നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി വിധിക്കെതിരെ അതിജീവിത രംഗത്തുവന്നതിന് പിന്നാലെ കൂടുതല്‍ പേര്‍ പിന്തുണയുമായി രംഗത്ത്. വുമണ്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ല്യുസിസി) നടിക്ക് പിന്തുണ അറിയിച്ചു പോസ്റ്റിട്ടു. ഈ വിധി കടുത്ത നിരാശയാണെന്നും എട്ടരവര്‍ഷം നീണ്ട ഈ പോരാട്ടത്തില്‍ അത് തങ്ങളുടെ സഹപ്രവത്തകയ്ക്ക് മുന്നില്‍ ബാക്കി വച്ചത് നീതിയല്ല, കരുതലല്ല എന്നും ഡബ്ല്യുസിസി പ്രതികരിച്ചു. 'പെണ്‍ കേരളത്തിന് അത് നല്‍കുന്ന സാമൂഹ്യപാഠം, ഇനി പരാതിയുമായി മുന്നോട്ട് വരരുത് എന്ന അത്യന്തം നിരാശാജനമായ വിലക്കാണ്. വിധി സൂക്ഷ്മമായി പഠിച്ച് തുടര്‍ നടപടികളുമായി ഞങ്ങള്‍ ശക്തമായി മുന്നോട്ടു വരും. പോരാട്ടം തുടരും.' ഡബ്ല്യുസിസി കൂട്ടിച്ചേര്‍ത്തു.
കുറ്റം ചെയ്തവര്‍ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവര്‍ അത് ആരായാലും അവര്‍ പുറത്ത് പകല്‍ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണെന്നും മഞ്ജു വാര്യര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
മഞ്ജു വാര്യരുടെ പ്രസ്താവന
ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാന്‍ ആകില്ല. കാരണം കുറ്റം ചെയ്തവര്‍ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവര്‍ അത് ആരായാലും അവര്‍ പുറത്ത് പകല്‍ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണ്. അവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണമാകുകയുള്ളൂ.
പൊലീസിലും നിയമസംവിധാനത്തിലും ഞാനുള്‍പ്പെടെയുള്ള സമൂഹത്തിന് വിശ്വാസം ദൃഢമാകാന്‍ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവള്‍ക്ക് വേണ്ടി മാത്രമല്ല, ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യര്‍ക്കും കൂടി വേണ്ടിയാണ്.
അവര്‍ക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയര്‍ത്തി പിടിച്ച് ഭയപ്പാടില്ലാതെ നടക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ. അന്നും ഇന്നും എന്നും അവള്‍ക്കൊപ്പം. - എന്നാണ് മഞ്ജു വാര്യര്‍ പ്രസ്താവനയില്‍ കുറിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയുമായി ബന്ധപ്പെട്ട് അതിജീവിത പങ്കുവെച്ച പോസ്റ്റിന് പിന്തുണയുമായി വനിതാ ചലച്ചിത്ര പ്രവര്‍ത്തകരും രംഗത്തെത്തി നടി പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, അഹാന കൃഷ്ണ, ഷഫ്‌ന, ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി, പ്രൊഡ്യൂസര്‍ സുപ്രിയ മേനോന്‍, സയനോര ഫിലിപ്പ്, ലീലാ സന്തോഷ്, തുടങ്ങിയവര്‍ അതിജീവിതയുടെ പോസ്റ്റുകള്‍ റീഷെയര്‍ ചെയ്തു. അതിജീവിതയുടെ പ്രതികരണം പങ്കുവെച്ച് നടന്‍ പൃഥ്വിരാജ് സുകുമാരനും രംഗത്തുവന്നു.
തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് അതിജീവിതയുടെ കുറിപ്പ് പൃഥ്വിരാജ് പങ്കുവെച്ചത്
അതിജീവിതയ്ക്കായി ആദ്യം മുതല്‍ നിലയുറപ്പിച്ചിരുന്ന താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. അമ്മ സംഘടനയ്ക്ക് അകത്തും പുറത്തും അതിജീവിതയ്ക്കായി ശബ്ദം ഉയര്‍ത്തിയ ആളാണ് പൃഥ്വി. കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാട് അമ്മയെന്ന സംഘടന സ്വീകരിച്ചപ്പോള്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് നിലപാട് സംഘടനയ്ക്ക് ഉള്ളില്‍ ഉയര്‍ത്തിയവരിലൊരാളാണ് പൃഥ്വിരാജ്.