നേത്രരോഗങ്ങളില്‍ സര്‍വ്വസാധാരണമാണ് ചെങ്കണ്ണ്. അന്തരീക്ഷത്തിലെ പൊടിപടലങ്ങളും ഈച്ചകളും വഴി വേഗം പടരുന്ന ചെങ്കണ്ണ് കൂടുതലായും വേനല്‍ക്കാലത്താണ് കണ്ടുവരുന്നതെങ്കിലും ഇപ്പോള്‍ ഏതു കാലാവസ്ഥയിലും ചെങ്കണ്ണുരോഗം പിടിപെടുന്നുണ്ട്. കണ്ണ് പീളകെട്ടുകയും കരുകരുപ്പും വേദനയുമായിരിക്കും ചെങ്കണ്ണുരോഗത്തിന്റെ പ്രാരംഭ ലക്ഷണം.
കണ്‍പോളയുടെ ഉള്‍ഭാഗത്തെയും നേത്രഗോളത്തിന്റെ വെള്ളഭാഗമായ സ്‌ക്ലീറയെയും ആവരണം ചെയ്യുന്ന സുതാര്യമായ പാടയെയാണ് ചെങ്കണ്ണുരോഗം ബാധിക്കുന്നത്. ബാക്ടീരിയയാണ് പ്രധാന കാരണം. വളരെവേഗം പകരാന്‍ സാധ്യതയുള്ള രോഗമാണിത്. രോഗിയുമായി അടുത്തിടപഴകുന്നതിലൂടെ രോഗം പകരും.
രോഗി ഉപയോഗിച്ച വസ്തുക്കള്‍ ഉപയോഗിച്ചാലോ, രോഗിയുടെ അടുത്തുനിന്ന് സംസാരിച്ചാലോ രോഗം പകരാം. കണ്ണ് ചുവന്നിരിക്കും. എന്നാല്‍ എല്ലായ്പോഴും കണ്ണിലെ ചുവപ്പ് ചെങ്കണ്ണ് ആയിരിക്കണമെന്നില്ല. കണ്ണിന്റെ ഉള്ളിലുള്ള തകരാറുകൊണ്ട് ഉണ്ടാകുന്ന ഇറിറ്റിസ്, ഗ്ലോക്കോമ തുടങ്ങിയ രോഗങ്ങള്‍ മൂലം ചുവപ്പ് അനുഭവപ്പെടാം.
കണ്ണ് നന്നായി കഴുകിയതിനുശേഷം ദിവസവും പലപ്രാവശ്യം ആന്റിബയോട്ടിക് ലേപനങ്ങള്‍ ഉപയോഗിക്കണം. പൂര്‍ണ്ണ വിശ്രമമാണ് ചെങ്കണ്ണ് രോഗത്തിന് അത്യാവശ്യം. പൊടിയടിച്ച് കൂടുതല്‍ അണുബാധ ഉണ്ടാകാതിരിക്കാന്‍ ചിലര്‍ കൂളിംഗ് ഗ്ലാസ് ഉപയോഗിക്കാറുണ്ട്.