പൂർവികരിൽ പരിണാമത്തിലൂടെ ഒരു ജീൻ നഷ്ടപ്പെട്ടതുമൂലമാണ് മനുഷ്യൻ ഹൃദ്രോഗത്തിന് അടിപ്പെട്ടതെന്ന് പഠനം. രണ്ടോ മൂേന്നാ ദശലക്ഷം വർഷം മുമ്പാണ് ഈ ജീൻനഷ്ടം ഉണ്ടായത്. പരിണാമംമൂലം ആ ജീൻ നഷ്ടമായതിന് പുറമേ, ചുവന്ന മാംസം കഴിക്കുന്നത് ശീലമായതോടെയാണ് ഹൃദ്രോഗം ഇത്രയേറെ മാരകമായതെന്നാണ് കാലിഫോർണിയ സർവകലാശാലക്ക് കീഴിലെ സാൻ ഡിയഗോ സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരുടെ കണ്ടെത്തൽ.
ഹൃദയപേശികള്‍ക്കു രക്തം നല്കുന്ന ധമനികളിൽ കൊഴുപ്പ് അടിയുന്നതുമൂലമുണ്ടാകുന്ന തടസ്സമാണ് ലോകത്തെ മൂന്നിലൊന്ന് ഹൃദ്രോഗ മരണത്തിനും കാരണം. അതെറോക്ലിറോസിസ് എന്നാണ് ഈ കൊഴുപ്പടിയലിന് പറയുന്ന പേര്. ഹൃദ്രോഗം മാരകമാകുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്്. രക്തത്തിലെ കൊളസ്ട്രോൾ, വ്യായാമമില്ലായ്മ, പ്രായം, രക്തസമ്മർദം, പൊണ്ണത്തടി, പുകവലി എന്നിവ അവയിൽ ചിലതുമാത്രം. ഇതൊന്നുമല്ലെങ്കിലും ചുരുങ്ങിയത് 15 ശതമാനം ഹൃദയാഘാതത്തിെൻറയും ആദ്യകാരണം ധമനികളിലെ െകാഴുപ്പടിയൽതന്നെയാണ്. പി.എൻ.എ.എസ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
ചിമ്പാൻസികളടക്കമുള്ള സസ്തനികളിൽ ഹൃദയാഘാതം കുറവാണെന്ന കാര്യം ഒരു പതിറ്റാണ്ട് മുമ്പുതന്നെ ഗവേഷകർ ശ്രദ്ധിച്ചിരുന്നു. രക്തസമ്മർദവും വ്യായാമക്കുറവുമൊക്കെയുള്ള സസ്തനികളിലാണ് പരീക്ഷണം നടത്തിയത്. സിയാലിക് ആസിഡിൽനിന്നുള്ള പഞ്ചസാര തന്മാത്രകളായ ന്യൂ5ജിസി സി.എം.എ.എച്ച് ജീൻ ഉൽപാദിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു. അതുപയോഗിച്ച് ചുണ്ടെലികളിൽ നടത്തിയ പരീക്ഷണങ്ങളും പ്രതീക്ഷയേകുന്നതായി സാൻ ഡിയഗോ സ്കൂൾ ഓഫ് മെഡിസിനിലെ പ്രഫസർ അജിത് വർക്കി പറഞ്ഞു.