പഴമയോട് ഒരു പ്രത്യേക താല്‍പര്യമാണ് ഇന്നത്തെ തലമുറയ്ക്ക്. ഒരുപക്ഷേ എല്ലാം അന്യം നിന്ന് പോവുന്നത് കൊണ്ടാവാം. അതുകൊണ്ട് തന്നെ പഴമയ്ക്ക് മുന്‍ഗണന നല്‍കി വരുന്ന ഏതൊരു വ്യവസായവും വളരെ പെട്ടെന്ന് തന്നെ വളര്‍ന്ന് പന്തലിക്കാറുമുണ്ട്. അത്തരത്തില്‍ ഒന്നാണ് എറണാകുളം ദേശാഭിമാനി പോണോത്ത് റോഡിലുള്ള തവി എന്ന റസ്റ്റോറന്റ്. റസ്റ്റോറന്റിലെ ആംബിയന്‍സും ഭക്ഷണവുമെല്ലാം പഴമയെ തിരികെ കൊണ്ടുവരുന്നതാണ്. മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായ ജസീന കടവിലിന്റെ ഉമസ്ഥതയില്‍ ഉള്ളതാണ് തവി.. ജസീനയുടെ തന്നെ മേയ്ക്കപ്പ് സ്റ്റുഡിയോയുടെ തൊട്ട് അടുത്തായി ഒരു കട കിട്ടിയപ്പോള്‍ ചെറിയ ഒരു ചായക്കട എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ജസീന തീരുമാനിച്ചു അങ്ങനെയാണ് തവിയുടെ പിറവി..
പണ്ട് ഉണ്ടായിരുന്ന ചായക്കടകളെ അനുസ്മരിപ്പിക്കും വിധം ബഞ്ചും ഡസ്‌ക്കുമെല്ലാമാണ് ഇവിടെ വരുന്നവര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ മുള ഉപയോഗിച്ചുള്ള മറ്റ് വര്‍ക്കുകളും. കടയുടെ പല ഭാഗങ്ങളിലായി തൂക്കിയിരിക്കുന്ന റാന്തല്‍ വിളക്കുകള്‍ കടയുടെ മാറ്റ് കൂട്ടുന്നു. കടയുടെ ഇന്റീരിയര്‍ വര്‍ക്കുകളേക്കാള്‍ എടുത്ത് പറയേണ്ടത് അവിടത്തെ ഭക്ഷണത്തെക്കുറിച്ചാണ്. കഞ്ഞിയാണ് തവിയിലെ പ്രധാന ആകര്‍ഷണം. അതും സാധാരണ കഞ്ഞിയല്ല പല വിധത്തിലുള്ള കഞ്ഞികള്‍. മോഹകഞ്ഞി, ഗോതമ്പ് കഞ്ഞി, തൈര് കഞ്ഞി, പയറ് കഞ്ഞി, ചീര കഞ്ഞി, ജീരക കഞ്ഞി. അങ്ങനെ നിരവധി വ്യത്യസ്ത തരം കഞ്ഞിയാണ് ഇവിടെയുള്ളത്. അതില്‍ തന്നെ മോഹകഞ്ഞിയാണ് തവി സ്‌പെഷ്യല്‍ കഞ്ഞി. മോഹകഞ്ഞിയ്ക്ക് തന്നെയാണ് ആവശ്യക്കാര്‍ ഏറെയും.
വലിയ സ്‌പേസ് ഇല്ലാത്ത ചെറിയൊരു കടയാണെങ്കിലും പഴമ നിലനിര്‍ത്തിയുള്ള ഇന്റീരിയര്‍ വര്‍ക്കുകളും ആളുകളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു. മാത്രമല്ല തവിയിലെ കഞ്ഞിയ്‌ക്കൊപ്പം സൈഡ് വരുന്ന കറികളാണ് തവി കഞ്ഞിക്കടയെ മറ്റു കടകളില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നത്. സാധാരണ എല്ലാ കടകളിലും കടല, പയര്‍, ഗ്രീന്‍പീസ് എന്നിവയാണ് കാണുന്നത്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് തവിയില്‍ കൊടുക്കുന്നത്. പച്ച കായയുടെ തൊലികൊണ്ടുള്ള തോരന്‍, വാഴപ്പിണ്ടി, വാഴക്കൂമ്പ്, തുടങ്ങിയവയാണ് ഇവിടെ കൊടുക്കുന്നത്. കൂടെ ചമ്മന്തിയും പപ്പടവും ഉണ്ടാവും. ഇതിനെല്ലാം പുറമേ മീന്‍ പൊരിച്ചതും തവിയുടെ ഹൈലൈറ്റ് ഡിഷാണ്.