വാസ്തുശാസ്ത്രം കല്ലിടീലും വാസ്തുബലിയും മാത്രമാണെന്ന് തെറ്റിദ്ധരിച്ചാല്‍ കുഴപ്പങ്ങള്‍ ഉണ്ടാവുന്നത് നാലുവശത്തുനിന്നുമായിരിക്കും. അതിലൊന്നാണ് നിലവിളക്ക് കത്തിച്ച് വയ്ക്കുന്ന സ്ഥാനം സംബന്ധിച്ചുള്ളത്. പലപ്പോഴും പ്രധാന വാതിലിന് മുന്നിലോ, വശത്തോ, തിണ്ണയില്‍ അഥവാ സിറ്റ്ഔട്ടിലോ ആണ് സാധാരണ സന്ധ്യയ്ക്കും പ്രഭാതത്തിലും വിളക്ക് വയ്ക്കുന്നത് കാണുന്നത്. എന്നാല്‍ അത് മുറ്റത്തുവയ്ക്കുന്നതിന് സമാനമേ ആകുന്നുളളുവെന്നാണ് വാസ്തു വിദഗ്ദ്ധര്‍ പറയുന്നത്.
മുമ്പൊക്കെ അറയും പുരയും ഉള്ളിടത്ത് ബ്രഹ്മസ്ഥാനത്ത് അറയുടെ മുമ്പിലായിരുന്നു വിളക്ക് കൊളുത്തല്‍. അത് നല്ലൊരു സ്ഥാനമാണ്. പക്ഷേ, ഇന്നത്തെ നിര്‍മ്മാണ രീതിയില്‍ ബ്രഹ്മസ്ഥാനം എന്ന കേന്ദ്രസ്ഥാത്ത് അതല്‍പ്പം പ്രയാസമായിരിക്കും.സൗകര്യമുണ്ടെങ്കില്‍ ആവാം. ഏത് ദിക്കിലേക്ക് ദര്‍ശനമുള്ള വീടാണെങ്കിലും പ്രധാന വാതിലിന്റെ മുമ്പില്‍ അകത്തായി വിളക്കുവയ്ക്കുന്നതാണ് ഉചിതം. മുറികളുടെ വാതിലുകള്‍ തുറന്നിടുക. അപ്പോള്‍ ഇളം കാറ്റില്‍ എല്ലാ മുറിയിലും വായു പ്രവാഹമുണ്ടായി അനുകൂല ഊര്‍ജ്ജം തിരിയില്‍നിന്നും പരക്കും.
അണുസംഹാരിയാണ് ദീപം. ഇത് എല്ലാ മതക്കാര്‍ക്കും പിന്തുടരാവുന്ന ശാസ്ത്രീയമായ ഒരു ക്രിയയാണ്. എല്ലാ വിഭാഗക്കാരുടെയും പള്ളികളില്‍ കുന്തിരിക്കവും സാമ്പ്രാണിയും പുകയ്ക്കുന്നതിന്റെ കാര്യവും ഇതാണ്. നിലവിളക്കില്‍ ഏത് എണ്ണയാണ് ഉപയോഗിക്കേണ്ടതെന്ന സംശയം എപ്പോഴും ഉണ്ടാകും. വിളക്കില്‍ ഒഴിക്കാന്‍ ഏറ്റവും നല്ലത് നെയ്യാണ്. പിന്നെ നല്ലെണ്ണ. എന്നിട്ടാവാം വെളിച്ചെണ്ണ. മറ്റ് എണ്ണയൊന്നും ഉപയോഗിക്കാതിരിക്കുക. തിരി കത്തുമ്പോള്‍ രാസപ്രവര്‍ത്തനത്തിലൂടെ അന്തരീക്ഷത്തിലെ രോഗാണുക്കളെയും ദുഷിച്ച വായുവിനെയും തുരത്തി നല്ല ഊര്‍ജ്ജം മുറിക്കുള്ളില്‍ പരക്കുന്നു.
മുറികളൊക്കെ അങ്ങനെ ശുദ്ധമായി മാറും. ഇതാണ് ശാസ്ത്രവശം. ഇതിനാവശ്യമായ ഘടകങ്ങള്‍ ഏറെയുള്ളത്, നെയ്യ്, എണ്ണ, വെളിച്ചെണ്ണ ഇവയിലാണ്.വിളക്കു കത്തിച്ചുവയ്ക്കുന്നതിന്റെ ആദ്യലക്ഷ്യവും ഇതാണ്. പിന്നെയാണ് ദൈവത്തിന്റെ കാര്യം. ഈശ്വരനെ തൃപ്തിപ്പെടുത്തുക എന്നത് മാത്രമല്ല വീട്ടില്‍ നിലവിളക്ക് കൊളുത്തുന്നതിന്റെ ഉദ്യേശ്യം. അത് വീടിനുളളിലും അന്തേവാസികള്‍ക്കും ഊര്‍ജ്ജം പ്രദാനം ചെയ്യും.