പ്രണയം ഒരു ശാസ്ത്രമാണ്. അകപ്പൊരുളുകള്‍ അറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ ഒരിക്കലും പിഴക്കാത്ത ശാസ്ത്രം. ഇത് പറയുന്നത് മറ്റാരുമല്ല, പ്രണയത്തിന്റെ ഐന്‍സ്റ്റീന്‍ എന്നറിയപ്പെടുന്ന ഡോ . ജോണ്‍ ഗോട്ട്മാനും പത്‌നി ഡോല്‍ ജൂലിയുമാണ്. മനഃശാസ്ത്രജ്ഞരും ഗ്രന്ഥകര്‍ത്താക്കളുമായ ഇരുവരും ചേര്‍ന്ന് 40,000 ല്‍ അധികം ഇണകളെ സസൂക്ഷ്മം നിരീക്ഷിച്ച് ഇപ്പോള്‍ പ്രണയം തകരാതിരിക്കാനുള്ള വഴികള്‍ കണ്ടെത്തിയിരിക്കുകയാണ്.
അമ്പതു വര്‍ഷത്തെ ദാമ്പത്യം പൂര്‍ത്തിയാക്കിയ ഇരുവരും നീണ്ടകാലത്തെ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണ് പ്രണയമെന്ന ശാസ്ത്രത്തിലെ അന്തര്‍ലീനമായ പ്രപഞ്ച സത്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ദാമ്പത്യം ഒരിക്കലും തകരാതിരിക്കുവാന്‍, പ്രണയത്തിന്റെ മാധുര്യം നഷ്ടപ്പെടാതിരിക്കുവാനുള്ള ഏഴു ദിന കര്‍മ്മ പരിപാടി ഇവര്‍ അവതരിപ്പിക്കുകയാണ്.
കര്‍മ്മ പരിപാടി ആരംഭിക്കുന്നത് തിങ്കളാഴ്ച്ചയാണ്. ബിഡ്‌സ് ഫോര്‍ കണക്ഷന്‍ എന്നതാണ് ആദ്യ ഘട്ടത്തിന്റെ പേര്. ഒരുഅന്യ വ്യക്തി മറ്റൊരു വ്യക്തിയുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള ആദ്യ ശ്രമമാണിത്. അത് ശാരീരികമായോ, വാക്കുകല്‍ കൊണ്ടോ അല്ലെങ്കില്‍ ഏതെങ്കിലും സൂചനകള്‍ വഴിയോ ആകാം. ഒരു വ്യക്തി നിങ്ങളെ സമീപിക്കുമ്പോള്‍ അയാളുടെ അല്ലെങ്കില്‍ അവളുടേ മുഖത്ത് നോക്കി സ്‌നേഹത്തോടെ സംസാരിക്കുന്നതാണ് ഈ ഘട്ടത്തില്‍ പോസിറ്റീവ് ആയത്.
ഇതിനുള്ള പരിശീലനത്തിന്റെ ഭാഗമായി നിങ്ങള്‍ പങ്കാളിയുടെ കണ്ണുകളില്‍ നോക്കുക, പുഞ്ചിരി സമ്മാനിക്കുക. ഏതെങ്കിലും സഹായം നേരിട്ട് ചോദിക്കുക. ഗുഡ് മോര്‍ണിംഗും ഗുഡ് നൈറ്റും പറയുക തുടങ്ങിയ കാര്യങ്ങള്‍ ഒക്കെ ചെയ്യാം. അതുപോലെ നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആക്കുകയും ചെയ്യാം.
രണ്ടാം ഘട്ടമായ ചൊവ്വാഴ്ച്ച പരസ്പരം കൂടുതല്‍ അറിയുവാന്‍ ശ്രമിക്കുക എന്നതാണ് മുഖ്യമായിട്ടുള്ളത്. ആഗ്രഹങ്ങള്‍, സ്വപ്നങ്ങള്‍ എന്നിവ പരസ്പരം മനസ്സിലാക്കുക. അതിന് ഏറ്റവും നല്ല വഴി പരസ്പരം ചോദ്യങ്ങള്‍ ചോദിക്കുക എന്നതു തന്നെയാണ്. ഉദാഹരണത്തിന് നിങ്ങളുടെ ജീവിതത്തില്‍ ഇതുവരെ പൂര്‍ത്തീകരിക്കാനാകാത്ത ആഗ്രഹം എന്താണ്, നിങ്ങളുടെ കുടുംബത്തിന്റെ ഏത് വശമാണ് നമ്മുടെ കുട്ടികള്‍ക്ക് പാരമ്പര്യമായി ലഭിക്കണം എന്ന് ആഗ്രഹിക്കുന്നത്, കഴിഞ്ഞ വര്‍ഷം നിങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിച്ചുവോ തുടങ്ങിയ ചോദ്യങ്ങള്‍ ഇതിന് സഹായിക്കും.
പരസ്പരമുള്ള ബഹുമാനം പ്രദര്‍ശിപ്പിക്കുക എന്നതാണ് ബുധനാഴ്ച്ചയിലെ മൂന്നാം ഘട്ടം. അതിന് ഏറ്റവും ഉത്തമമായ മാര്‍ഗം നന്ദി പറയുക എന്നതാണ്. അതിനുള്ള ഏറ്റവും നല്ല തന്ത്രം, ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളി ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും പട്ടിക പെടുത്തുക എന്നതാണ്. പചകം, വീടു വൃത്തിയാക്കല്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടണം. പിന്നീട് ഈ നല്ല കാര്യങ്ങള്‍ക്ക് നന്ദി പറയുക. ഇത് തീര്‍ച്ചയായും പങ്കാളിയെ സ്വാധീനിക്കും. നിങ്ങള്‍ പങ്കാളിയുടെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കുന്നതായി പങ്കാളി മനസ്സിലാക്കും.
വ്യാഴാഴ്ച്ചയിലെ നാലാം ഘട്ടത്തില്‍ പങ്കാളിയുടെ നല്ല വശങ്ങള്‍ എടുത്തു കാട്ടുന്ന തരത്തിലുള്ള അഭിനന്ദനങ്ങള്‍ നല്‍കുക. ഇന്നത്തെ ദിവസത്തില്‍ നിങ്ങള്‍ പങ്കാളിയോടൊപ്പമുള്ള സമയത്തെല്ലാം നിങ്ങളുടെ പങ്കാളി അവരുടെ നല്ല വശങ്ങള്‍ എങ്ങനെ പ്രദര്‍ശിപ്പിക്കുന്നു എന്നത് ശ്രദ്ധിക്കുക. പിന്നീട് വ്യക്തമായ രീതിയില്‍ തന്നെ അഭിനന്ദനം അറിയിക്കുക.
പങ്കാളിയുടെ ആവശ്യം എന്തെന്ന് മനസ്സിലാക്കുക എന്നതാണ് വെള്ളിയാഴ്ച്ചയിലെ അഞ്ചാം ഘട്ടത്തില്‍ പ്രധാനമായത്. അതിനായി ആദ്യം നിങ്ങള്‍ പങ്കാളിയില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാക്കുക. ഒരുപക്ഷെ കൂടുതല്‍ സമയം പങ്കാളിയുമൊത്ത് ചെലവഴിക്കാനായിരിക്കും നിങ്ങള്‍ ആഗ്രഹിക്കുക. അതുപോലെ പങ്കാളിയും അത് ആഗ്രഹിക്കുന്നുണ്ടോ എന്ന് അറിയുക.
ചിലപ്പോള്‍ ഗാര്‍ഹിക ജോലികളില്‍ സഹായമാകും പങ്കാളി നിങ്ങളില്‍ നിന്നും ആഗ്രഹിക്കുക. അതല്ലെങ്കില്‍ തൊഴിലിടത്തെ ഏതെങ്കിലും പ്രശ്‌നങ്ങളില്‍ സഹായം ആവശ്യമായി വരും. ഇത് മനസ്സിലാക്കി കൃത്യമായി ആശയ സംവേദനം നടത്തണം. ഉദാഹരണത്തിന് നിങ്ങളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് പങ്കാളി ആഗ്രഹിക്കുന്നതെങ്കില്‍, ഇന്ന് ഫോണും വേണ്ട ടി വിയും വേണ്ട, രാത്രി മുഴുവന്‍ നമ്മള്‍ മാത്രം മതി എന്നതുപോലുള്ള വാക്കുകള്‍ പങ്കാളിയില്‍ കൃത്യമായ സ്വാധീനം ഉണ്ടാക്കും.
ശാരീരിക സമ്പര്‍ക്കം വളര്‍ത്തുക എന്നതാണ് ശനിയാഴ്ച്ചയിലെ ആറാമത്തെ ഘട്ടം. ചുംബനങ്ങള്‍, ആലിംഗനങ്ങള്‍, കൈകളില്‍ മുറുകെ പിറ്റിക്കല്‍ തുടങ്ങിയ ബാഹ്യമായ സ്പര്‍ശന മാതൃകകള്‍ ഇക്കാര്യത്തില്‍ അവലംബിക്കാവുന്നതാണ്. അതുപോലെ കുറഞ്ഞ മര്‍ദ്ദം ഉപയോഗിച്ചുള്ള മസാജുകളും, ഇക്കിളിപ്പെടുത്തുന്ന സ്പര്‍ശനങ്ങളും ഏറെ ഗുണം ചെയ്യും.. അതിനായി നിങ്ങള്‍ തുനിയുമ്പോള്‍ പക്ഷെ തടസ്സങ്ങളും ശല്യങ്ങളും ഉണ്ടാകരുത്. ഫോണ്‍ കഴിയുന്നത്ര അകലത്തില്‍ വെയ്ക്കുക.
ഏഴാമത്തെ ദിവസമായ ഞായറാഴ്ച്ച വിവാഹബന്ധത്തിനുള്ളില്‍ നമ്മള്‍ അനുഭവിക്കുന്ന ഏകാന്തതയെ കുറിച്ച് തുറന്നു പറയേണ്ട അവസരമാണ്. അത് ഒരു നെഗറ്റീവ് സമീപനമായി തോന്നാമെങ്കിലും, ജീവിതത്തിലെ ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. ഇത്തരത്തില്‍ ഏഴു ദിവസത്തെ പ്രണയ ചര്യകള്‍ മുടങ്ങാതെ നടപ്പിലാക്കിയാല്‍ വിവാഹബന്ധം ഒരിക്കലും തകരുകയില്ല എന്നാണ് ഡോക്ടര്‍ ദമ്പതികള്‍ പറയുന്നത്.