ജലദോഷമോ പനിയോ ഉള്ള ഒരാൾ അടുത്തിരുന്ന് മൂക്കുചീറ്റുകയോ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്താൽ മതി നമുക്കും അസുഖം വരാൻ. ചിലർ, എത്ര അസുഖമുണ്ടെങ്കിലും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ പൊത്താൻ തയ്യാറാകില്ല. മറ്റുള്ളവർക്ക് അസുഖം പടരുമെന്ന ചിന്തയില്ലാതെയാണ് ഇത്തരക്കാരുടെ പ്രവർത്തി. ഈ ശീലങ്ങൾ മാറ്റിയാൽ തന്നെ രോഗം പടരുന്നത് വലിയതോതിൽ തടയാനാകുമെന്ന് ഗവേഷകർ പറയുന്നു.
അസുഖം പരത്തുന്ന ചില ദുശീലങ്ങളെക്കുറിച്ചാണ് ന്യൂ സൗത്ത് വെയ്ൽസ് ഹെൽത്തിന്റെ കമ്യൂണിക്കബിൾ ഡിസീസ് വിഭാഗം ഡയറക്ടർ ഡോ. വിക്ക് ഷെപ്പേർഡിന് പറയാനുള്ളത്. ഒരു കൈകൊണ്ട് മുഖം പൊത്തിയുള്ള ചുമയും തുമ്മലും കാര്യമായ പ്രയോജനം ചെയ്യില്ലെന്ന് അദ്ദേഹം പറയുന്നു. യഥാർഥത്തിൽ ഒരു കൈ കൊണ്ട് മുഖം പൊത്തുമ്പോൾ രോഗം പടരാനുള്ള സാധ്യത കൂടുകയാണെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യു പേപ്പർ ഉപയോഗിച്ച് മുഖം പൊത്തുകയും അതുകഴിഞ്ഞാലുടൻ അത് ഉപേക്ഷിക്കുകയും ചെയ്യുന്നതാണ് ഉത്തമമാർഗമെന്ന് വിക്കി ഷെപ്പേർഡ് പറയുന്നു. തുടർന്ന് കൈ നന്നായി കഴുകുകയും വേണം. കൈ കഴുകുന്നത് ശീലമാക്കിയാൽ ഒരു പരിധിവരെ രോഗങ്ങൾ തടയാനാകുമെന്നും അദ്ദേഹം പറയുന്നു. ലിഫ്റ്റിലെ സ്വിച്ച് അമർത്തിക്കഴിഞ്ഞാലും ബാത്ത് റൂമിൽ പോയി വന്നാലും പൊതുഗതാഗത മാർഗങ്ങളിൽ സഞ്ചരിച്ചശേഷവുമൊക്കെ കൈ നന്നായി കഴുകണം.
സമയത്ത് വാക്‌സിനുകൾ എടുക്കാതിരിക്കുക, മറ്റുള്ളവരുടെ ശരീരത്ത് ആവശ്യമില്ലാതെ സ്പർശിക്കുക, അസുഖമുണ്ടായിട്ടും അത് വകവെക്കാതെ ഓഫീസിലും സ്‌കൂളിലും പോവുക തുടങ്ങിയവയും ഒഴിവാക്കണമെന്ന് വിക്കി ഷെപ്പേർഡ് പറയുന്നു. ഇത്തരം കാര്യങ്ങൾ മറ്റുള്ളവർക്കുകൂടി അസുഖം പടർത്താനേ ഉപയോഗിക്കു. രോഗവാഹകരായി സമൂഹത്തിൽ ഇടപഴകുന്ന ശീലം ഇല്ലാതാക്കിയാൽ മറ്റുള്ളവരെ രോഗികളാക്കുന്നത് ഇല്ലാതാക്കാനാകുമെന്നും അദ്ദേഹം പറയുന്നു.