Latest News

മോഹന്‍ലാലിന്റെ അനിയത്തി;സുചിത്രയുടെ നാത്തൂന്‍; താരകുടുംബത്തിലെ പ്രശസ്ത നര്‍ത്തകിയായ ഉഷാ ബാലാജിയെ അറിയാം

Malayalilife
 മോഹന്‍ലാലിന്റെ അനിയത്തി;സുചിത്രയുടെ നാത്തൂന്‍; താരകുടുംബത്തിലെ പ്രശസ്ത നര്‍ത്തകിയായ ഉഷാ ബാലാജിയെ അറിയാം

ചെന്നൈയിലെ വളരെ പ്രശസ്തവും സമ്പന്നവുമായ താരകുടുംബത്തില്‍ നിന്നുമാണ് നടന്‍ മോഹന്‍ലാല്‍ വിവാഹം കഴിച്ചത്. തമിഴ് നടനും സിനിമാ നിര്‍മ്മാതാവുമായ കെ ബാലാജിയുടെ മകള്‍ സുചിത്രയെ മോഹന്‍ലാല്‍ വിവാഹം കഴിച്ചതോടെ ആ കുടുംബത്തിന്റെ തലവര തന്നെ മാറിമറിയുകയായിരുന്നു. സുചിത്രയ്ക്ക് മുകളില്‍ ബാലാജിയ്ക്ക് രണ്ടു മക്കള്‍ കൂടിയുണ്ട്. സുരേഷ് ബാലാജിയും സുജാതയും. ഇപ്പോള്‍ തമിഴിലെ പ്രശസ്ത സിനിമാ നിര്‍മ്മാതാവായ സുരേഷ് ബാലാജി വിവാഹം കഴിച്ചത് കണ്ണൂര്‍ സ്വദേശിനിയും പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകിയുമായ ഉഷാ സുരേഷിനെയാണ്.

കേരളത്തില്‍ 30 വര്‍ഷം മുമ്പ് ശാസ്ത്രീയ നൃത്ത രംഗത്ത് സജീവമായിരുന്ന ഉഷ സുരേഷ് വിവാഹത്തോടെയാണ് ചെന്നൈയിലേക്ക് താമസം മാറിയത്. അതിനു ശേഷം കുടുംബജീവിതത്തില്‍ മാത്രം ശ്രദ്ധിച്ച് കലാരംഗത്തു നിന്നും മാറിനില്‍ക്കുകയായിരുന്നു. ഒരു മകനും മകളും ജനിച്ച് അവര്‍ പ്രായപൂര്‍ത്തിയായി സ്വന്തം ജീവിതം തേടി പാറി തുടങ്ങിയപ്പോഴാണ് ഉഷ വീണ്ടും നൃത്തരംഗത്തേക്ക് സജീവമായി എത്തിയത്. ഭര്‍ത്താവിന്റെയും മക്കളുടെയും പൂര്‍ണ പിന്തുണയോടെയായിരുന്നു ഈ തിരിച്ചു വരവ്. ഗുരുവായ കലാമണ്ഡലം ക്ഷേമാവതി ടീച്ചറുടെയും ആദ്യ ഗുരുവായ ശ്യാമള ടീച്ചറുടെയും പിന്തുണയും പ്രോത്സാഹനത്തോടെയും വീണ്ടും ചിലങ്കയണിഞ്ഞ് നൃത്ത വേദികളില്‍ സജീവമാകുകയായിരുന്നു ഉഷ. സ്വന്തമായി ചിട്ടപ്പെടുത്തിയ നൃത്തം സ്റ്റേജില്‍ അവതരിപ്പിച്ച് കയ്യടി നേടിയ ഉഷ ഇപ്പോള്‍ വിദേശ രാജ്യങ്ങളിലും നാട്ടിലും എല്ലാമായി നൃത്തരംഗത്ത് സജീവമാണ്.

ഏറെക്കാലം വീട്ടമ്മയായി ഒതുങ്ങിയതിന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ എല്ലാം മറികടന്നാണ് വീണ്ടും നൃത്തരംഗത്തേക്ക് ഉഷ എത്തിയത്. അച്ഛനും അമ്മയും ഭര്‍ത്താവും മക്കളും സുചിത്രയും മോഹന്‍ലാലും എല്ലാം ഉഷയെ നൃത്തരംഗത്തേക്ക് തിരിച്ചു വരാന്‍ പ്രചോദിപ്പിച്ചിരുന്നു. മാത്രമല്ല, മോഡലിംഗിലും ഉഷ സജീവമാണ്. മക്കളും കലാരംഗത്ത് തന്നെ സജീവമാണ്, മകന്‍ സൂരജ് അശോക കണ്ണത്തില്‍ മുത്തമിട്ടാല്‍, മാജിക് മാജിക് എന്നീ ചിത്രങ്ങളിലും പതിനൊന്നു വയസുവരെ എണ്‍പതോളം പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മകള്‍ സിതാരയും പരസ്യ ചിത്രങ്ങളില്‍ സജീവമായിരുന്നു. ആറാം ക്ലാസ് വരെ ക്ലാസിക്കല്‍ നൃത്തം അഭ്യസിച്ച സിതാര പിന്നീട് മോഡേണ്‍ ഡാന്‍സിലേക്ക് തിരിയുകയായിരുന്നു. എങ്കിലും നൃത്തത്തില്‍ ആയാലും കംമ്പോസിംഗില്‍ ആയാലും സിതാര കഴിവു തെളിയിച്ച കലാകാരി തന്നെയാണ്. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് സിനിമാ പ്രൊഡക്ഷന്‍ മേഖലയില്‍ സജീവമാണ് സിതാര.

കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് സ്വദേശിനിയാണ് ഉഷ. നിര്‍മ്മലഗിരി കോണ്‍വെന്റിലെ ആദ്യ നഴ്സറി ബാച്ചായിരുന്നു ഉഷയുടേത്. അവിടുത്തെ ആനിവേഴ്സറിയ്ക്കാണ് ഉഷ ആദ്യമായി നൃത്തം ചെയ്തത്. ഉഷയുടെ നൃത്തം കണ്ട അവിടുത്തെ പ്രിന്‍സിപ്പല്‍ മാര്‍ട്ടിന്‍ മേരി സിസ്റ്റര്‍ ഉഷയുടെ അമ്മയോട് മകളെ നൃത്തം പഠിപ്പിക്കണം എന്ന് പറയുകയായിരുന്നു. തുടക്കത്തില്‍ സ്‌കൂളില്‍ നൃത്തം പഠിപ്പിച്ചിരുന്ന വാസന്‍ മാഷും പിന്നീട് രണ്ടു വര്‍ഷത്തിനു ശേഷം തലശ്ശേരിയിലെ ശ്യാമള ടീച്ചറുടെയും അടുത്തായി നൃത്ത പഠനം.

അന്ന് അഞ്ചാം ക്ലാസു മുതല്‍ പത്താം ക്ലാസ് വരെയായിരുന്നു കലോത്സവ മത്സരങ്ങള്‍ ഉണ്ടായിരുന്നു. അങ്ങനെ ആദ്യം പഠിച്ച മിഷന്‍ സ്‌കൂളില്‍ നിന്നും കൂത്തുപറമ്പ് ഹൈസ്‌കൂളിലേക്ക് പഠനം മാറ്റി. രണ്ടാം ക്ലാസ് മുതല്‍ക്കേ ഭരതനാട്യം പഠിച്ചിരുന്നു. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രംഗപൂജയും അലാരിപ്പും കൃഷ്ണന്റെ പദവും കാളിയമര്‍ദ്ദനവും ചെയ്തായിരുന്നു അരങ്ങേറ്റം. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മോഹിനിയാട്ടത്തിന് നാഷണല്‍ ടാലന്റ് സ്‌കോളര്‍ഷിപ്പ് ലഭിച്ചു. അതിനു ശേഷം കലാമണ്ഡലം സരസ്വതി ടീച്ചറുടെ അടുത്തേക്ക് മാറി. ഫോക്ക് ഡാന്‍സ് പഠനം അപ്പോഴും ശ്യാമള ടീച്ചര്‍ക്കു കീഴില്‍ തന്നെ തുടര്‍ന്നു.

കലോത്സവ വേദികളില്‍ തുടര്‍ച്ചയായി ആറുവര്‍ഷം സംസ്ഥാനതലത്തില്‍ സമ്മാനം നേടുവാന്‍ ഉഷയ്ക്ക് സാധിച്ചു. അവസാന വര്‍ഷം വ്യക്തിഗത ചാമ്പ്യന്‍ ഷിപ്പിന് അര്‍ഹയായി. അന്നൊന്നും കലാതിലകപട്ടം ഉണ്ടായിരുന്നില്ല. പ്രീഡിഗ്രി ഫസ്റ്റ് ഇയര്‍ ആയപ്പോള്‍ കലാമണ്ഡലം ക്ഷേമാവതി ടീച്ചര്‍ക്കു കീഴിലായി പഠനം. നിര്‍മ്മലഗിരി കോളേജില്‍ നിന്ന് സെന്റ് ജോസഫിലേക്ക് പഠനം മാറ്റി. മാത്സ് ആയിരുന്നു പ്രധാനവിഷയമായി എടുത്തു പഠിച്ചത്. പഠിത്തത്തിനോടൊപ്പം തന്നെ സ്‌കോളര്‍ഷിപ്പും ലഭിച്ചിരുന്നു. നൃത്തം തുടരവേയാണ് 1988ല്‍ വിവാഹിതയായത്. സിനിമാ രംഗത്തെ ബാലാജി എന്ന വലിയ മനുഷ്യന്‍ മകനെ വിവാഹം ചെയ്തപ്പോള്‍ നൃത്തത്തെ കൂടെക്കരുതിക്കോളൂ എന്നായിരുന്നു പറഞ്ഞത്. പക്ഷെ, ഒരു നല്ല നര്‍ത്തകിയെ പോലെ തന്നെ നല്ല കുടുംബിനിയാകുവാനും ഉഷ ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെ കുടുംബത്തിനായി എല്ലാം ഉപേക്ഷിച്ചു.

Read more topics: # ഉഷാ ബാലാജി
Facebook Usha Suresh Balaje

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES