ഇപ്പോള്‍ മൊബൈല്‍ ഫോണും ലാപ്‌ടോപ്പുമെല്ലാമായി സ്‌ക്രീനിലേക്ക് നാം നോക്കിയിരിക്കുന്ന സമയം ഏറെയാണ്. പലരും ജോലിയുടെ ഭാഗമായിത്തന്നെ മണിക്കൂറുകളോളം സ്‌ക്രീനിലേക്ക് നോക്കി ചെലവിടുന്നവരാണ്. ഇതിന് ശേഷം വീണ്ടും ഫോണ്‍, ടിവി ഉപയോഗം കൂടിയാകുമ്പോള്‍ തീര്‍ച്ചയായും കണ്ണിന്റെ ആരോഗ്യം പ്രശ്‌നത്തിലാകും.
പലര്‍ക്കും അധികസമയം സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നത് മൂലം കണ്ണിന്റെ ആരോഗ്യം പ്രശ്‌നത്തിലായിരിക്കുന്നു എന്നത് സ്വയം തന്നെ മനസിലാകാറുണ്ട്. കണ്ണ് വേദന, എരിച്ചില്‍, ചൊറിച്ചില്‍ എല്ലാം ഇതിന്റെ സൂചനയായി അനുഭവപ്പെടാം.
ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ കാണുന്നുവെങ്കില്‍ വൈകാതെ തന്നെ ചില തയ്യാറെടുപ്പുകള്‍ എടുക്കുന്നതാണ് ഉചിതം. ഇതിന് സഹായകമാകുന്ന ചില ടിപ്‌സ് ആണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
തുടര്‍ച്ചയായി ഏറെ സമയം മൊബൈല്‍ സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നുവെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും ബോധപൂര്‍വം ചെയ്യേണ്ടൊരു കാര്യമുണ്ട്. ഇടവിട്ട് കണ്ണ് ചിമ്മുകയെന്നതാണ് ഇത്. ഇത് കണ്ണിന് കൂടുതല്‍ സമ്മര്‍ദ്ദം വരാതിരിക്കാനും കണ്ണ് ഡ്രൈ ആകാതിരിക്കാനും സഹായിക്കും. എങ്കിലും സ്‌ക്രീന്‍ സമയം പരമാവധി കുറച്ചില്ലെങ്കില്‍ അത് കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
രണ്ട്...
തുടര്‍ച്ചയായി കംപ്യൂട്ടര്‍, മൊബൈല്‍, ലാപ്‌ടോപ് സ്‌ക്രീനുകളുപയോഗിക്കുമ്പോള്‍ ചെറിയ ഇടവേളകള്‍ എടുക്കുക. ഓരോ ഇരുപത് മിനുറ്റിലും ഇരുപത് സെക്കന്‍ഡ് നേരത്തെ ചെറിയ ഇടവേളയെങ്കിലും എടുക്കുക.
മൂന്ന്...
സ്‌ക്രീന്‍ സെറ്റിംഗ്‌സ് കണ്ണിന്റെ ആരോഗ്യത്തിന് ഗുണകരമാകും വിധം ക്രമീകരിക്കാന്‍ ശ്രദ്ധിക്കുക. അക്ഷരങ്ങളുടെ വലുപ്പം, ഡിസ്‌പ്ലേ സെറ്റിംഗ് എല്ലാം ഇത്തരത്തില്‍ 'ഐ ഫ്രണ്ട്‌ലി' ആക്കുക.
നാല്...
സ്‌ക്രീനിലേക്ക് നോക്കുമ്പോള്‍ നമ്മള്‍ ഇരിക്കുന്ന മുറിയിലെ വെളിച്ചവും ശ്രദ്ധിക്കുക. പരിപൂര്‍ണമായ ഇരുട്ടിലിരുന്ന് സ്‌ക്രീനിലേക്ക് നോക്കുന്നത് ഒട്ടും നല്ലതല്ലെന്ന് മനസിലാക്കുക. അതുപോലെ തന്നെ ഒരുപാട് വെളിച്ചവും നല്ലതല്ല.
അഞ്ച്...
സ്‌ക്രീനിലേക്ക് നോക്കി ഏറെ സമയം ചെലവിടുമ്പോള്‍ സ്‌ക്രീനും കണ്ണുകളും തമ്മില്‍ അല്‍പം അകലം പാലിക്കല്‍ നിര്‍ബന്ധമാണ്. ഇതും ശ്രദ്ധിക്കുക.
ആറ്...
സ്‌ക്രീന്‍ സമയം കൂടുതലെടുക്കുന്നവര്‍ ഇതിന് വേണ്ടി പ്രത്യേകമായ കണ്ണടകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഏറെ പ്രയോജനപ്രദമാണ്.
ഏഴ്...
സ്‌ക്രീന്‍ സമയം കൂടുമ്പോള്‍ ചിലരില്‍ ഡ്രൈ ഐ ഉണ്ടാകാറുണ്ട്. ഇതിന് ആശ്വാസം ലഭിക്കുന്നതിനായി ഐ ഡ്രോപ്‌സ് ഉപയോഗിക്കാവുന്നതാണ്. സ്‌ക്രീനില്‍ ആന്റി-ഗ്ലെയര്‍ ഫില്‍റ്റര്‍ വയ്ക്കുന്നതും കണ്ണിന് നല്ലതാണ്.
എട്ട്...
കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ കണ്ണിന് മതിയായ വിശ്രമം ആവശ്യമാണ്. ഇത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അതുപോലെ തന്നെ ആരോഗ്യകരമായ ഡയറ്റും ആവശ്യമാണ്. വൈറ്റമിന്‍-എ, വൈറ്റമിന്‍ സി, വൈറ്റമിന്‍- ഇ എന്നിവയെല്ലാം ഇത്തരത്തില്‍ ഭക്ഷണത്തിലൂടെ ഉറപ്പിക്കേണ്ട ഘടകങ്ങളാണ്.