrete-roof-leaking

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES