കൈയിലും കാലിലും ഉണ്ടാകുന്ന മുറിവുകള്‍ക്കും വ്രണങ്ങള്‍ക്കും പൊതുവേ സ്വയം ചികിത്സ നടത്താനാണ് പലരും ശ്രമിക്കുന്നത്. മുറിവുകള്‍ക്കും വ്രണങ്ങള്‍ക്കും ചികിത്സതേടാതെ ചൂടുവെള്ളം ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം നാടന്‍ രീതിയില്‍ സുഖപ്പെടുത്താനാണ് ശ്രമം. മുറിവിലും വ്രണങ്ങളിലും ചൂടുവെള്ളം ഉപയോഗിച്ച് കഴുകിയാല്‍ പെട്ടെന്ന് ഭേദമാകുമെന്നാണ് പൊതുവേയുള്ള ധാരണ. ചൂട് കൂടുന്നതിന് അനുസരിച്ച് വേഗത്തില്‍ മുറിവുകളും വ്രണങ്ങളും ഭേദമാകും. കൂടുതലായും പഴമക്കാരുടെ ഉപദേശമാണിത്.
മുറിവുകളും വ്രണങ്ങളും ചൂടുവെള്ളം ഉപയോഗിച്ച് കഴുകാമെന്നുള്ള ധാരണ യഥാര്‍ത്ഥത്തില്‍ ശുദ്ധ അസംബന്ധമാണ്. ഒരു കാരണവശാലും മുറുവിലോ വ്രണത്തിലോ അമിത ചൂടില്‍ വെള്ളം ഉപയോഗിക്കരുത്. ഗുണത്തിന് വേണ്ടി ചെയ്യുന്നത് ഗുണത്തേക്കാള്‍ ദോഷം ചെയ്യും. തിളപ്പിച്ചാറിയ വെള്ളമാണ് മുറിവ് വൃത്തിയാക്കാന്‍ അഭികാമ്യം.
ശരീരത്തില്‍ ഏതെങ്കിലും ഭാഗത്ത് നീര്‍ക്കെട്ടോ വേദനയോ അനുഭവപ്പെടുമ്പോള്‍ ആ ഭാഗങ്ങളില്‍ ചെറിയ തോതില്‍ ചൂടുവെളളം ഉപയോഗിച്ച് ആവി പിടിച്ച് കൊടുക്കാറുണ്ട്. ആ സമയത്ത് അവിടെ രക്തചംക്രമണം വര്‍ധിക്കുകയും മസിലുകള്‍ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യും. കൂടാതെ എണ്ണയോ കുഴമ്പോ പുരട്ടിയതിന് ശേഷം അതിന് മീതെ ചെറുചൂട് നല്‍കാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ ശരീരത്തിലെ സൂക്ഷ്മ സുഷിരങ്ങള്‍ വികസിക്കുകയും കൂടിയ അളവില്‍ ലേപനം പ്രയോജനപ്പെടുകയും ചെയ്യും.
മുറിവുകളും വൃണങ്ങളും ഭേദമാവാന്‍ അനുയോജ്യമായ മരുന്നുകള്‍ ഉപയോഗിക്കുക. നീര്‍ക്കെട്ടുകള്‍ക്കും വേദനയ്ക്കും മാത്രമാണ് ചൂട് വെള്ളം ചികിത്സ ഗുണം ചെയ്യുകയുള്ളൂ.