ആരോഗ്യമുളള ജീവിതത്തിന് എപ്പോഴും ആരോഗ്യകരമായ ഭക്ഷണരീതി ഏറെ പങ്കുവഹിക്കുന്നുണ്ട്. ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ഏറെ ഗുണകരമാണ്. ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ മാത്രമേ തലച്ചോറിന്റെ ആരോഗ്യം എന്നും നിലനിർത്താൻ സാധിക്കുകയുള്ളു.
തലച്ചോറിന്‍റെ ആരോഗ്യത്തിന് പഴങ്ങള്‍, പച്ചക്കറികള്‍, നട്സുകള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഏറെ പ്രയോജനപ്പെടും എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതോടൊപ്പം ഡയറ്റില്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉൾപെടുത്തുന്നതിലൂടെ ഓര്‍മ ശക്തിയും ബുദ്ധിശക്തിയും തലച്ചോറിന്‍റെ മൊത്തം പ്രവര്‍ത്തനവും വർദ്ധിക്കുന്നതിന് കാരണമാകും. എന്നാൽ വേണ്ടത്ര പോഷകങ്ങൾ ശരീരത്തിൽ എത്താതിരിക്കുന്ന സാഹചര്യത്തിൽ ഓര്‍മശക്തി കുറവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു.
ബൗദ്ധികമായ പ്രവര്‍ത്തനങ്ങളില്‍ പത്ത് വര്‍ഷം നീണ്ട പഠന കാലയളവില്‍ മുന്നിൽ നിൽക്കുന്നത് മെഡിറ്ററേനിയന്‍ ഭക്ഷണ രീതി പിന്തുടരുന്നവരാണ് എന്ന് പഠനം സൂചിപ്പിക്കുന്നു. മെഡിറ്ററേനിയന്‍ ഭക്ഷണം എന്നത് പഴങ്ങള്‍, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, മത്സ്യം, മുഴുധാന്യങ്ങള്‍ എന്നിവയാണ്.
ബുദ്ധി ശക്തിയും ചിന്താ ശേഷിയും വര്‍ദ്ധിപ്പിക്കാന്‍ പതിവായി മത്സ്യം, പച്ചക്കറികള്‍, പഴങ്ങള്‍ കഴിക്കുന്നത് ഗുണകരമാണ്. ഹൃദയ സംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്‍റെ ആരോഗ്യത്തിനും മെഡിറ്ററേനിയന്‍ ഭക്ഷണ രീതി സഹായകരമാണ്.