മദ്യപാനത്തിന്റെ കാര്യത്തിൽ യുകെയിലെ മുതിർന്നവർ ലോകത്തിൽ ഏറ്റവും മുന്നിലാണെന്ന സർവേഫലം പുറത്ത് വന്നു. ഇത് പ്രകാരം ബ്രിട്ടീഷുകാർ 12 മാസത്തിനിടെ ശരാശരി 51.1 പ്രാവശ്യമെങ്കിലും മദ്യപിച്ചിട്ടുണ്ടെന്നും അഥവാ ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും മദ്യപിച്ചിട്ടുണ്ടെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്.മദ്യപാനത്തിന്റെ കാര്യത്തിൽ ആഗോളശരാശരി 12മാസത്തിനിടെ 33 പ്രാവശ്യമാണെന്നറിയുമ്പോഴാണ് ബ്രിട്ടീഷുകാരുടെ മദ്യപാനശീലം എത്രത്തോളം ഗുരുതരമാണെന്ന് മനസിലാക്കാൻ സാധിക്കുന്നത്.ലോകത്തെ ഏറ്റവും വലിയ കുടിയന്മാരുടെ പട്ടികയിൽ വെജിറ്റേറിയൻ പ്രേമികളായ ഇന്ത്യക്കാരുമുൾപ്പെടുന്നുണ്ട്.
എട്ടാമത് വാർഷിക ഗ്ലോബൽ ഡ്രഗ്സ് സർവേയിൽ സായിപ്പന്മാർ മുമ്പിൽ എത്തിയപ്പോൾ ആറാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. വെജിറ്റേറിയന്മാർ ഭരിക്കുന്ന രാജ്യത്തെ മദ്യപാന ചരിത്രം ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ലോകത്തിലെ 36 രാജ്യങ്ങളിൽ നിന്നുള്ള ഇത് സംബന്ധിച്ച വിവരങ്ങളാണ് പുതിയ സർവേയിലൂടെ പുറത്ത് വന്നിരിക്കുന്നത്.
12 മാസത്തിനിടെ 50.3 പ്രാവശ്യം മദ്യപിച്ച യുഎസുകാരാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്ത് നിലകൊള്ളുന്നത്. 47.9 പ്രാവശ്യം വെള്ളമടിച്ച കാനഡക്കാർ മൂന്നാം സ്ഥാനത്തും 47.4 പ്രാവശ്യം മദ്യപിച്ച ഓസ്ട്രേലിയക്കാർ നാലാംസ്ഥാനത്തും 41.7 പ്രാവശ്യം മദ്യപിച്ച ഡെന്മാർക്കുകാർ അഞ്ചാം സ്ഥാനത്തും നിലകൊള്ളുന്നു. ആറാം സ്ഥാനത്തുള്ള ഇന്ത്യക്കാർ 12 മാസങ്ങൾക്കിടെ ചുരുങ്ങിയത് 41 തവണയെങ്കിലും മദ്യപിച്ചവരാണ്.
അയർലണ്ട്, മെക്സിക്കോ, ചെക്ക് റിപ്പബ്ലിക്ക്,ഫിൻലൻഡ്, എന്നീ രാജ്യങ്ങൾ ആദ്യത്തെ പത്ത് രാജ്യങ്ങളിൽ ഉൾപ്പെടുന്നു. എന്നാൽ പുതിയ സർവേഫലം കഴിഞ്ഞ ആഴ്ച പുറത്ത് വന്ന ഒരു പ്രധാനപ്പെട്ട പഠനഫലത്തിൽ നിന്നും തീർത്തും വ്യത്യസ്തമാണെന്നാണ് വിമർശകർ ആരോപിക്കുന്നത്. അതായത് പത്ത് വർഷം മുമ്പുള്ളതിനേക്കാൾ കുറച്ച് മദ്യം മാത്രമാണ് ബ്രിട്ടീഷുകാർ ഇപ്പോൾ കഴിക്കുന്നതെന്നായിരുന്നു ഈ പഠനത്തിലൂടെ കണ്ടെത്തിയിരുന്നത്. ബ്രിട്ടീഷുകാരിലെ യുവജനങ്ങൾ മദ്യപാനത്തിന്റെ കാര്യത്തിൽ മുതിർന്നവരെക്കാൾ ആത്മനിയന്ത്രണം പാലിക്കുന്നവരായതിനാലായിരിക്കണം കഴിഞ്ഞ ആഴ്ച പുറത്ത് വന്ന പഠനഫത്തിലൂടെ പ്രതിഫലിക്കുന്നതെന്ന അഭിപ്രായവും ഉയർന്ന് വന്നിട്ടുണ്ട്.
ഗ്ലോബൽ ഡ്രഗ്സ് സർവേ നടത്തി ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത് ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗവേഷകരാണ്. ഇംഗ്ലണ്ട്, സ്‌കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിലെ 5400 പേരെയാണ് സർവേയ്ക്ക് വിധേയരാക്കിയത്. ഇതിന് പുറമെ ലോകമാകമാനമുള്ള 1,20,000 പേരെയും സർവേയിൽ ഭാഗഭാക്കാക്കിയിരുന്നു. നിലവിൽ വളരെ കുറച്ച് പേർ മാത്രമേ മദ്യപിക്കുന്നുള്ളുവെങ്കിലും അവരിൽ മിക്കവരും തികച്ചും അപകടകരമായ തോതിലാണ് മദ്യപിക്കുന്നതെന്നാണ് ഗ്ലോബൽ ഡ്രഗ് സർവേയുടെ സ്ഥാപകനായ പ്രഫ. ആദം വിൻസ്റ്റോക്ക് വെളിപ്പെടുത്തുന്നത്.
മറ്റ് നിരവധി യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ യുകെയിൽ കൗമാരക്കാരിലെ മദ്യപാന ശീലം നാടകീയമായ രീതിയിൽ കുറയുന്നുവെന്നാണ് കഴിഞ്ഞ വർഷത്തെ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ റിപ്പോർട്ട് കണ്ടെത്തിയിരുന്നത്.അതായത് 2002നും 2014നും ഇടയിലുള്ള ഇത് സംബന്ധിച്ച പ്രവണത ഈ റിപ്പോർട്ടിലൂടെ വെളിപ്പെട്ടിട്ടുണ്ട്.
ഇത് പ്രകാരം ഇംഗ്ലണ്ടിലെ കൗമാരക്കാരിൽ സ്പിരിറ്റിന്റെയും ബിയറിന്റെയും ഉപയോഗം നല്ല തോതിലാണ് കുറഞ്ഞിരിക്കുന്നത്. മുതിർന്നവർ ആഴ്ചയിൽ 14 യൂണിറ്റിൽ കൂടുതൽ മദ്യം കഴിക്കരുതെന്നാണ് നിലവിലെ എൻഎച്ച്എസ് ഗൈഡ്ലൈനുകൾ നിർദേശിക്കുന്നത്. അത് പ്രകാരം ആഴ്ചയിൽ ആറ് പിന്റ്സ് ബിയർ മാത്രമേ കഴിക്കാൻ പാടുള്ളൂ.