ഏവർക്കും പ്രിയപ്പെട്ട വിഭവമാണ് മീൻ കറി. വളരെ രുചികരമായ രീതിയിൽ എങ്ങനെ ആവോലി മീൻ കറി തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യസാധനങ്ങൾ
ആവോലി 2 എണ്ണം
(തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി വൃത്തിയാക്കി എടുത്തത്)
മുളക് പൊടി – 1.5 സ്പൂൺ
മല്ലിപ്പൊടി – 1.5 സ്പൂൺ
മീൻ മസാല – 2 സ്പൂൺ
മഞ്ഞൾപൊടി അര സ്പൂൺ
ചിരകിയ തേങ്ങ അരമുറിയുടെ പകുതി
ചെറിയ ഉള്ളി (5-6എണ്ണം)
ഉലുവ – ചെറിയ സ്പൂൺ
വാളൻ പുളി പിഴിഞ്ഞത് അവശ്യത്തിന്
തക്കാളി – സ്ലൈസ് ആക്കിയത് ചെറുത് – 1
പച്ച മുളക് 3-4 എണ്ണം (നെടുകെ കീറിയത്)
മുരിങ്ങക്കായ – 1 (ചെറിയ പീസുകളായി മുറിച്ച് നെടുകെ കീറണം)
ഉപ്പ് അവശ്യത്തിന്
കറിവെപ്പില ഒരല്ലി
തയ്യാറാക്കുന്ന വിധം
ചെറു തീയിൽ ഒരു ഫ്രൈപാനിൽ മുളക് പൊടി, മല്ലിപ്പൊടി, മീൻ മസാല, മഞ്ഞൾപൊടി അൽപം ഉലുവ എന്നിവ ചൂടാക്കുക. ഒന്ന് ചൂടായതിന് ശേഷം തീ ഓഫാക്കാതെ തേങ്ങ അതിലേക്ക് മിക്സ് ചെയ്ത് വീണ്ടും അൽപം ചൂടാക്കുക.
ശേഷം ചെറിയ ഉള്ളി, 2-3 ഇതൾ കറി വെപ്പില എന്നിവ കൂടി ചേർത്ത് ഒന്നിളക്കി ചൂടാക്കണം. ഇത് മിക്സിയിൽ അരക്കാൻ പാകത്തിൽ തണുത്ത് കഴിഞാൽ ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ച് മാറ്റി വെക്കണം.
കറി വെക്കാനുള്ള പാത്രം (മൺ ചട്ടി ആയാൽ നന്ന്) ചെറു തീയിൽ ചൂടാക്കി ഒരു സ്പൂൺ എണ്ണ ഒഴിച്ച് കുറച്ച് ഉലുവ അതിൽ മൂപ്പിക്കുക. ശേഷം അരിഞ് വെച്ചിരിക്കുന്ന തക്കാളി, പച്ചമുളക് എന്നിവ ചേർത്ത് അൽപം വഴറ്റി അതിലേക്ക് മിക്സിയിൽ അരച്ച് വെച്ചിരിക്കുന്ന അരപ്പ് ഒഴിക്കുക. ശേഷം പുളി പിഴിഞ്ഞതും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് മുരിങ്ങക്കായും ഇട്ട് കറി തിളപിക്കണം. തിളച്ചാൽ അതിലേക്ക് വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ ഇട്ട് 5-8 മിനിറ്റ് വെവിക്കണം. (കറി തിളച്ച് തൂവി പോകാതിരിക്കാൻ ചെറിയ തീയിൽ വെക്കുന്നതാണ് നല്ലത്)
വെന്ത് കഴിഞ്ഞാൽ കറിയിലേക്ക് കറി വേപ്പില ഇട്ട് ഓഫാക്കി 2-3 മിനിറ്റ് അടച്ച് വെച്ചിട്ട് ഉപയോഗിക്കാം.