സന്ധിതേയ്മാനത്തിന് കാരണങ്ങള്‍ പലതാണ്. ദൈനംദിന ജീവിതത്തെ ആകെ ബാധിക്കുന്ന ഈ ആരോഗ്യപ്രശ്നത്തിന് ആയുര്‍വേദം ഫലപ്രദമാണ്. പ്രായം കൂടുന്തോറും ശരീരത്തിലെ വിവിധ സന്ധികളിലുള്ള അസ്ഥിയുടെ അഗ്രങ്ങളില്‍ കാര്‍ട്ടിലേജിന് തേയ്മാനം ഉണ്ടാകുന്നു. കാര്‍ട്ടിലേജിന്റെ തേയ്മാനത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളാണ് ശരീരത്തിന്റെ അമിത ഭാരവും സന്ധികളുടെ അമിത ഉപയോഗവും.
അസ്ഥികള്‍ക്ക് തേയ്മാനം
ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോ ആര്‍ത്രോസിസ്, ഡീജനറേറ്റീവ് ജോയന്റ് ഡിസീസ് എന്നൊക്കെ വിവിധ പേരുകളില്‍ അറിയപ്പെടുന്നത് മിക്കവാറും ഒരേ രോഗാവസ്ഥകളാണ്. ശരീരത്തിലെ സന്ധികള്‍ സുഗമമായി പ്രവര്‍ത്തിക്കാനും അസ്ഥികള്‍ തമ്മില്‍ ഉരസാതിരിക്കാനും അവയുടെ അഗ്രഭാഗങ്ങളില്‍ കട്ടിയുള്ളതും മിനുസമുള്ളതുമായ കാര്‍ട്ടിലേജുകള്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നു.
വര്‍ഷങ്ങളോളം യാതൊരു തകരാറും സംഭവിക്കാതെ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന വിധത്തിലാണ് ഇതിന്റെ ഘടന. എന്നാല്‍ പ്രായമേറുമ്പോള്‍ സ്വാഭാവികമായി ഈ കാര്‍ട്ടിലേജുകള്‍ക്ക് തേയ്മാനം സംഭവിക്കുന്നു.
ശരീരത്തിന്റെ അമിത വണ്ണംകൊണ്ട് സന്ധികള്‍ക്ക് നേരിടുന്ന സമ്മര്‍ദം, അധികമായ ഭാരമുയര്‍ത്തുന്ന വ്യായാമങ്ങളില്‍ വേണ്ടത്ര കരുതല്‍ ഇല്ലാതെ ഏര്‍പ്പെടുക, ജന്മനാലുള്ള അസ്ഥിവൈകല്യം മൂലം വേണ്ടരീതിയില്‍ തരുണാസ്ഥി രൂപപ്പെടാതിരിക്കുക, പാരമ്പര്യ, സന്ധികളുടെ ചുറ്റുമുള്ള മാംസപേശികളുടെ ബലം കുറയുക, തൊഴില്‍പരമായ കാരണങ്ങള്‍കൊണ്ട് ചില സ്ന്ധികള്‍ക്ക് വേണ്ടിവരുന്ന അമിത ഉപയോഗം ഇവയൊക്കെ ചെറുപ്പകാലത്തുതന്നെ അസ്ഥിതേയ്മാനത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്.
40 വയസുകഴിഞ്ഞ സ്ത്രീകളില്‍ കൂടുതലായി ഇത്തരം അസുഖം കാണുന്നു. പ്രധാനമായും ഇടുപ്പെല്ല്, കാല്‍മുട്ട്, തോള്, നട്ടെല്ലിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ചും ചലനം കൂടുതല്‍ ആവശ്യമുള്ള കഴുത്തിനും നടുവിനുമൊക്കെ സന്ധിതേയ്മാനം ബാധിക്കാം.
ലക്ഷണങ്ങള്‍
സന്ധി തേയ്മാനത്തിന്റെ പ്രധാന ലക്ഷണം അസഹനീയമായ സന്ധിവേദന തന്നെയാണ്. അസുഖം ബാധിച്ച സന്ധികളില്‍ അമര്‍ത്തുമ്പോള്‍ വേദന അനുഭവപ്പെടുക, സന്ധികള്‍ക്ക് മുറുക്കം അനുഭവപ്പെടുക, ഉരസുന്നതുപോലുള്ള ശബ്ദം, സന്ധികള്‍ ആയാസപ്പെടുമ്പോള്‍ വേദന തുടങ്ങിയവ സന്ധിതേയ്മാനത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. എന്നാല്‍ വിശ്രമിച്ചാല്‍ വേദനയ്ക്ക് നേരിയ ആശ്വാസം ലഭിക്കും.അസുഖം ബാധിച്ച സന്ധികള്‍ പൂര്‍ണമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാതെ വരുന്നതും സന്ധിതേയ്മാനം സംഭവിച്ചവരില്‍ സാധാരണയായി കണ്ടുവരുന്നുണ്ട്.
കാല്‍മുട്ടിന് അസുഖം ബാധിച്ചെങ്കില്‍ മുട്ടുമടക്കുന്നതിനോ നിവര്‍ക്കുന്നതിനോ, വേഗം നടക്കുവാനോ, കുത്തിയിരിക്കുവാനോ കഴിയാതെ വരും. കഴുത്തിന്റെ കശേരുക്കളെ ബാധിച്ചിട്ടുണ്ടെങ്കില്‍ കഴുത്തു പൂര്‍ണമായും തിരിക്കുന്നതിനോ മുകളിലേക്കും താഴോട്ടും നോക്കുന്നതിനോ കഴിയാതെ വരും. ഇത്തരം ബുദ്ധമുട്ടുകള്‍ 2 ആഴ്ചകളില്‍ അധികം തുടര്‍ന്നുനിന്നാല്‍ ഡോക്ടറെ കാണണം.