രാജ്യാത്താകമാനം മീ ടൂ ക്യാമ്പെയിന്‍ ശക്തപ്പെട്ടു വരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാടുമായി നടനും തമിഴ്‌നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ വിശാല്‍ രംഗത്തെത്തി. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കമ്പോള്‍ ഉടനടി പ്രതികരിക്കണമെന്ന് വിശാല്‍ വ്യക്തമാക്കി. മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ഡബ്ല്യൂ. സി.സി രംഗത്തെത്തിയിട്ടും സംഘടന മൗനം തുടരുന്ന സാഹചര്യത്തില്‍ മീ ടൂ ക്യാമ്പെയിന് ശക്തമായ നിലപാട് പ്രഖ്യാപിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തന്റെ പുതിയ ചിത്രമായ സണ്ടക്കോഴി2 വിന്റെ പ്രചരാണര്‍ഥം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു വിശാലിന്റെ പ്രതികരണം.
തുറന്നുപറച്ചില്‍ നടത്തുന്ന ഓരോ സ്ത്രീകള്‍ക്കും ഒപ്പമാണ് തങ്ങളെന്നും ഓരോരുത്തരുടേയും സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.ഞങ്ങളുടെ സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ക്കൊരു പ്രശ്‌നം വന്നാല്‍ കൂടെയുണ്ടാകുമെന്ന് ഉറപ്പുവരുത്താനും ജൂനിയര്‍സീനിയര്‍ വ്യത്യാസമില്ലാതെ സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും സുരക്ഷനല്‍കാനുമുള്ള വേദിയാകും ഈ കമ്മിറ്റി എന്നും വിശാല്‍ പറഞ്ഞു.
തമിഴ് സിനിമാ മേഖലയിലെ പ്രശസ്ത ഗാനരചയിതാവും കവിയുമായ വൈരമുത്തുവിനെതിരെ ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ഉള്‍പ്പെടെ നിരധി സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. വൈരമുത്തുവില്‍ നിന്നും രണ്ടുതവണ മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ചിന്മയി വെളിപ്പെടുത്തി അതിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുമെന്നും നടന്‍ വ്യക്തമാക്കി. മീടുവിനെ പിന്തുണച്ച് തമിഴകത്ത് നിന്നു കമല്‍ഹാസന്‍, കനിമൊഴി തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.
നടി അമല പോളിനുണ്ടായ അനുഭവം വിവരിച്ചായിരുന്നു വിശാല്‍ നിലപാട് വ്യക്തമാക്കിയത്. ''ഒരു നൃത്തപരിശീലനത്തിനിടെ തനിക്ക് മോശം അനുഭവം ഉണ്ടായപ്പോള്‍ അമല അപ്പോള്‍ തന്നെ ഞങ്ങളെ അറിയിച്ചു. ഇക്കാര്യത്തില്‍ പൊലീസ് കേസെടുക്കണം എന്നാവശ്യപ്പെട്ട് ഞാനും കാര്‍ത്തിയും ഉടന്‍ അമലയുടെ സഹായത്തിനെത്തി. ആ സംഭവത്തില്‍ പൊലീസ് ഉടന്‍ നടപടി എടുക്കുകയും ചെയ്തു.
എന്റെ കൂടെ അഭിനയിക്കുന്ന എല്ലാ സ്ത്രീകളുടെയും സുരക്ഷ ഉറപ്പു വരുത്തും. നമ്മുടെ സ്ത്രീകള്‍ സംസാരിക്കുകയാണ്, ഞാന്‍ അവര്‍ക്കൊപ്പമാണ്. തനുശ്രീ ദത്ത, ചിന്‍മയി എന്നിവരെ ബഹുമാനിക്കുന്നു. മോശം സംഭവങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ ഞങ്ങളെ വിവരമറിയിക്കണം'', വിശാല്‍ വ്യക്തമാക്കി.