ഭക്ഷണത്തില്‍ ധാരാളം മഞ്ഞള്‍ ഉള്‍പ്പെടുത്തിയാല്‍ കാന്‍സറിനെ ചെറുക്കാമെന്ന് ഗവേഷകര്‍. മഞ്ഞളിലുള്ള ഘടകത്തിന് കാന്‍സറിനെ പ്രതിരോധിക്കാനാകുമെന്നാണ് കണ്ടെത്തല്‍. കുര്‍ക്കുമിനില്‍ അടങ്ങിയിട്ടുള്ള ആന്റി-ഇന്‍ഫല്‍മേറ്ററി, ആന്റി ഓക്‌സിഡന്റുകളാണ് ട്യൂമറിന്റെ വളര്‍ച്ച പ്രതിരോധിക്കുന്നതെന്നും ഫിലാഡല്‍ഫിയയിലെ ടെംപിള്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു.
എട്ടുതരം അര്‍ബുദവളര്‍ച്ചയെ മഞ്ഞളിന് പ്രതിരോധിക്കാനാകുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. അയ്യായിരത്തോളം പേരില്‍ നടത്തിയ പഠനത്തിലൂടെയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം, രക്താര്‍ബുദം എന്നിവയെയും വയര്‍, പാന്‍ക്രിയാസ്, അടിവയര്‍, ബോണ്‍മാരോ, പ്രോസ്റ്റേറ്റ് ക്യാന്‍സറുകളെയും പ്രതിരോധിക്കാനാവുമെന്ന് ഗവേഷകര്‍ പറയുന്നു.
ട്യൂമറുകളിലേക്കുള്ള ന്യൂട്രിയന്റുകളുടെ പോക്ക് തടയാന്‍ കുര്‍ക്കുമിനാകുമെന്നും അതുവഴി ട്യൂമറിന്റെ വളര്‍ച്ച കുറയ്ക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു. ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കുന്ന പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കുന്നതില്‍നിന്ന് ക്യാന്‍സര്‍ കോശങ്ങളെ ഇത് തടയുകയും ചെയ്യുന്നു. ക്യാന്‍സര്‍ ചികിത്സയില്‍ ഒട്ടേറെ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനാകുന്ന മരുന്നുനിര്‍മിക്കുന്നതിനും കുര്‍ക്കുമിന്‍ ഉപയോഗിക്കാനാകുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.
ആയുര്‍വേദമുള്‍പ്പെടെയുള്ള പാരമ്പര്യ ചികിത്സകളില്‍ മഞ്ഞള്‍ പ്രധാനഘടകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും അലോപ്പതി രംഗത്ത് കുര്‍ക്കുമിന്‍ ഉപയോഗം ആരംഭിച്ചിട്ടില്ല. കുര്‍ക്കുമിന്‍ ഘടകമായിട്ടുള്ള മരുന്നുകള്‍ നിര്‍മാണഘട്ടത്തിലുണ്ടെങ്കിലും ഇതുവരെ മനുഷ്യരില്‍ പ്രയോഗിച്ചുതുടങ്ങിയിട്ടില്ല. അതിനുള്ള സാധ്യതകള്‍ തേടുന്നതാണ് പുതിയ ഗവേഷണഫലങ്ങള്‍.
ഉയര്‍ന്ന രക്തസമ്മര്‍ദത്തെയും കരള്‍ രോഗങ്ങളെയും ചെറുക്കാന്‍ മഞ്ഞളിനാവുമെന്ന് നേരത്തെ ഗവേഷകര്‍ കണ്ടെത്തിയിയിരുന്നു. ശസ്ത്രക്രിയകള്‍ക്കുശേഷമുള്ള മുറിവുകള്‍ ഉണങ്ങുന്നതിനും വാതരോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കും ഇത് ഗുണകരമാണെന്നാണ് കണ്ടെത്തല്‍.
മഞ്ഞളിന്റെ ഔഷധഗുണം സംബന്ധിച്ച ഗവേഷണങ്ങള്‍ ഏറെക്കാലമായി നടക്കുന്നുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ടെംപിള്‍ സര്‍വകലാശാലയിലെ പാത്തോളജിസ്റ്റ് ഡോ. അന്റോണിയോ ഗിയോര്‍ഡാനോ പറഞ്ഞു. 1924 മുതല്‍ക്ക് ഇത്തരം പഠനങ്ങള്‍ നടന്നിട്ടുണ്ട്. ടെംപിള്‍ സര്‍വകാശാലയുടെ പഠനം ന്യൂട്രിയന്റ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പാര്‍ശ്വ ഫലങ്ങള്‍ ഇല്ലാതെ തന്നെ ആര്‍ത്തവ വേദനയ്ക്ക് ഒരു ഉത്തമ ഔഷധമാണ് മഞ്ഞള്‍. പാലും മഞ്ഞളും കൂടി കഴിക്കുന്നത് നല്ലൊരു വേദന സംഹാരിയായി പ്രവര്‍ത്തിക്കും. ആന്റി ബയോട്ടിക് ഘടകങ്ങള്‍ ധാരാളം ഇതില്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇത് ഒരു വേദനാ സംഹാരി കൂടിയാണ്.
ഉറക്കമില്ലായ്മയ്ക്ക് ഏറ്റവും ഉത്തമമായ ഒരു പരിഹാര മാര്‍ഗം കൂടിയാണ് മഞ്ഞള്‍. ഉറങ്ങാന്‍ സഹായിക്കുന്ന അമിനോ ആസിഡ്, ട്രൈപ്റ്റോഫന്‍ എന്നിവയെ ശരീരത്തില്‍ ഉദ്പാദിപ്പിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന് ശേഷിയുണ്ട്. ഉറക്കമില്ലായ്മയ്ക്ക് മഞ്ഞള്‍ പാല്‍ ഇളം ചൂടില്‍ കുടിക്കുന്നതാണ് നല്ലത്.
നിരവധി സൗന്ദര്യ സംരക്ഷണ ഗുണങ്ങളും മഞ്ഞളിനുണ്ട്. മഞ്ഞള്‍ അരച്ചുപുരട്ടിയാല്‍ അനാവശ്യ രോമങ്ങള്‍ നീക്കാന്‍ കഴിയും. ഇത് മുഖകാന്തി വര്‍ദ്ധിപ്പിക്കുകയും അപകടകാരികളായ ബാക്ടീരിയകളെ ശരീരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യും.
ഡയബറ്റിക്സ് ഉളളവര്‍ക്ക് മഞ്ഞള്‍ വളരെ ഫലപ്രദമാണ്. ഇന്‍സുലിന്റെയും ഗ്ലൂക്കോസിന്റെയും അളവു നിയന്ത്രിക്കാന്‍ മഞ്ഞള്‍ ഒരു പരിധി വരെ സഹായിക്കും. ടൈപ്പ് 2 ഡയബറ്റിക്‌സ് തടയാനും മഞ്ഞളിനു കഴിവുണ്ട്. മറവി രോഗം ചെറുക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍. തലച്ചോറിലേക്കുളള ഓക്സിജന്റെ ഒഴുക്കു കൂട്ടാനും അല്‍ഷിമേഴ്സ് രോഗത്തിന്റെ കാഠിന്യം ഒരു പരിധി വരെ കുറയ്ക്കാനും മഞ്ഞള്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.