നാടൻ മത്തി ഫ്രൈ
ആവശ്യമുള്ള സാധനങ്ങള്‍:
1. വെട്ടിക്കഴുകി അടുപ്പിച്ച് വരഞ്ഞ മത്തി 10 എണ്ണം
2. വെളുത്തുള്ളി അല്ലി 10 എണ്ണം
3. ചുവന്നുള്ളി 10 എണ്ണം
4. പച്ച കുരുമുളക് 20 എണ്ണം
5. കറിവേപ്പിലഒരു പിടി
6. തക്കാളി ദശകാല്‍ കപ്പ്
7. ഉപ്പ് ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം:
രണ്ടു മുതല്‍ ഏഴു വരെയുള്ള ചേരുവകള്‍ മയത്തിലരച്ച് മത്തിയില്‍ നന്നായി പുരട്ടി 10 മിനുട്ട് വെച്ചശേഷം വാഴയിലയില്‍ നിരത്തി പരന്ന ഒരു ചട്ടിയില്‍ വെച്ച് ഇരുവശവും മൊരിച്ചെടുക്കുക. മൈക്രോവേവ് ഓവന്‍ ഉണ്ടെങ്കില്‍ ബേക്ക് ചെയ്‌തെടുത്താലും നന്നായിരിക്കും
ആരോഗ്യത്തിന് മത്തി
കടലിന്റെ ഏറ്റവും പ്രധാന സംഭാവന മത്തിയാണ്. സാധാരണ ജനങ്ങളുടെ ആരോഗ്യത്തിന് ഈ മത്സ്യത്തിന്റെ വിവിധ കൂട്ടുകള്‍ എന്നും ഉറച്ച കവചമാണ്. ഹൃദയ സംരക്ഷണത്തില്‍ മുഖ്യപങ്കുവഹിക്കുന്ന ഒമേഗ 3 ഫാറ്റിആസിഡ് മത്തിയില്‍ 54.4 ശതമാനമുണ്ട്. അല്‍ഷിമേഴ്സിനും ഇത് നല്ലൊരു പ്രതിരോധമാണ്. ഈ മീനിന്റെ ഓമനപ്പേര് തന്നെ 'ബ്രയിന്‍ ഫുഡ്' എന്നാണ്. സാര്‍ഡീന ദ്വീപിനടുത്ത് കണ്ടെത്തിയതിനാല്‍ സാര്‍ഡിന്‍ എന്ന് അറിയപ്പെടുന്നു. നമ്മുടെ നാട്ടിലെ ചാളയും ഇതുതന്നെ. മത്തിയും കപ്പയും, മത്തി വറുത്തത്, വറ്റിച്ചത്, അങ്ങനെ ഇതിന്റെ ആസ്വാദ്യതകള്‍ നിരവധിയുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ജോലിയും മത്തിയിലെ ഒമേഗ 3 വഹിക്കുന്നു. ആര്‍ത്തവം തുടങ്ങിയ സ്ത്രീകള്‍ ഈ മത്സ്യം കൂടുതല്‍ കഴിക്കണം. അമിത രക്തസ്രാവം കൊണ്ടുള്ള വിളര്‍ച്ച ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും കിഡ്നി ക്യാന്‍സറിനെ ചെറുക്കുന്നതിനും മത്തി സവിശേഷമാണ്. വിറ്റാമിന്‍ ബി 12 ഉം, കാല്‍സ്യവും ഇതില്‍ ആവശ്യത്തിനുണ്ട്. പ്രോട്ടീന്‍ ഫോസ്ഫറസ്, വിറ്റാമിന്‍ ബി - 3 എന്നിവയും ധാരാളം. തീരദേശത്തെ എന്നും വറുതിയില്‍ നിന്ന് രക്ഷിക്കുന്നത് ചാളയാണ്. ഇതിന്റെ സമൃദ്ധിയും പോഷകവുമാണ് കടലിനോട് മല്ലടിക്കാന്‍ അവരെ പ്രാപ്തരാക്കുന്നത്.