ഒരു കാലഘട്ടത്തിൽ അറിവില്ലായ്മ മൂലം പല അന്ധവിശ്വാസങ്ങൾക്കും കാരണമായി തീർന്ന രോഗാവസ്ഥയായിയിരുന്നു കോങ്കണ്ണ് . കോങ്കണ്ണ് ഉള്ളവർക്ക് മഹാഭാഗ്യം ആണെന്ന് വിശ്വസിച്ചിരുന്ന ഒരു തലമുറയിൽ, കോങ്കണ്ണ് കാഴ്ച തടസ്സത്തിന് കാരണമായി തീർന്നത് മൂലം പഠനത്തിൽ ശോഭിക്കാതെ പോയ കുട്ടികളുടെ അനുഭവങ്ങൾ നാം കേട്ടിട്ടുണ്ടാകാം. എന്നാൽ ഇന്നത്തെ തലമുറയിൽ കേൾവി, കാഴ്ച ഇത് രണ്ടും കുട്ടിയെ സംബന്ധിച്ചിടത്തോളം മാതാപിതാക്കൾ വളരെയധികം ശ്രദ്ധ കൊടുക്കുന്ന ഒരു കാര്യമായി തീർന്നിട്ടുണ്ട്.
അതേസമയം കുട്ടികളിൽ മാത്രമല്ല പ്രായമായവരിലും ഏത് സമയത്തും കോങ്കണ്ണ് പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട് എന്നതാണ് വസ്തുത. അപ്പോൾ തന്നെ പരിശോധനക്ക് വിധേയമാക്കുകയും ചികിത്സ തേടുകയും വേണം.
രോഗ കാരണം, രോഗ നിർണയം
കോങ്കണ്ണ് ഉള്ളവർക്ക് രണ്ട് കണ്ണും ഒരേ പോലെ ഉപയോഗിക്കാൻ കഴിയണമെന്നില്ല. പ്രത്യേകിച്ച് കാരണങ്ങളൊന്നും പറയാനില്ലെങ്കിലും കണ്ണിലെ പേശികളുടെ പ്രവർത്തനത്തിന്റെ തകരാറാണ് പ്രധാനമായും കോങ്കണ്ണിന്റെ രോഗഹേതു ആകുന്നത്. കൃത്യമായി ചികിത്സിച്ചില്ല എങ്കിൽ ശക്തിയില്ലാത്ത കണ്ണിൻറെ കാഴ്ചശക്തി കൂടുതൽ മങ്ങുന്നതിനിടയാക്കും.
കൂടുതൽ കുട്ടികളിലും ജനനം മുതലേ ഉണ്ടാവുന്നതാണ് കാണാറുള്ളതാണ്. എന്നാൽ രോഗനിർണയത്തിനുള്ള കാലതാമസം മൂലമാണ് പലപ്പോഴും പരിഹരിക്കപ്പെടാതെ പോകുന്നത്. ഇത് ഒഴിവാക്കാൻ എപ്പോഴാണോ കുട്ടിക്ക് കോങ്കണ്ണുണ്ടെന്ന സംശയം ആദ്യമായി തോന്നുന്നത് അപ്പോൾ തന്നെ കുട്ടിയെ പരിശോധനക്ക് വിധേയമാക്കിയിരിക്കണം.
കോങ്കണ്ണ് പരിശോധിക്കുന്നതിന് പ്രായപരിധി ഇല്ലെന്നതാണ് വസ്തുത. മുതിർന്നവരിൽ ഇത് കണ്ണിന് ഒരു വസ്തുവിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശക്തി നഷ്ടപ്പെടുത്തുകയും ചിലപ്പോൾ ഒരു വസ്തുവിനെ കാണുന്ന രീതി മാറി കാഴ്‌ചാ വ്യതിയാനം ഉണ്ടാക്കാനുമിടയാകും.
ഭയം വേണ്ട, ചികിത്സിച്ച് ഭേദമാക്കാം
കുട്ടികളിൽ ചികിത്സ വളരെ പെട്ടന്ന് ഫലവത്താകുന്നതായി കാണുന്നുണ്ട്. സ്കൂളിൽ പോകുന്ന പ്രായത്തിനു മുൻപാണെങ്കിൽ കുട്ടികൾക്ക് വളരെ പെട്ടെന്ന് ചികിത്സ നൽകാൻ സാധിക്കും. അതിന് കുട്ടികളുടെ നേത്രരോഗ വിദഗ്ധനെ അതായത് പീഡിയാട്രിക് ഒഫ്താൽമോളജിസ്റ്റിനെയാണ് കാണേണ്ടത്. കണ്ണട ധരിക്കൽ, കണ്ണുകൾക്കുള്ള വ്യായാമങ്ങൾ, പാച്ചിങ് (ഒരു കണ്ണ് മൂടിയുള്ള ചികിത്സ), കണ്ണിന്റെ പേശികളിൽ നടത്തുന്ന ശസ്ത്രക്രിയ, എന്നിങ്ങനെ വിവിധ ചികിത്സാ രീതികൾ ലഭ്യമാണ്. ചിലരിൽ കുടുംബ പാരമ്പര്യമായും കോങ്കണ്ണ് കാണപ്പെടാറുണ്ട്.
കണ്ണിലെ പേശികളെ നിയന്ത്രിക്കുന്ന ഞരമ്പുകളെ ബാധിക്കുന്ന തകരാറ് മൂലം ഉണ്ടാവുന്ന കോങ്കണ്ണാണെങ്കിൽ തീവ്രപരിചരണം ആവശ്യമായി വരും. മുറിവുകളോ ചതവുകളോ മറ്റ് രോഗങ്ങളോ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. മുതിർന്നവരിലെ കോങ്കണ്ണ് കൂടുതലും ഇങ്ങനെയുള്ളതാണ്. തകരാർ സംഭവിച്ച ഭാഗത്തേക്ക് നോക്കുമ്പോൾ മാത്രമായിരിക്കും കോങ്കണ്ണ് പ്രകടമാവുക. മറ്റ് ഭാഗങ്ങളിൽ നോക്കുമ്പോൾ കാണപ്പെടാറുമില്ല. വസ്തുക്കളെ രണ്ടായി കാണുക, പ്രത്യേക വിധത്തിൽ തല ചെരിച്ചു പിടിക്കുക, ഇടയ്ക്കിടെ തലകറക്കം ഉണ്ടാവുക എന്ന ലക്ഷണങ്ങൾ ഇതോടൊപ്പം കാണപ്പെടുന്നുണ്ടെങ്കിൽ പേശീക്ഷതം ആവാനാണ് സാധ്യത.
മൊബൈൽ ഉപയോഗവും വില്ലൻ
അമിതമായ മൊബൈൽ ഫോൺ ഉപയോഗം മൂലവും കുട്ടികളിൽ കോങ്കണ്ണ് വരുവാൻ സാധ്യതയുണ്ട്. കോങ്കണ്ണ് മാത്രമല്ല കണ്ണിനുണ്ടാകുന്ന മറ്റ് പല പ്രശ്നങ്ങൾക്കും അമിതമായ മൊബൈൽ ഫോൺ ഉപയോഗം കാരണമാകാം. യുവ തലമുറയിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.