ചിലതരം ഹോര്‍മോണ്‍ രോഗങ്ങളും ആഹാരത്തിലെ മാംസ്യത്തിന്റെ കുറവും മുടിയഴകിനെ ദോഷകരമായി ബാധിക്കും. സാധാരണ കണ്ടുവരുന്ന താരന്‍ മുടികൊഴിച്ചിലിനുള്ള മുഖ്യ കാരണമാണ്.
പ്രകൃതിചികിത്സയില്‍ കേശസംരക്ഷണം ഒരു പ്രത്യേക വിഷയമായി പരിഗണിക്കുന്നില്ല. എന്നാല്‍ ആരോഗ്യസംരക്ഷണത്തിനായി നിര്‍ദേശിക്കുന്ന മുന്‍കരുതലുകളില്‍ കേശസംരക്ഷണവും ഉള്‍പ്പെടുന്നു. പ്രകൃതിജീവനം അനുശാസിക്കുന്ന സാത്വികാഹാരവും യോഗയും ധ്യാനവും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ ഉത്തമമായവയാണ്.
ദിവസവും ഒരുനേരം പഴവര്‍ഗങ്ങള്‍ മാത്രം കഴിക്കുന്നതാണ് നല്ലത്. മുടിയഴകിന് ആവശ്യമായ ജീവകങ്ങളും മറ്റും ലഭിക്കുന്നതിനു ഇതു സഹായിക്കും. പഴവര്‍ഗങ്ങളില്‍ അടങ്ങിയിരിക്കുന്ന ജീവകം 'സി ' മുടിയെ ബലപ്പെടുത്തുന്നു. പഴവര്‍ഗങ്ങള്‍ കഴിക്കാത്തവര്‍ വേവിക്കാത്ത പച്ചക്കറി സാലഡ് നിര്‍ബന്ധമായും കഴിക്കുക. അതോടൊപ്പം ചെറുപയര്‍, നിലക്കടല, കടല ഇവയിലേതെങ്കിലും മുളപ്പിച്ചത് 50 ഗ്രാം ചേര്‍ക്കുകയും വേണം.
മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ പച്ചയായി കഴിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കു ശര്‍ക്കരയും തേങ്ങയുംചേര്‍ത്തു കൂടുതല്‍ രുചികരമാക്കാവുന്നതാണ്. അരിയാഹാരം ഒരു നേരം കഴിക്കാം. അതോടൊപ്പം പച്ചക്കറികളും ഇലക്കറികളും ഉണ്ടായിരിക്കണം. പാട നീക്കിയ പാല്‍ കൊണ്ടുണ്ടാക്കിയ മോര് അല്ലെങ്കില്‍ തൈര് ഇവ ഉപയോഗിക്കാം. ഒരുനേരം റാഗി അല്ലെങ്കില്‍ ഗോതമ്പ് ശീലമാക്കാം. അതോടൊപ്പം പയര്‍, കടല, ചെറുപയര്‍, ഗ്രീന്‍പീസ്, മുതിര, പരിപ്പ് എന്നിവയിലേതെങ്കിലും കറിവച്ചു കഴിക്കുക.
മാംസ്യം (പ്രോട്ടീന്‍) കൊണ്ടാണ് മുടി നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ പയറുവര്‍ഗങ്ങള്‍ ഉപേക്ഷിക്കാനാവില്ല. ബദാം, സോയാബീന്‍ എന്നിവയും മാംസ്യത്തിന്റെ കലവറയാണ്. ഒമേഗ 3 ഫാറ്റി ആസിഡ് മുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. നെല്ലിക്കയും ചെറുനാരങ്ങയുമൊക്കെ മുടിയഴകിനു സഹായിക്കുന്ന ജീവകങ്ങളുണ്ട്. ആഴ്ചയില്‍ ഒരു ദിവസം വേവിക്കാത്ത ഭക്ഷണം മാത്രം കഴിക്കുകയോ അല്ലെങ്കില്‍ പഴച്ചാറുകള്‍, കരിക്ക്, ലൈം ജ്യൂസ്, തേന്‍വെള്ളം ഇവ മാത്രം കഴിക്കുന്ന രീതിയും നല്ലതാണ്. മുടികൊഴിച്ചിലിനു കാരണമായ പല രോഗങ്ങളില്‍ നിന്നും സംരക്ഷണം കിട്ടാന്‍ ഈ ലഘുപവാസം സഹായിക്കും.
അമിത മാനസികസമ്മര്‍ദമാണ് മുടികൊഴിച്ചിലിനുള്ള മറ്റൊരു കാരണം. ഇന്നത്തെ സാമൂഹിക - ജീവിതസാഹചര്യങ്ങള്‍ നമ്മെ കൊണ്ടെത്തിക്കുന്നത് സ്വസ്ഥത ഇല്ലാത്ത ലോകത്തിലേക്കാണ്. എല്ലാം വാങ്ങണം, ആസ്വദിക്കണം എന്ന ആഗ്രഹവും അനാവശ്യമായ മത്സരവും മാനസികസമ്മര്‍ദത്തിനുള്ള ആക്കം കൂട്ടുന്നു. ദിവസവും യോഗ, ധ്യാനം ഇവ പരീശീലിക്കുന്നതിലൂടെ സമ്മര്‍ദങ്ങളെ അകറ്റി നിര്‍ത്താം. രാവിലെ കുറഞ്ഞത് 30 മിനിട്ടെങ്കിലും ഇതിനായി മാറ്റിവയ്ക്കണം. ദിവസവും 45 മിനിറ്റ് ശുദ്ധവായു ശ്വസിച്ച് കൈകള്‍ വീശി നടക്കുന്നതാണ് മനസിനെ സ്വതന്ത്രമാക്കാനുള്ള നല്ല മാര്‍ഗം.
1. തലയോട്ടിയില്‍ വെന്തവെളിച്ചെണ്ണ പുരട്ടി തടവുന്നത് രക്തസഞ്ചാരം വര്‍ധിപ്പിക്കുന്നു. ഇതുവഴി മുടിയുടെ വളര്‍ച്ച വേഗത്തിലാകും.
2. മുടി ഉണക്കാന്‍ ഹെയര്‍ ഡ്രൈയര്‍ ഉപയോഗിക്കരുത്. ചൂട് മുടിയുടെ ആരോഗ്യം ഇല്ലാതാക്കും.
3. കുളിക്കുമ്പോള്‍ തല തണുത്തവെള്ളത്തില്‍ കഴുകുക. ചൂടുവെള്ളം അരുത്.
4. കുളിച്ചുകഴിഞ്ഞ ഉടനെ ഉറങ്ങാന്‍ കിടക്കാതിരിക്കുക.
5. യോഗ ശീലിക്കുക.
6. പച്ചക്കറികള്‍/ ഇലക്കറികള്‍/ പഴവര്‍ഗങ്ങള്‍ തുടങ്ങിയവ നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
7. കഴിയുന്നതും ഷാംപു/ സോപ്പ് ഇവയുടെ ഉപയോഗം കുറയ്ക്കുക. പകരം ചെറുപയര്‍പൊടി ഉപയോഗിക്കാം.
8. തല കുളിക്കാനായി കിണറുവെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്. ക്ലോറിന്‍ ചേര്‍ന്ന വെള്ളം ഒഴിവാക്കുക.
9. ദിവസവും 8 മണിക്കൂര്‍ ഉറങ്ങുക.
10. ചീര്‍പ്പ് തിരഞ്ഞെടുക്കുമ്പോള്‍ പല്ലുകള്‍ അല്പം വിടവുള്ളത് എടുക്കുക.