ആധുനിക മനുഷ്യ ജീവിതത്തില്‍ ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്ന ഒന്നാണ് ഏറ്റവും നല്ലൊരു ഉറക്കം ലഭിക്കുക എന്നത്. ജോലിയും ക്ഷീണവുമെല്ലാം കഴിഞ്ഞ് വീട്ടിലെത്തുന്ന പലര്‍ക്കും പിന്നീട് അര്‍ദ്ധ രാത്രിയായാലും ഉറക്കം ലഭിക്കാത്ത അവസ്ഥയുണ്ടാവാറുണ്ട്. ഐ.ടി മേഖലകളിലും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥ തലങ്ങളിലും പ്രവര്‍ത്തിക്കുന്ന പലരും ഉറക്കത്തിന്റെ കുറവ് കാരണം പ്രയാസമനുഭവിക്കുന്നവരാണ്. ചെറിയ ചില ചിട്ട വട്ടങ്ങള്‍ മാറ്റുന്നതിലൂടെ നമുക്ക് നമ്മുടെ ഉറക്കം വളരെ ആരോഗ്യപ്രദവും ആയാസരഹിതവുമാക്കാവുന്നതാണ്.
ഉറങ്ങുന്നതും എഴുന്നേല്‍ക്കുന്നതും കൃത്യ സമയത്തായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടകാര്യം.ഉറങ്ങാന്‍ കിടക്കുന്നതും എഴുന്നേല്‍ക്കുന്നതും കൃത്യമായ സമയത്തായിരിക്കുക എന്നത് നല്ല ഉറക്കം കിട്ടുന്നതിനുള്ള ആദ്യ മരുന്നാണ്. ഈ സമയ ക്രമം പാലിക്കുന്നതിലൂടെ നമ്മുടെ ശരീരം തന്നെ കൃത്യമായി സമയ ക്രമം പാലിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും തലച്ചോറിനും മറ്റും അതിനനുസരിച്ച് പ്രവര്‍ത്തനം ക്രമ പെടുത്താനും സാധിക്കും.
വൈകിട്ട് മൂന്ന് മണിക്ക് ശേഷം കാപ്പി ഒഴിവാക്കുക എന്നതാണ് രണ്ടാമതായി ശ്രദ്ധിക്കേണ്ടത്.കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല. കഫീന്‍ എന്ന രാസവസ്തു സ്ഥിരമായി കുടിച്ചോ, മറ്റു രീതികളില്‍ ഉപയോഗിച്ചോ ശീലമായാല്‍ അതിന് അടിമപ്പെടും, ഇത് ശരീരത്തില്‍ അപകടകരമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് ആരോഗ്യവിദഗ്ധര്‍ സാക്ഷ്യപ്പെത്തുന്നത്. കഫീന്‍ കുടിക്കുമ്പോള്‍ ഉന്മേഷം കിട്ടുമെന്നത് ശരിയാണ്, എന്നാല്‍ കഫീനിന് അടിമപ്പെടുന്നത് മൂലം ഒരു വ്യക്തിയില്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും കൂടുമെന്നാണ് പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്. സ്ഥിരമായി കഫീന്‍ ഉപയോഗിക്കുന്നയാള്‍ക്ക് ഹൃദയമിടിപ്പ് കൂടുക(സത്വരമായ നെഞ്ചിടിപ്പ്), വിറയല്‍, അമിതമായ ഉത്കണ്ഠ തുടങ്ങിയ ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. വൈകിട്ടുള്ള കാപ്പി കുടി അതിനാല്‍ തന്നെ രാത്രിയുള്ള ഉറക്കത്തെ സാരമായി തന്നെ ബാധിക്കും. ഇത്രയേറെ മാനസിക ബുദ്ധിമുട്ടുകള്‍ തലയില്‍ വെച്ച് ആര്‍ക്കും തന്നെ ഉറക്കം ശരിയാംവണ്ണം ലഭിച്ചു കൊള്ളണമെന്നില്ല.
മദ്യം ഉപയോഗിക്കുന്നത് ഒഴിവാക്കുക എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട മാര്‍ഗ്ഗം.ശരീരത്തെ ഉറക്കാന്‍ ചിലര്‍ മദ്യം ഉപയോഗിക്കാറുണ്ട്. ഇത് വളരെ മാരകമായ അവസ്ഥയിലേക്കാണ് പിന്നീട് നമ്മുടെ ശരീരത്തെ എത്തിക്കുക. തുടര്‍ച്ചയായി ഇങ്ങനെ സംഭവിക്കുന്നതിലൂടെ ഒരു വ്യക്തിയില്‍ ഉറക്കത്തിന്റെ കൃത്യത നഷ്ടപ്പെടുകയും ശരീരത്തെ ഗുരുതരമായി ഇത് ബാധിക്കുകയും ചെയ്യും. മദ്യം ഉപയോഗം ഉറക്കത്തിന് മുന്‍പ് നിര്‍ബന്ധമായും ഒഴിവാക്കുക. ഉറങ്ങുന്നതിന് മുന്‍പ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക എന്നതും മറ്റൊരുമാര്‍ഗ്ഗമാണ്. മൊബൈല്‍ ഫോണില്‍ നിന്നുമുള്ള പ്രകാശം കണ്ണുകള്‍ക്ക് നല്‍കുന്ന അസ്വസ്ഥത ചെറുതല്ല. ഇരുട്ടത്ത് മൊബൈല്‍ ഉപയോഗിക്കുന്നതിലൂടെ പ്രകാശം നേര്‍ ദിശയില്‍ കണ്ണില്‍ പതിക്കുന്നതിലൂടെ കണ്ണിനും തലക്കും അസ്വസ്ഥത സൃഷ്ട്ടിക്കും. രാത്രി ഉറക്കത്തിന് മുന്‍പ് കഴിവതും മൊബൈല്‍ ഉപയോഗം ഒഴിവാക്കുക. ഒരു നിശ്ചിത പരിധി അകലത്തില്‍ തന്നെ മൊബൈല്‍ ഫോണ്‍ മാറ്റി വെച്ച് വേണം ഉറങ്ങാന്‍ കിടക്കാന്‍. തലയുടെ സമീപത്ത് നിന്നും പരമാവധി മാറ്റി വെക്കാന്‍ ശ്രദ്ധിക്കണം.
വ്യായാമം ശീലമാക്കുക എന്നതും നല്ല വഴിയാണ്.ദിവസവും വ്യായാമം ശീലമാക്കുന്നതിലൂടെ ശരീരം ക്ഷീണിക്കുകയും പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് മനുഷ്യനെ എത്തിക്കുകയും ചെയ്യും. വ്യായാമത്തിലൂടെ മനുഷ്യ ശരീരത്തിന് മികച്ച ആരോഗ്യവും ലഭിക്കുന്നതിലൂടെ ഇത് എല്ലാ തരത്തിലും മികച്ചത് മാത്രമേ ഒരു വ്യക്തിക്ക് സമ്മാനിക്കൂ.
യോഗ ശീലിക്കുക എന്നതും നല്ലമാര്‍ഗ്ഗമാണ്.ഉറങ്ങുന്നതിന് മുന്‍പ് ചെറുതായി കണ്ണുകളടച്ച് യോഗ ചെയ്യുന്നത് ശീലമാക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു. കണ്ണുകളടച്ച് മനസ്സ് ശാന്തമാക്കി അനങ്ങാതെ വേണം യോഗ ചെയ്യാന്‍. ചെറിയ രീതിയിലുള്ള ശരീരത്തിന്റെ ഈ യോഗ പ്രവര്‍ത്തനം ഉറക്കം മികച്ചതാക്കാന്‍ സഹായിക്കും.