ഡയറ്റില്‍ കഴിയുന്നവര്‍ക്കും ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നവര്‍ക്കും പതിവായി തിരഞ്ഞെടുക്കുന്ന വിഭവമാണ് സാലഡ്. ചിലര്‍ രുചിക്ക് വേണ്ടി തന്നെ ആസ്വദിച്ച് കഴിക്കുമ്പോള്‍, പലര്‍ക്കും അത് ആരോഗ്യസംരക്ഷണത്തിനായുള്ള ഒരു നിര്‍ബന്ധമാണ്. എങ്കിലും, പ്രതിദിനം ഒരു ബൗള്‍ സാലഡ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിനും ആരോഗ്യത്തിനും വളരെ ഗുണകരമാണ്. ഇത് മെറ്റബോളിസം ശരിയാക്കുകയും ദഹനശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, ഭാരം കുറയ്ക്കാനും, രക്തത്തിലെ പഞ്ചസാരയും കൊളസ്‌ട്രോളും നിയന്ത്രിക്കാനും സാലഡ് സഹായകമാണ്.
ഇന്ന് സാധാരണ കുക്കുമ്പര്‍–തക്കാളി–സവാള മിക്‌സിനെ മറന്ന്, രുചികരവും ഹെല്‍ത്തിയുമായ ഒരു ഗ്രീന്‍ ആപ്പിള്‍–പേരയ്ക്ക–ക്യാരറ്റ് സാലഡ് പരിചയപ്പെടാം.
ഗ്രീന്‍ ആപ്പിള്‍
പേരയ്ക്ക
ക്യാരറ്റ്
ചില്ലിഫ്‌ലേക്‌സ്
ആപ്പിള്‍ സിഡര്‍ വിനെഗര്‍
ഉപ്പ് (ഒരു നുള്ള്)
ക്യാരറ്റ് ഗ്രേറ്റ് ചെയ്യുക. ഗ്രീന്‍ ആപ്പിളും പേരക്കയും ചെറുതായി ക്യൂബുകളാക്കി അരിയുക. ഇവയെല്ലാം ഒരു ബൗളില്‍ ചേര്‍ത്ത് അര സ്പൂണ്‍ ചില്ലിഫ്‌ലേക്‌സ്, ഒരു സ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനെഗര്‍, ചെറിയ ഉപ്പു ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.
ആപ്പിളിന്റെയും പേരക്കയുടെയും ചെറിയ മധുരവും പുളിപ്പും, ക്യാരറ്റിന്റെ പ്രത്യേക രുചിയും, ചില്ലിഫ്‌ലേക്‌സിന്റെ ചെറുതായുള്ള എരിവും ഒരുമിച്ച് കലര്‍ന്നപ്പോള്‍ സാധാരണ സാലഡിനെക്കാള്‍ പുതുമ നിറഞ്ഞ രുചി ലഭിക്കും.
ഗ്രീന്‍ ആപ്പിളും പേരയ്ക്കയും ഫൈബറിലും ആന്റിഓക്‌സിഡന്റുകളിലും സമ്പന്നമാണ്.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയതിനാല്‍ പ്രമേഹരോഗികള്‍ക്കും സുരക്ഷിതമായി കഴിക്കാം.
ചര്‍മ്മത്തിന്റെ ആരോഗ്യവും ടോണും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
നോണ്‍വെജ് ഇഷ്ടപ്പെടുന്നവര്‍ക്ക് വേവിച്ച ചിക്കന്‍ അല്ലെങ്കില്‍ പൊടിച്ച മുട്ട ചേര്‍ത്തു കഴിക്കാം.
കൂടുതല്‍ പ്രോട്ടീന്‍ വേണമെങ്കില്‍ ചെറുപയര്‍ പോലുള്ള മുളപ്പിച്ച ധാന്യങ്ങള്‍ കൂടി ചേര്‍ക്കാം.