ഫ്രിജ്ഡിലെയും ഷൂവിനുള്ളിലെയുമൊക്കെ ദുര്‍ഗന്ധത്തെ എങ്ങനെ നീക്കം ചെയ്യുമെന്ന് ആലോചിക്കുന്നവരാണ് എല്ലാ വീട്ടമ്മമാരും. പണച്ചെലവില്ലാതെ തന്നെ പ്രകൃതിദത്തമായ ചില പൊടിക്കൈകളിലൂടെ എയര്‍ഫ്രഷ്നറില്ലാതെ വീട്ടിലെ പല ഭാഗങ്ങളിലെയും ദുര്‍ഗന്ധം ഇല്ലാതാക്കാം.ചിലവൊന്നുമില്ലാതെ വീട്ടില്‍ തന്നെ പ്രകൃതിദത്തമായ എയര്‍ഫ്രഷ്നര്‍ ഉണ്ടാക്കാം. അതിനായി രണ്ടുകപ്പ് വെള്ളത്തില്‍ മുക്കാല്‍കപ്പ് ബേക്കിങ് സോഡ ചേര്‍ക്കുക. ഇതിലേക്ക് അരകപ്പ് നാരങ്ങാനീരും ചേര്‍ക്കുക. ഇനി ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റി നന്നായി കുലുക്കിയതിനു ശേഷം ദുര്‍ഗന്ധം തോന്നുന്ന ഭാഗങ്ങളില്‍ സ്പ്രേ ചെയ്യാം.
ഷൂ ധരിക്കാന്‍ പലര്‍ക്കും ഇഷ്ടമാണെങ്കിലും പലപ്പോഴും അവയില്‍ നിന്നുണ്ടാകുന്ന ദുര്‍ഗന്ധം സഹിക്കാനാവില്ല. ഷൂ ഊരിക്കഴിഞ്ഞാലും കാലുകളില്‍ അവശേഷിക്കുന്ന മണം ഇല്ലാതാക്കാനും ഒരു വഴിയുണ്ട്. അതിനായി ഓരോ ഷൂവിനുള്ളിലും ഏതാനും ടീബാഗുകള്‍ നിറച്ച് നനവില്ലാത്ത ഭാഗത്ത് സൂക്ഷിക്കുക. ഇരുപത്തിനാലു മണിക്കൂറിനു ശേഷം മാറ്റുമ്പോഴേക്കും ദുര്‍ഗന്ധം പമ്പ കടന്നിരിക്കും. ഷൂവിനുള്ളിലെ നനവില്‍ ബാക്റ്റീരിയ കൂടിയാണ് ദുര്‍ഗന്ധം ഉണ്ടാകുന്നത്. ടീബാഗ് വെക്കുന്നതു വഴി ഈര്‍പ്പം വലിച്ചെടുക്കുകയും ചീത്തമണം പോവുകയും ചെയ്യും.
പഴങ്ങളും പച്ചക്കറികളും ബാക്കിയായ ഭക്ഷണസാധനങ്ങളുമൊക്കെ സൂക്ഷിക്കുന്ന ഫ്രിഡ്ജില്‍ മറ്റു ഭാഗങ്ങളേക്കാള്‍ എളുപ്പത്തില്‍ ദുര്‍ഗന്ധം ഉണ്ടാകാനിടയുണ്ട്.അതു നീക്കംചെയ്യാന്‍ ഒരു ബൗളില്‍ അല്‍പം കാപ്പിപ്പൊടി എടുത്ത് ഫ്രിഡ്ജില്‍ വെക്കാം. ഇരുപത്തിനാലുമണിക്കൂറിനു ശേഷം നീക്കം ചെയ്യാം. കാറിനുള്ളിലെ അസുഖകരമായ ഗന്ധം നീക്കം ചെയ്യാനും ഇതുപകരിക്കും. ഒരു പാത്രമെടുത്ത് അതില്‍ കാപ്പിപ്പൊടി വച്ചതിനുശേഷം തുളകളിട്ട മൂടി കൊണ്ട് അടച്ച് വണ്ടിയില്‍ വെച്ചാല്‍മതി.